Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

ഉര്‍വശി കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമയിലേക്കെത്തുന്നു

കൊച്ചി- ജെ. ആന്‍ഡ് എ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സ്റ്റീഫന്‍ എം ജോസഫ് തിരക്കഥയും സംവിധാനവും ചെയ്യുന്ന തമിഴ് ചിത്രം 'യോസി'യിലൂടെ  പ്രശസ്ത നടി ഉര്‍വശിയുടെ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമാ ലോകത്തെത്തുന്നു. ഉര്‍വശിയുടെ അമ്മാവന്റെ മകന്റെ മകനാണ് പുതുമുഖ നായകന്‍ അഭയ് ശങ്കര്‍. യോസി മാര്‍ച്ച് 31ന് റിലീസ് ചെയ്യും. 

ജെ. ആന്‍ഡ് എ പ്രൈം പ്രൊഡക്ഷന്‍സ്-ഉം എ. വി. ഐ മൂവി മേക്കര്‍സ് എന്ന ബാനറും കൂടി ചേര്‍ന്നാണ് യോസി പ്രേക്ഷകര്‍ക്ക് മുന്നിലത്തുന്നത്. 72 ഫിലിം കമ്പനി ആണ് ഈ ചിത്രത്തിന്റെ വൈഡ് റിലീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഇടുക്കി, നാഗര്‍കോവില്‍, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം ഉര്‍വശിയും കലാരഞ്ജിനിയും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

നീറ്റ് മെഡിക്കല്‍ പരീക്ഷയെ ഭയന്നും വീട്ടുകാരുടെ മാനസിക സമ്മര്‍ദ്ദത്തിലും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥി കൊടുങ്കാട്ടിലെത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. 

മുംബൈയില്‍ കായിക താരവും നിരവധി കമേഴ്‌സ്യല്‍ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുള്ള മലയാളി രേവതി വെങ്കട്ട്  ആണ് ഈ ചിത്രത്തിലെ നായിക. ഇവരെ കൂടാതെ അര്‍ച്ചന ഗൗതം, സാം ജീവന്‍, അച്ചു മാളവിക, ശരവണന്‍, മയൂരന്‍, കൃഷ്ണ, ബാര്‍ഗവ് സൂര്യ എന്നിവരും ഈ സിനിമയില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 

പെരിയസാമിയും ആനന്ദ് കൃഷ്ണയും ആണ് സെക്കന്റ് യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജയ് ആണ് ചിത്രത്തിന്റെ കൊറിയോഗ്രാഫര്‍. ആകെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നാല് സംഗീതസംവിധായകരായ കെ. കുമാര്‍, റോബിന്‍ രാജശേഖര്‍, വി. അരുണ്‍, എ. എസ്. വിജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പി. ആര്‍. ഒ: എം. കെ. ഷെജിന്‍.

Latest News