Sorry, you need to enable JavaScript to visit this website.

വിശദീകരണവുമായി ആർച്ച് ബിഷപ്പ്; ബി.ജെ.പിയെ അനുകൂലിച്ചിട്ടില്ല, സഭയുടെ തീരുമാനം അല്ലെന്നും മാർ ജോസഫ് പാംപ്ലാനി

തലശ്ശേരി (കണ്ണൂർ) - ബി.ജെ.പിയെ സഹായിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിറോ മലബാർ സഭ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. കർഷക റാലിയിലെ തന്റെ പ്രസംഗം ചർച്ചയായ സാഹചര്യത്തിലാണ് വിശദീകരണം.
 റബർ കർഷകരുടെ വികാരമാണ് താൻ പങ്കുവെച്ചത്. ബി.ജെ.പിയെ സഹായിക്കുമെന്ന് പറഞ്ഞിട്ടില്ല. തങ്ങളെ കേന്ദ്രം സഹായിച്ചാലും സംസ്ഥാനം സഹായിച്ചാലും അവർക്കൊപ്പം നിൽക്കും. തന്റെ വാക്കുകളെ കത്തോലിക്കാ സഭയുടെ നിലപാടായി കാണേണ്ടതില്ല. ഇടതു മുന്നണിയുമായി ഏറ്റുമുട്ടലിനില്ല. ഒരു പാർട്ടിയെയോ മതത്തെയോ സഹായിക്കണമെന്ന നിലപാടില്ലെന്നും ബിജെ.പി സഹായിച്ചാൽ തിരിച്ച് സഹായിക്കുമെന്നത് സഭയുടെ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. 
 അതേസമയം, റബറിന്റെ പേരിൽ കർഷകർ രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും ആർച്ച് ബിഷപ് പ്രഖ്യാപിച്ചു. ബി.ജെ.പിയോട് കർഷകർക്ക് അയിത്തമില്ലെന്നും റബ്ബറിന്റെ വില 300 ആക്കിയാലേ കർഷകന് ജീവിക്കാനാവൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കർഷക റാലിയിൽ ആർച്ച് ബിഷപ് നടത്തിയ ചർച്ചയായ പ്രസംഗം ഇങ്ങനെ...

കേരളത്തിൽനിന്ന് ബി.ജെ.പിക്ക് എം.പി വേണോ? ഉപാധിയുമായി തലശ്ശേരി ആർച്ച് ബിഷപ്
തലശ്ശേരി (കണ്ണൂർ) -
കേരളത്തിൽനിന്ന് ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം പരിഹരിക്കാൻ ഉപാധിയുമായി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. റബറിന്റെ വില കേന്ദ്ര സർക്കാർ 300 രൂപയായി പ്രഖ്യാപിച്ചാൽ കുടിയേറ്റ ജനത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കർഷക റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
  ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകസമൂഹം തിരിച്ചറിയണമെന്നും കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു. 


 

Latest News