Sorry, you need to enable JavaScript to visit this website.

മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് ; വിജയിച്ചത് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങള്‍

കോഴിക്കോട് : മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഡ്വ. പി. എം.എ സലാമിനെ വീണ്ടും തെരഞ്ഞെടുത്തതോടെ വിജയിച്ചത് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങള്‍. പി.എം.എ സലാമിന് വേണ്ടി അവസാന നിമിഷം വരെ വാശി പിടിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു. വേണ്ടി വന്നാല്‍ ഒരു മത്സരത്തിന് തയ്യാറാണെന്ന് വരെ എം.കെ.മുനീര്‍ പക്ഷം പറഞ്ഞിട്ടു പോലും വിട്ടുകൊടുക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായിരുന്നില്ല. ഒടുവില്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിലേക്ക് സാദിഖലി ശിഹാബ് തങ്ങളും എത്തിച്ചേരുകയായിരുന്നു. ഇതോടെ മുനീര്‍ വിഭാഗത്തിന്റെ കരു നീക്കങ്ങളെല്ലാം പൊളിയുകയായിരുന്നു. മുസ്‌ലീം ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് ഡോ.എം.കെ. മുനീറിന്  വേണ്ടി വാശിപിടിച്ചിരുന്നത്. ഇ ടി മുഹമ്മദ് ബഷീറിന്റെയും കെ.എം.ഷാജിയുടെയും യൂത്ത് ലീഗില്‍ വലിയ വിഭാഗത്തിന്റെയും പിന്തുണയും ഡോ.എം.കെ.മുനീറിനുണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷം ജില്ലാ നേതൃത്വത്തെയും സലാമിന് പിന്നില്‍ അണി നിരത്താന്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞതാണ് പി.എം.എ സലാമിനെ വീണ്ടും ജനറല്‍ സെക്രട്ടറി പദത്തിലെത്തിച്ചത്.
വിവിധ ജില്ലാ നേതൃത്വങ്ങളുടെ അഭിപ്രായം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി.  ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനായി മുഴുവന്‍ ജില്ലാ പ്രസിഡന്റുമാരെയും ജില്ലാ സെക്രട്ടറിമാരെയും കഴിഞ്ഞ ദിവസം പാണക്കാട്ടേക്ക് വിളിപ്പിച്ചിരുന്നു. ഇതില്‍ കോഴിക്കോട് ജില്ലാ നേതൃത്വം ഒഴികെ ബാക്കിയുള്ളവരെല്ലാം പി.എം.എ സലാമിനെ പിന്തുണച്ചു. അതേസമയം സാദിഖലി തങ്ങള്‍ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും ഇവര്‍ അറിയിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ വലിയ പിന്തുണ കിട്ടില്ലെന്ന് ബോധ്യമായതോടെയാണ് മുനീര്‍ പക്ഷം വാശിയില്‍ നിന്ന്  പിന്നോക്കം പോയത്.

 

Latest News