Sorry, you need to enable JavaScript to visit this website.

ഇനിയും സേതുമാധവന്മാർ (മിഥുനം) ഉണ്ടാകാതിരിക്കണമെങ്കിൽ...

സംരംഭകർക്കെതിരായ മലയാളികളുടെ പൊതുബോധം മാറേണ്ടതുണ്ടെന്നും മിഥുനം എന്ന പ്രശസ്ത സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനുഭവം ഇനി ഇവിടെ ഉണ്ടാകില്ല എന്നുമാണ് മന്ത്രി പി. രാജീവ് പറയുന്നത്. അത്തരമൊരു പൊതുബോധം സൃഷ്ടിച്ചതിൽ പ്രധാന പങ്ക് രാജീവിന്റെ പ്രസ്ഥാനത്തിനു തന്നെയാണെന്നത് വേറെ കാര്യം. തീർച്ചയായും സംരംഭകർ വളരണമെന്നു പറയുമ്പോൾ പ്രധാനമായും ഉദ്ദേശിക്കുന്നത് വൻകിടക്കാരെയല്ല. അത്തരക്കാർ ഉയർന്നു വരുമെന്നുറപ്പ്. സ്വാഭാവികമായും വൻകിടക്കാർക്ക് സർക്കാരിന്റെ സുരക്ഷിതത്വവുമുണ്ടാകും എന്നാൽ വ്യാപകമായി വളരേണ്ടത് ഇടത്തരം, ചെറുകിട സംരംഭകരാണ്. അവരോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരും പൊതുസമൂഹവും സ്വീകരിക്കേണ്ടത്.

എന്നാൽ മന്ത്രി രാജീവ് എന്തൊക്കെ പറഞ്ഞാലും അക്കാര്യത്തിൽ വളരെയൊന്നും മുന്നോട്ടു പോകാൻ നമുക്കായിട്ടില്ല. നിങ്ങളുടെ മുന്നിലുള്ള ഓരോ ഫയലിനു പിറകിലും ഓരോ ജീവിതമുണ്ടെന്നു ഇടക്കിടെ മുഖ്യമന്ത്രി പറയുമ്പോഴും എല്ലാ സർക്കാർ ഓഫീസുകളിലും ഫയലുകൾ കെട്ടിക്കിടക്കുകയാണ്. അവയിൽ വലിയൊരു ഭാഗം സംരംഭകരുടേതാണ്. ഈ ഫയലുകൾക്കു മുകളിൽ അടയിരിക്കുന്നവർ, അവർക്കൊരു മാസത്തെ വേതനം ഒരു ദിവസം വൈകിയിൽ ഉണ്ടാക്കുന്ന കോലാഹലങ്ങൾ കാണാറുണ്ടല്ലോ. തദ്ദേശ സ്ഥാപനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും നിഷേധാത്മക സമീപനം മൂലം പല സംരംഭകരും ജീവനൊടുക്കിയ വാർത്തകൾ അടുത്തു പോലും ഉണ്ടായിരുന്നു. കോവിഡ്കാല ദുരന്തങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്നു കാര്യമായ പിന്തുണ ലഭിക്കാതിരുന്നതിന്റെ പേരിലും പല ആത്മഹത്യകളും നടന്നു. അന്നു തകർന്ന പല സ്ഥാപനങ്ങളും ഇപ്പോഴും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ഓരോ സ്ഥാപനം തകരുമ്പോഴും സംരംഭകർ മാത്രമല്ല, നിരവധി ജീവനക്കാരുടെ ജീവിതവുമാണ് തകരുന്നത്. ഓരോ സ്ഥാപനം തുടങ്ങുമ്പോഴും കുറെ പേർക്ക് തൊഴിൽ ലഭിക്കുന്നു. ലോകത്തൊരു ഭാഗത്തുമില്ലാത്ത നോക്കുകൂലി പോലുള്ള അസംബന്ധങ്ങൾ തടയാൻ ഇപ്പോഴുമായിട്ടില്ല. ഇതിനെല്ലാം പുറമേയാണ് ലക്ഷങ്ങൾ വേതനം കിട്ടുന്നവർ പോലും അതിന്റെ നാലിലൊന്നു പോലും വരുമാനം ലഭിക്കാത്ത സംരംഭകരെ ബൂർഷ്വാസി എന്നു വിളിച്ചാക്ഷേപിക്കുന്നത്. ബൂർഷ്വാസിയും മുതലാളിയുമൊക്കെ ഒരു സമൂഹത്തിന്റെ വളർച്ചക്ക് അനിവാര്യമാണ്. എന്നാൽ ആ പദങ്ങളെ വൃത്തികെട്ട പദങ്ങളായി കാണുന്ന ഒരു പൊതുബോധം ഇവിടെ നിലനിൽക്കുന്നു. അതിനു പ്രധാന കാരണം ഇടതുപക്ഷമെന്ന പേരിൽ പ്രചരിക്കുന്ന ആശയങ്ങൾ തന്നെയാണ്. വാസ്തവത്തിൽ കവിതയെഴുതുന്നതിനേക്കാൾ സർഗാത്മകതയും ഭാവനയും ഒരു സംരംഭം തുടങ്ങാനാവശ്യമാണ്. എന്നാൽ കവി നമുക്ക് ബുദ്ധിജീവിയും സംരംഭകൻ സാമൂഹ്യ വിരുദ്ധനുമാണ്. 

ഇത്തരമൊരു സാഹചര്യത്തിലാണ് വ്യവസായ മന്ത്രി പി. രാജീവിന്റെ ഈ മേഖലയിലെ ഇടപെടലുകളെ നോക്കിക്കാണാൻ. കേരളത്തിൽ സംരംഭകത്വത്തിനു കഴിയും എന്ന പൊതുബോധം സൃഷ്ടിക്കാൻ കഴിഞ്ഞതായും അത് എല്ലാവരും ഒത്തൊരുമിച്ചു നടത്തിയ ശ്രമത്തിന്റെ ഫലമാണെന്നും മന്ത്രി പറയുന്നു. ഒമ്പത് മാസം കൊണ്ട് കേരളത്തിൽ ഒരുലക്ഷത്തി പതിനാറായിരം പുതിയ സംരംഭമാണ് ആരംഭിച്ചതെന്നും ഇതിൽ 38,000 വനിത സംരംഭകരാണെന്നും അതുവഴി ഏഴായിരം കോടിയുടെ നിക്ഷേപമാണ് കേരളത്തിന് അകത്തുനിന്നു മാത്രം ഉണ്ടായിട്ടുള്ളതെന്നും രണ്ടര ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടുവെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന അതിശയോക്തിപരമാണെന്നതിൽ സംശയമില്ല. അപ്പോഴും ഈ മേഖലയിൽ മന്ത്രി പ്രകടിപ്പിക്കുന്ന താൽപര്യം പിന്തുണക്കപ്പെടേണ്ടതാണ്. സംരംഭക വർഷത്തിൽ സംരംഭകർക്ക് എല്ലാ സഹായവും നേരിട്ട് നൽകാൻ സദാ സന്നദ്ധരായി 1153 ഇന്റേണുകൾ തദ്ദേശ സ്ഥാപനങ്ങളിൽ ഓഫീസ് സമയമോ അവധി ദിവസങ്ങളോ കണക്കാക്കാതെ ഓവർ ടൈം ജോലി ചെയ്തതായി മന്ത്രി പറയുന്നു. സാങ്കേതിക വിദ്യയിലും വൈദഗ്ധ്യത്തിലും പിന്തുണയേകുന്നതിനായി എം.എസ്.എം.ഇ ക്ലിനിക്കുകൾ ഓരോ ജില്ലയിലും പ്രവർത്തന ക്ഷമമായി. നാല് ശതമാനം പലിശക്ക് വായ്പ സൗകര്യമൊരുക്കി ബാങ്കുകൾ മുന്നോട്ട് വന്നു. ഇങ്ങനെ, സംരംഭക സൗഹൃദ അന്തരീക്ഷം കേരളത്തിന്റെ കരുത്തായി മാറുന്ന ഒരു കാഴ്ചയാണ് ഈ പദ്ധതിയിലൂടെ  കണ്ടത്.  ഇതിനിടയിൽ സംരംഭം തുടങ്ങുന്നതിൽ പ്രയാസം നേരിട്ട നാലഞ്ച് പേരുടെ പ്രശ്നങ്ങൾ  വലിയ കവറേജോടെ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ട് വന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് മിഥുനം സിനിമയിൽ ദാക്ഷായണി ബിസ്‌കറ്റിന് വേണ്ടി സേതുമാധവന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെ മന്ത്രി പരമാമർശിച്ചത്. കേരളത്തെക്കുറിച്ച് നിർമിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ സിനിമ എന്നാണ് രാജീവ് വിശദീകരിച്ചത്. അത്തരമൊരു പൊതുബോധം സൃഷ്ടിച്ചതിൽ പ്രധാന പങ്ക് ആർക്കെന്നു കൂടി അദ്ദേഹത്തിനു പറയാമായിരുന്നു. 

ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനം മുൻഗണന കൊടുക്കേണ്ട ഒരു വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. സംരംഭകത്വം എന്നത് ശാസ്ത്രീയമായി തന്നെ പഠിക്കേണ്ട ഒന്നാണ്. എന്നാൽ അതു പഠിപ്പിക്കാനും പഠിക്കാനുമുള്ള അവസരം കേരളത്തിൽ നന്നേ കുറവാണ്. ചെറുപ്പക്കാരായ സംരംഭകർക്ക് സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ അടിസ്ഥാന വിഷയങ്ങളിലൂന്നിയ പഠന പദ്ധതികൾ ചിട്ടപ്പെടുത്താൻ രാജ്യത്തെയും വിദേശത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് ശ്രദ്ധാലുക്കളാണ്. നിലവിൽ നന്നായി കുടുംബ വ്യവസായത്തിൽ ശോഭിച്ചു നിൽക്കുന്നവരും തങ്ങളുടെ മക്കളെ 'എന്റർപ്രണർഷിപ്' പഠിപ്പിക്കാൻ അയക്കുന്നുണ്ട്. പഠനാനന്തരം തിരിച്ചെത്തി പരമ്പരാഗതമായി നടത്തിവന്ന യൂനിറ്റിന്റെ പിൽക്കാല ചരിത്രം തന്നെ തിരുത്തിയെഴുതിയ കഥകൾ ധാരാളമുണ്ട്. ഇക്കാര്യത്തിൽ വ്യവസായ - വിദ്യാഭ്യാസ - യുവജന - വനിത വകുപ്പുകൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. 


ലോക സംരംഭക ദിനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട, സംരംഭകത്വത്തിന് വേണ്ട ചില അടിസ്ഥാന പാഠങ്ങളെ കുറിച്ചു കൂടി പരാമർശിക്കാം. ധൈര്യമായിരിക്കുക എന്നതാണ് അതിലൊന്ന്.  എന്തെങ്കിലുമൊക്കെ നേടിയെടുക്കുന്ന ഏതൊരാൾക്കും ഒരു വലിയ സ്വപ്നമുണ്ടായിരിക്കും. ആ സ്വപ്നങ്ങളിൽ പലതും തുടക്കത്തിലേ പലരും പരിഹസിക്കും. എന്നാൽ നമ്മൾ വിശാലമായി ചിന്തിക്കുന്നില്ലെങ്കിൽ,  പ്രവർത്തിച്ചില്ലെങ്കിൽ നമുക്ക്  അവസരമില്ല. അതാണ് സംരംഭകത്വത്തിന്റെ പ്രത്യേകത. മറ്റേതൊരു ജോലി നേടുന്ന ആളേക്കാളും ഉപരിയായി ഒരു സംരംഭകൻ അസാമാന്യമായ ധൈര്യത്തിന് ഉടമയായിരിക്കണം.  രണ്ടാമതായി ബന്ധിപ്പിക്കുക എന്നതാണ്. ഓട്ടോമേഷന്റെയും മുഖമില്ലാത്ത സാങ്കേതിക വിദ്യയുടെയും യുഗമാണെങ്കിലും യഥാർത്ഥ ആളുകൾക്ക് കണക്റ്റ് ചെയ്യാൻ കഴിയുന്ന ഒരാളായിരിക്കുക എന്നത് വളരെ പ്രധാനമാണ്. വൻതോതിലുള്ള ഉൽപാദനത്തിലൂടെ  മികച്ച രീതിയിൽ സ്‌കെയിൽ ചെയ്യാനാകുന്ന സംരംഭങ്ങൾക്കാണ് നിലനിൽപുള്ളത്. എന്നാൽ ഓരോ ഉപഭോക്താവിന്റെയും എക്‌സ്പീരിയൻസ് അവർക്ക് യുനീക്കാണ്. അവർ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് വ്യക്തമാക്കുന്നതിലൂടെ ഓരോ സംരംഭവും ഉപയോക്താവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ഒരു ബിസിനസിലെ ഏറ്റവും മികച്ച മൂല്യമെന്നത് തങ്ങളുടെ ഉപഭോക്താവിനെ തിരിച്ചറിയുക, അവരുമായി മികച്ച ബന്ധം സ്ഥാപിക്കുക എന്നതാണ്. മൂന്നാമത് ഫോക്കസ് ചെയ്യലാണ്.  വിജയിച്ച സംരംഭകരുടെ ഏറ്റവും സാധാരണമായ സവിശേഷത അവർ ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവാണ്. ഇലോൺ മസ്‌കും ജെഫ് ബെസോസും ബിൽ ഗേറ്റ്സും സ്റ്റീവ് ജോബ്സും എല്ലാം അവരുടെ വിജയത്തിന്റെ പ്രധാന ഘടകമായി ചൂണ്ടിക്കാണിക്കുന്നത് ഫോക്കസ് ആണ്. കൃത്യമായ ലക്ഷ്യബോധം  ബിസിനസ് പ്രകടനം വർധിക്കുന്നതിന് തീർച്ചയായും ആവശ്യമാണ്. ദിശാബോധം ഇല്ലാതെ ചെയ്യുന്ന ഏത് കാര്യവും പരാജയത്തിലേക്ക് മാത്രമായിരിക്കും നയിക്കപ്പെടുക. ഈ ദിശകളിലുളള അവബോധം യുവജനങ്ങളിൽ സൃഷ്ടിച്ചെടുക്കാനും അവർക്കൊപ്പം നിൽക്കാനും ഭരണകൂടത്തിനും സമൂഹത്തിനും കഴിഞ്ഞാൽ മാത്രമേ മികച്ച സംരംഭക പ്രദേശമായി മാറാൻ നമുക്കാവൂ. 

Latest News