Sorry, you need to enable JavaScript to visit this website.

മാനസിക നില തെറ്റിയ തമിഴ്‌നാട് സ്വദേശിയെ സാമൂഹിക പ്രവർത്തകൻ നാട്ടിലേക്ക് കൊണ്ടുപോയി

റിയാദ് -മാനസിക നില തെറ്റി അവശനായി റിയാദിൽ അലഞ്ഞുനടന്ന തമിഴ്‌നാട് സ്വദേശിക്ക് കെ.എം.സി.സി ജീവകാരുണ്യപ്രവർത്തകരുടെ സ്‌നേഹസ്പർശം. അൽഈമാൻ ആശുപത്രിക്ക് മുന്നിലെ പെട്രോൾ പമ്പിൽ തലക്ക് മുറിവേറ്റ് അവശനായി കഴിഞ്ഞിരുന്ന തമിഴ്‌നാട് നാഗപ്പട്ടണം സ്വദേശിയാണ് ജീവകാരുണ്യപ്രവർത്തകരുടെ സമയോചിത ഇടപെടലിൽ ആവശ്യമായ സ്‌നേഹപരിചരണങ്ങൾ ലഭിച്ചതും നാട്ടിലേക്ക് വിദഗ്ധ ചികിത്സക്ക് പോകാനായതും.
കഴിഞ്ഞ ഡിസംബറിലാണ് സ്വകാര്യ കമ്പനിയിലേക്ക് ജോലിക്കായി തമിഴ്‌നാട് സ്വദേശി എത്തിയത്. അതിനിടയിലാണ് മാനസിക നില തെറ്റിയതും കമ്പനിയിൽ നിന്ന് ഇറങ്ങിപ്പോയതും. അക്രമാസക്തനായി പല ഭാഗങ്ങളിൽ കറങ്ങി നടന്ന് ഒടുവിലാണ് ഹറാജിലെ അൽഈമാൻ ആശുപത്രിക്ക് മുന്നിലെ പെട്രോൾ പമ്പിന് മുന്നിലെത്തിയത്. തമിഴ്‌നാട് കൂട്ടായ്മയുടെ പ്രവർത്തകനായ സാദിഖും സഹപ്രവർത്തകരും ഇയാളെ കാണുകയും ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം സഹകരിച്ചില്ല. അവർ അറിയിച്ചതനുസരിച്ചാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് വൈസ് ചെയർമാൻ മഹബൂബ് ചെറിയവളപ്പിൽ പെട്രോൾ പമ്പിലെത്തി.  തലയിലും നെറ്റിയിലും മുഖത്തും മുറിവുകളുണ്ടായിരുന്ന ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ റെഡ്ക്രസന്റിനെ വിളിച്ചുവരുത്തി. അവരെത്തിയെങ്കിലും പോലീസിനെ വിളിക്കാൻ പറഞ്ഞു തിരിച്ചുപോയി. പോലീസ് വന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കെ.എം.സി.സി സാമൂഹിക പ്രവർത്തകനായ സി.പി മജീദിനെ വിളിച്ചുവരുത്തി വാനിൽ അൽഅമൽ ആശുപത്രിയിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി. ഇന്ത്യൻ എംബസി വെൽഫയർ ഓഫീസർ എം.ആർ സജീവിനെയും വിവരമറിയിച്ചു. പക്ഷേ അൽഅമൽ ആശുപത്രിയിൽ നിന്ന് ശുമൈസി ആശുപത്രിയിലേക്ക് റഫർ ചെയ്തു. തലക്ക് എം.ആർ.ഐ സ്‌കാൻ ചെയ്യാനായി അഡ്മിറ്റ് ചെയ്‌തെങ്കിലും പിറ്റേന്ന് ഇയാൾ അവിടെ നിന്ന് മുങ്ങി. പിന്നീട് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും മഹബൂബും വിവിധയിടങ്ങളിൽ അന്വേഷിച്ചു. അങ്ങനെയാണ് സ്വദേശി പൗരനെ ആക്രമിച്ച കേസിൽ ദീര പോലീസിന്റെ കസ്റ്റഡിയിലാണുള്ളതെന്ന് അറിഞ്ഞത്.
ഉടൻ ഇരുവരും പോലീസിലെത്തി കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. അൽഅമൽ ആശുപത്രിയിലെ സർട്ടിഫിക്കറ്റ് സമർപ്പിച്ചതോടെ ഇയാളെ മോചിപ്പിച്ചു ബത്ഹയിലെ ഹോട്ടലിൽ കൊണ്ടുവന്നു. കമ്പനിയുമായി ബന്ധപ്പെട്ട് ഫൈനൽ എക്‌സിറ്റ് അടിച്ചു ടിക്കറ്റെടുത്തു. കൂടെ പോകാൻ മഹ്ബൂബും തയ്യാറായി. മഹ്ബൂബ് സ്വന്തം ചെലവിലാണ് ടിക്കറ്റെടുത്തത്. കോഴിക്കോട്ടേക്ക് ബന്ധുക്കൾ എത്താമെന്ന് അറിയിച്ചതനുസരിച്ച് എയർ ഇന്ത്യ എക്‌സ്പ്രസിലാണ് പോയത്. വിമാനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും മറ്റും ഇയാൾ അക്രമാസക്തനായിരുന്നു. ബന്ധുക്കളെ കണ്ടപ്പോഴും പ്രശ്‌നമുണ്ടാക്കിക്കൊണ്ടിരുന്നു. അതിനിടെ കോഴിക്കോട് സ്‌റ്റേഷനിൽ വെച്ച് മറ്റൊരു ട്രെയിനിൽ കയറി പോയെങ്കിലും റെയിൽവേ പോലീസിന്റെ ഇടപെടലിൽ ട്രെയിൻ നിർത്തി ഇറക്കി. ഒടുവിൽ ബന്ധുക്കൾ തൃശ്‌നാപള്ളിയിലെ ആശുപത്രിയിൽ എത്തിച്ചു. വിവിധ ഘട്ടങ്ങളിൽ സഹായത്തിന്  അൻവർ വാരവും കൂടെയുണ്ടായിരുന്നു.

Latest News