ജിദ്ദ-സൗദി അറേബ്യയിലെത്തുന്ന പുതിയ പ്രവാസികളില്‍ ഒറ്റപ്പെടലും നിരാശയും വര്‍ധിക്കുകയാണെന്നും പെട്ടെന്ന് തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള വ്യഗ്രത കൂടുകയാണെന്നും സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പല കാരണങ്ങളാല്‍ പത്തും പതിനഞ്ചും വര്‍ഷം കഴിഞ്ഞിട്ടും നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ പ്രയാസപ്പെടുമ്പോഴാണ് പുതിയ വിസയിലെത്തിയവര്‍ ആറു മാസം പോലും തികയാതെ പോലും നാട്ടിലേക്ക് തിരിച്ചുപോകുന്നത്. ഒന്നും രണ്ടും വര്‍ഷത്തെ എഗ്രിമെന്റിലെത്തുന്നവര്‍ ജോലി തുടങ്ങുംമുമ്പ് തന്നെ മടങ്ങാന്‍ വാശി പിടിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പ്രവാസി സംഘടനകള്‍ പറയുന്നു.
ലെവിയടക്കം വിസക്ക് വലിയ ചെലവുള്ളതിനാല്‍ റിക്രൂട്ട് ചെയ്ത കമ്പനികളും സ്‌പോണ്‍സര്‍മാരും തൊഴിലാളികളെ പെട്ടെന്ന് കരാര്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ല. പല തവണ ചര്‍ച്ച നടത്തിയാല്‍ മാത്രമാണ് വിസക്ക് ചെലവായ തിരികെ നല്‍കുകയെന്ന ഉപാധിയില്‍ സ്‌പോണ്‍സര്‍മാര്‍ തൊഴിലാളികളെ മടങ്ങിപ്പോകാന്‍ അനുവദിക്കുന്നത്.
പുതിയ വിസയിലെത്തിയ ശേഷം ജോലിയില്‍ തുടരാനുള്ള വിമുഖത കാണിക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് സഹായം തേടി ബന്ധുക്കള്‍ വഴി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തേയും എംബസിയേയും രാഷ്ട്രീയ പാര്‍ട്ടികളേയുമാണ് സമീപിക്കുന്നത്. നാട്ടിലെ പാര്‍ട്ടികളുടെ ആവശ്യപ്രകാരമാണ് പലപ്പോഴും പ്രവാസി സംഘടനകള്‍ ഇത്തരക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുക്കുന്നത്. സ്‌പോണ്‍സര്‍ക്ക് നല്‍കാനുള്ള തുകയും എയര്‍ ടിക്കറ്റുമൊക്കെ ഇങ്ങനെ സഹായിക്കുന്നവര്‍ തന്നെ കണ്ടെത്തുകയും വേണം.
ഒറ്റപ്പെട്ടുവെന്ന തോന്നലില്‍ നാടണയാന്‍ മോഹിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഒ.ഐ.സി.സി തുണച്ചാണ് ഈയിടെ നാട്ടിലെത്തിച്ചത്. പ്രവാസ ജീവിതം തുടങ്ങി എട്ട് മാസം മാത്രമായപ്പോഴാണ് മടങ്ങിപ്പോകണമെന്ന ചിന്ത യുവാവിനെ പിടികൂടിയതെന്ന് ഒ.ഐ.സി.സി നേതാക്കള്‍ പറയുന്നു. സഹ ജോലിക്കാരെല്ലാം അന്യഭാഷക്കാരായതിനാലാണ് യുവാവ് ഒറ്റപ്പെട്ടതെന്നും മാനസികമായി തളര്‍ന്നതെന്നും പറയുന്നു. മുന്‍പ്രവാസി കൂടിയായ പിതാവ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി ബന്ധപ്പെട്ടാണ് മകനെ നാട്ടിലെത്തിക്കാനുള്ള സഹായം തേടിയത്. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ സജീവമായ പല സംഘടനകളും ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
ജോലിയോടും പ്രവാസത്തോടുമുള്ള വിമുഖത കാരണം ആത്മഹത്യയില്‍ അഭയം തേടുന്ന സംഭവങ്ങളും സൗദിയില്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഖതീഫിലും ജിദ്ദയിലുമായി രണ്ടു പേരാണ് ജീവനൊടുക്കിയത്. വേറെയും കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും ഖതീഫില്‍ ജോലി ചെയ്തിരുന്ന യുവാവ് ജോലിയോട് വിമുഖത കാണിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
പഴയതു പോലെ നാട്ടാകാരുടെ പിന്തുണയും കൂട്ടായ്മയും ലഭിക്കാത്തതാണ് പുതിയ പ്രവാസികളെ പ്രതിസന്ധിയിലേക്കും നിരാശയിലേക്കും തള്ളിവിടുന്നതെന്ന് ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ഫിറോസ് അഭിപ്രായപ്പെട്ടു. കൂടുതല്‍ പേരുള്ള ബാച്ചിലേഴ്‌സ് ഫ് ളാറ്റുകളില്‍ പോലും ആളുകള്‍ അവരവരുടെ ലോകത്തേക്ക് ചുരുങ്ങയിത് പ്രധാന കാരണമാണ്. നേരത്തെ ഇവിടെയുള്ളവരുടേയും വരുന്നവരുടേയും ജീവിത ശൈലി പാടേ മാറിയിരിക്കുന്നു. മടുപ്പിലേക്കും നിരാശയിലേക്കും വഴുതുന്നവരെ ചേര്‍ത്തുപിടിക്കാനുള്ള മനസ്സ് കാണിച്ചാല്‍ മാത്രമേ ആത്മഹത്യലേക്കു നീങ്ങുന്നവരെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഹായം വാഗ്ദാനം ചെയ്ത് നടത്തിയ അദാലത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പങ്കുവെച്ച കഥകള്‍ ഏറെ സങ്കടകരമായിരുന്നുവെന്ന് പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (പ്ലീസ് ഇന്ത്യ) ചെയര്‍മാന്‍ ലത്തിഫ് തെച്ചി പറഞ്ഞു. മൂന്നും ആറും മാസം ശ്രമിച്ചിട്ടും ജോലി കിട്ടാതെ എന്‍ജിനീയര്‍മാരടക്കമുള്ളവര്‍ പ്രയാസപ്പെടുകയാണെന്നും തൊഴില്‍ സാഹചര്യം പാടേ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തെ ഇഖാമ ഏര്‍പ്പെടുത്തിയത് തൊഴിലുടമകള്‍ക്ക് സൗകര്യമാണെങ്കിലും തൊഴിലാളികള്‍ക്ക് വലിയ അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്. പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നാട് കാണാന്‍ കഴിയാത്തവര്‍ക്കിടിയിലാണ് പുതുതായി എത്തുന്ന ചെറുപ്പക്കാര്‍ ഒട്ടും ക്ഷമ കാണിക്കാത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വദേശിവല്‍ക്കരണത്തിനിടിയില്‍ ലഭിച്ച ജോലിയില്‍ അവസാനംവരെ പിടിച്ചുനില്‍ക്കാനുള്ള മനസ്സ് പുതുതായി പ്രവാസം തെരഞ്ഞെടുക്കുന്നവര്‍ കാണിക്കണമെന്നാണ് പ്രവാസി സംഘടനകള്‍ക്ക് പൊതുവെ നിര്‍ദേശിക്കാനുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)