Sorry, you need to enable JavaScript to visit this website.

നദീ തീരത്ത് സ്വർണ്ണപ്പൊട്ടുകൾ; ശേഖരിക്കാൻ ഗ്രാമീണരുടെ തിക്കും തിരക്കും

കൊൽക്കത്ത - നദിയിൽ സ്വർണ്ണത്തരികൾ കണ്ടെത്തിയതിനെ തുടർന്ന് നദീ തീരത്ത് ഗ്രാമവാസികളുടെ തിക്കും തിരക്കും. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ബൻസ്ലോയ് നദിയുടെ തീരത്താണ് സംഭവം. ഈ ആഴ്ച ആദ്യത്തിൽ ബൻസ്ലോയ് നദിയിൽ കുളിക്കുന്നതിനിടെ ചില ഗ്രാമീണർക്ക് സ്വർണ്ണത്തിന്റെ ചെറിയ കഷണങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഗ്രാമീണർ കൂട്ടത്തോടെ നദീ തീരത്തേക്ക് എത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
 പാർക്കണ്ടിയിലെ മുരാരുയി ഒന്നാം ബ്ലോക്കിലെ ഘാട്ടിലെ ബാൻസ്ലോയ് നദീതടത്തിൽ നിന്നാണ് സ്വർണത്തരികൾ കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് നദീതീരത്തെ മണ്ണ് നീക്കിയപ്പോൾ കൂടുതൽ സ്വർണ്ണ അംശങ്ങൾ കണ്ടെത്തുകയായിരുന്നു. സ്വർണ്ണത്തരികളെക്കാൾ അൽപ്പംകൂടി വലിപ്പമുള്ള സ്വർണ്ണമാണ് മണ്ണിനടിയിൽ നിന്നും ലഭിച്ചതെന്നാണ് പറയുന്നത്.
 'നദീതീരത്ത് ചെറിയ അളവിൽ മണ്ണ് കുഴിച്ചാണ് സ്വർണ്ണം കണ്ടെത്തിയത്. എന്നാൽ ഈ സ്വർണ്ണം വളരെ ചെറുതാണ്. ഇത് ഒരു പഴയ പൈസ പോലെയാണ്. അതിൽ ചില പുരാതന അക്ഷരങ്ങളോ അടയാളങ്ങളോ ഉണ്ടെന്ന്' റാബിദാസ് നിവാസിയായ മിറ പറഞ്ഞു. 'ഇത് ഹിന്ദു രാജാക്കന്മാരുടെ കാലത്തെ നിധിയാണെന്ന്' മറ്റൊരു നാട്ടുകാരൻ പ്രതികരിച്ചു.
 'ഇത് ഐതിഹ്യമാണോ സത്യമാണോ എന്നറിയില്ല. ഗ്രാമവാസികൾ കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണത്തരിക്കായി തിരയുകയാണ്. അവരോടൊപ്പം ചേർന്നതാണെന്ന്' നാട്ടുകാരനായ സുജൻ ഷെയ്ഖ് പറഞ്ഞു.
 'ജാർഖണ്ഡിനോട് ചേർന്നുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മഹേഷ്പൂർ രാജ്ബാരിയിൽ നിന്നുള്ള സ്വർണ നാണയങ്ങളാണിതെന്ന് കരുതുന്നു. അവയിൽ ഭൂരിഭാഗവും പിന്നീട് സുബർണരേഖ നദിയിലെ വെള്ളത്തിൽ മുങ്ങിപ്പോയി. ആ സ്വർണ്ണം സുവർണരേഖ നദിയിലൂടെ ബൻസ്ലായ് നദിയിൽ എത്തിയിരിക്കാം. ഇത് തികച്ചും ഊഹാപോഹമാണെന്ന്' ബിശ്വഭാരതി സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസർ ബിദ്യുത് പട്ടർ അഭിപ്രായപ്പെട്ടു. ചരിത്രത്തെയും ജനകീയ വിശ്വാസത്തെയും മനസ്സിലാക്കി, കഴിഞ്ഞ നാഗരികതകളുടെ നഷ്ടപ്പെട്ട ചരിത്രം വെളിപ്പെടുത്തുകയാണ് നദിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..
 കണ്ടെത്തിയ സ്വർണനാണയം മുരാരുയി പോലീസ് സ്റ്റേഷനിൽ ഏൽപിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ ബിർഭും ജില്ലാ ഭരണകൂടം ഇതുവരെ ഇടപെട്ടിട്ടില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഇതേക്കുറിച്ച് പ്രതികരിച്ചതായി വിവരമില്ല. എന്തായാലും പ്രദേശത്ത് കൂടുതൽ നിധി തേടി മണൽ അരിച്ചെടുക്കുന്നതിൽ വ്യാപൃതരാണ് ആദിവാസികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ.
 

Latest News