കാലം കടന്ന കുതിപ്പ്

മുഖം കുത്തി ലാൻഡിംഗ് പിറ്റിൽ വീഴുന്നതിനു പകരം പിന്നോട്ടു ചാടി തല കുത്തി പിറ്റിൽ വീഴുന്നത് അന്ന് ഭ്രാന്തമായ ആശയമായി തോന്നി. 2.24 മീറ്ററിന്റെ ഒളിംപിക് റെക്കോർഡോടെ ഫോസ്ബറി സ്വർണം നേടി. അടുത്ത ഒളിംപിക്‌സിലെ 40 ജമ്പർമാരിൽ ഇരുപത്തെട്ടും ഫോസ്ബറിയെ അനുകരിച്ചു. 1976 ലെ മോൺട്രിയൽ ഗെയിംസിനു ശേഷം ഫോസ്ബറി രീതിയിലല്ലാതെ ചാടിയ ഒരു ഹൈജമ്പറും  ഒളിംപിക്‌സിൽ മെഡൽ നേടിയിട്ടില്ല. ഒരു കായിക ഇനത്തെ അടിമുടി മാറ്റാൻ ഫോസ്ബറിയെ പോലെ അധികമാർക്കും സാധിച്ചിട്ടില്ല. ഫോസ്ബറിയുടെ ചിന്ത കായിക ലോകത്ത് മാത്രമല്ല ചർച്ച ചെയ്യപ്പെട്ടത്. പുതുമയുള്ള ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമായി മാനേജ്‌മെന്റ്, ബിസിനസ് പഠനശാഖകളിൽ ഫോസ്ബറി ഫ്‌ളോപ് വിഷയമായി.
ഒരു കളിയുടെ ഘടനയും നിയമങ്ങളും രീതികളും രൂപം കൊള്ളുന്നത് പല ആളുകളിലൂടെ പല കാലങ്ങളിലായാണ്. ഒരു വ്യക്തിയുടെ പുതുമയുള്ള ചിന്ത ഒരു കായിക ഇനത്തെ അടിമുടി മാറ്റിയ സംഭവം അപൂർവമാണ്. ഹൈജമ്പിൽ ഡിക് ഫോസ്ബറി ചെയ്തത് അതാണ്. ഹൈജമ്പിൽ എല്ലാവരും ചെയ്തത് കാൽ ആദ്യം ബാർ കടക്കുന്ന രീതിയിൽ ചാടുകയാണ്. അതിന് കടകവിരുദ്ധമായാണ് ഫോസ്ബറി ആലോചിച്ചത്. ശരീരം ഇംഗ്ലിഷ് അക്ഷരം ജെ രൂപത്തിൽ വളച്ച്, അരക്കെട്ടുയർത്തി, തല ആദ്യം ബാർ കടക്കുന്ന രീതിയിൽ മലർന്നു പിന്നോട്ടു ചാടിയാൽ കൂടുതൽ ഉയരം താണ്ടാനാവുമോയെന്ന് ഫോസ്ബറി പരീക്ഷിച്ചു. അത് ഹൈജമ്പിൽ പുതിയ രീതി തന്നെ വളർന്നുവരാൻ കാരണമായി. ഫോസ്ബറിയുടെ ചിന്ത കായിക ലോകത്ത് മാത്രമല്ല ചർച്ച ചെയ്യപ്പെട്ടത്. പുതുമയുള്ള ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമായി മാനേജ്‌മെന്റ്, ബിസിനസ് പഠനശാഖകളിൽ ഫോസ്ബറി ഫ്‌ളോപ് വിഷയമായി. എഴുപത്താറാം വയസ്സിൽ കഴിഞ്ഞ ദിവസം അന്തരിച്ച ഫോസ്ബറി കായിക ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ്. 

മെക്‌സിക്കോയിലെ താരം
കുട്ടിക്കാലം മുതൽ ഈ രീതിയിൽ പരിശീലനം നടത്തിയിരുന്നുവെങ്കിലും ഫോസ്ബറിയെ ലോകമറിയുന്നത് 1968 ലെ മെക്‌സിക്കൊ ഒളിംപിക്‌സിലാണ്. ആറടി നാലിഞ്ചുകാരനായ ഫോസ്ബറി അനായാസം ബാറിനു മുകളിലൂടെ മലർന്നു കുതിച്ചത് ഏവരെയും അമ്പരപ്പിച്ചു. മുഖം കുത്തി ലാൻഡിംഗ് പിറ്റിൽ വീഴുന്നതിനു പകരം പിന്നോട്ടു ചാടി തല കുത്തി പിറ്റിൽ വീഴുന്നത് അന്ന് ഭ്രാന്തമായ ആശയമായി തോന്നി. 2.24 മീറ്ററിന്റെ ഒളിംപിക് റെക്കോർഡോടെ ഫോസ്ബറി സ്വർണം നേടി. അടുത്ത ഒളിംപിക്‌സിലെ 40 ജമ്പർമാരിൽ ഇരുപത്തെട്ടും ഫോസ്ബറിയെ അനുകരിച്ചു. 1976 ലെ മോൺട്രിയൽ ഗെയിംസിനു ശേഷം ഫോസ്ബറി രീതിയിലല്ലാതെ ചാടിയ ഒരു ഹൈജമ്പറും  ഒളിംപിക്‌സിൽ മെഡൽ നേടിയിട്ടില്ല. 
ഒരു കായിക ഇനത്തെ അടിമുടി മാറ്റാൻ ഫോസ്ബറിയെ പോലെ അധികമാർക്കും സാധിച്ചിട്ടില്ലെന്ന് അമേരിക്കൻ സ്പ്രിന്റ് ഇതിഹാസം മൈക്കിൾ ജോൺസൺ അഭിപ്രായപ്പെട്ടു. പിൽക്കാലത്ത് പുതുമയുള്ള ചിന്തയെന്ന നിലയിലും പതിവ് രീതികളെ അടിമുടി മാറ്റാനുള്ള ധീരതയെന്ന നിലയിലും ഫോസ്ബറി ബിസിനസ് സ്‌കൂളുകളിൽ പഠന വിഷയമായി. 
'ഇതിഹാസം എന്ന് ആരുടെ മേലും എളുപ്പത്തിൽ നാം ലേബൽ പതിപ്പിക്കാറുണ്ട്. ഡിക് ഫോസ്ബറി അക്ഷരാർഥത്തിൽ ആ പേരിന് അർഹനാണ്. ഭ്രാന്തമെന്ന് ആദ്യം തോന്നിയ, എന്നാൽ വലിയ വിജയമായ ഒരു ആശയത്തിലൂടെ അദ്ദേഹം ഒരു കായിക ഇനം പ്രയോഗവൽക്കരിക്കുന്ന രീതി എന്നത്തേക്കുമായി മാറ്റി' -വിഖ്യാത അമേരിക്കൻ സ്പ്രിന്റർ മൈക്കിൾ ജോൺസൺ പറയുന്നു. 
ഇത്ര അപകടകരമായ രീതി പരീക്ഷിക്കാനുള്ള ധൈര്യം തന്നെ അപാരമാണെന്ന് 2012 ലെ ഹൈജമ്പ് ഒളിംപിക് ചാമ്പ്യൻ എറിക് കയ്‌നാഡ് ജൂനിയർ പറയുന്നു. അക്കാലത്ത് ലഭ്യമായ ഉപകരണങ്ങൾ വെച്ച് ആ ടെക്‌നിക് സാഹസത്തിന്റെ അതിരായിരുന്നു -കയ്‌നാഡ് പറഞ്ഞു. 

ഫോസ്ബറി ഫ്‌ളോപ്
1947 ൽ അമേരിക്കയിലെ പോർട്‌ലാന്റിൽ ജനിച്ച ഫോസ്ബറി അറുപതുകളുടെ അവസാനം മെഡ്‌ഫോഡ് ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കേയാണ് പുതിയ രീതിയിൽ ചാടിത്തുടങ്ങിയത്. സൂക്ഷ്മമായി ചാട്ടങ്ങൾ നിരീക്ഷിച്ച ഫോസ്ബറി ഒരുപാട് കാര്യങ്ങൾ കണ്ടെത്തി. അതിലൊന്ന് ചാട്ടം തുടങ്ങുന്ന സ്ഥലം അൽപം കൂടി പിന്നോട്ടാവണമെന്നതായിരുന്നു. അതുവഴി ശരീരം വളക്കാനും കൂടുതൽ ഉയരം കണ്ടെത്താനും അൽപം കൂടി സമയം കിട്ടുമെന്ന് ഫോസ്ബറി കരുതി. അക്കാലത്ത് ഹൈജമ്പർമാർ തങ്ങൾ കീഴടക്കേണ്ട ഉയരം എത്രയെന്ന് നോക്കാതെ ഒരേ സ്ഥലത്തു നിന്നാണ് ചാട്ടം തുടങ്ങിയിരുന്നത്. ഫോസ്ബറി ചിന്തിച്ചത് മറ്റൊരു രീതിയിലാണ്. ഓരോ ഉയരത്തിനും ആനുപാതികമായി ശരീരം വളക്കണമെന്ന് രണ്ടു വർഷത്തെ പഠനത്തിലൂടെ ഫോസ്ബറി മനസ്സിലാക്കി. ഫോസ്ബറിയുടെ ചാട്ടത്തിന് ഫോസ്ബറി ഫ്‌ളോപ് എന്നു പേരിട്ടത് മെഡ്‌ഫോഡ് മെയിൽ ട്രിബ്യൂൺ പത്രമാണ്. മെഡ്‌ഫോഡ് സ്‌കൂളിന്റെ സ്‌പോർട്‌സ് മീറ്റ് റിപ്പോർട്ടിന് 'ഫോസ്ബറി ഫ്‌ളോപ്‌സ് ഓവർ ദ ബാർ' (ബാറിനു മുകളിലൂടെ ഫോസ്ബറി വളഞ്ഞു നീങ്ങി) എന്ന് അവർ തലക്കെട്ടെഴുതി. തോണിയിൽ പിടിച്ചിട്ട മത്സ്യം ചാടുന്നതു പോലെ തോന്നി എന്ന്  റിപ്പോർട്ടർ തുടർന്നു. 
ഫോസ്ബറിക്ക് ഫോസ്ബറി ഫ്‌ളോപ് എന്ന പ്രയോഗം ഇഷ്ടപ്പെട്ടു. അത് ഒരേസമയം കവിതാത്മകവും സംഘർഷാത്മകവുമായി തോന്നിയെന്ന് പിൽക്കാലത്ത് ഫോസ്ബറി പറഞ്ഞിരുന്നു.
മെക്‌സിക്കൊ ഒളിംപിക്‌സിനെക്കുറിച്ച റിച്ചാഡ് ഹോഫറുടെ പുസ്തകത്തിൽ ഫോസ്ബറിയെക്കുറിച്ച് ഒരു അധ്യായമുണ്ട്. ഈ രീതി മറ്റുള്ളവർ അനുകരിച്ചാൽ കഴുത്തൊടിഞ്ഞവരുടെ നീണ്ട നിര ഉണ്ടാവുമെന്ന് ലോസ്ആഞ്ചലസിലെ ഒരു മെഡിക്കൽ ഡയരക്ടർ ഫോസ്ബറിക്ക് എഴുതിയതായി അതിൽ പറയുന്നു. യുവ അമേരിക്കക്കാരുടെ നന്മ കരുതി താങ്കൾ ഈ രീതിയിൽ ചാടുന്നത് ഒഴിവാക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു. 

വിമർശനങ്ങൾ
ഫോസ്ബറി സ്‌പോർട്‌സിലേക്ക് എടുത്തു ചാടുന്നതു തന്നെ യാദൃഛികമായാണ്. ഫോസ്ബറിയും അനുജൻ ഗ്രെഗും ബൈക്കോടിച്ച് കളിക്കുമ്പോൾ മദ്യപിച്ച് വാഹനമോടിച്ച ഒരാൾ അവരെ ഇടിക്കുകയും ഗ്രെഗ് മരണപ്പെടുകയും ചെയ്തു. ആ വിഷാദത്തിൽ നിന്ന് കരകയറാൻ ഫോസ്ബറി ഫുട്‌ബോളും ബാസ്‌കറ്റ്‌ബോളുമൊക്കെ പരിശീലിച്ചു. രണ്ടിലും വിജയിച്ചില്ല. അക്കാലത്തെ രീതിയിൽ ഹൈജമ്പിലും പരാജയപ്പെട്ടു. അങ്ങനെയാണ് പുതിയ രീതി പരീക്ഷിക്കുന്നത്. ശക്തമായ വിമർശനങ്ങൾക്കിടയിലും മുന്നോട്ടു പോവാൻ ധൈര്യം കാണിച്ചു എന്നതാണ് ഫോസ്ബറിയുടെ പ്രത്യേകതയെന്ന് ഇൻവൻഷൻസ് ആന്റ് ഇന്നൊവേഷൻസ് (നവീന ചിന്തയും കണ്ടുപിടിത്തങ്ങളും) ശാഖയിൽ സ്മിത്‌സോണിയൻ ലെമൽസൻ സെന്ററിൽ പഠിപ്പിക്കുന്ന എറിക് ഹിന്റ്‌സ് പറയുന്നു. 
ഫോസ്ബറിയെ വിമർശനങ്ങൾ ബാധിച്ചതേയില്ലെന്ന് ജീവചരിത്രകാരൻ ബോബ് വെൽഷ് പറയുന്നു. സഹോദരൻ മരിച്ച ദുഃഖത്തിൽ നിന്ന് കരകയറാനാണ് ഫോസ്ബറി സ്‌പോർട്‌സിലേക്ക് വന്നത്. ആ ദുഃഖത്തോളം വലുതായിരുന്നില്ല മറ്റൊന്നും.  
കിട്ടിയ അവസരം ഉപയോഗപ്പെടുത്താനുള്ള ഫോസ്ബറിയുടെ സന്നദ്ധത വിജയിച്ചു. ആർക്കും പുതിയൊരു പാഠം പഠിക്കാമെന്നതിന്റെ ഉദാഹരണമായി അത്. 
1963 ൽ ഒരു സ്‌കൂൾ മീറ്റിനിടയിലാണ് ഫോസ്ബറിക്ക് പൊടുന്നനെ ഈ ആശയം ഉദിച്ചത്. പരമ്പരാഗത രീതിയിൽ ചാടി ഫോസ്ബറി 1.65 മീറ്റർ ചാടി. അതോടെ ബാർ ഉയർത്തി. 'ആ ദൂരം കടക്കണമെങ്കിൽ പുതിയ എന്തെങ്കിലും രീതിയിൽ ചാടണമെന്ന് തോന്നി. അരക്കെട്ട് ഉയർത്തിയാലേ ആ ദൂരം ചാടാനാവൂ. അതിന് ചാടുമ്പോൾ ചുമലുകൾ തടസ്സമാവാൻ പാടില്ല. പുതിയ രീതിയിൽ 1.77 മീറ്റർ ചാടി. 15 സെന്റിമീറ്ററാണ് മെച്ചപ്പെടുത്തിയത്' -ഫോസ്ബറി 2011 ൽ അത്‌ലറ്റിക്‌സ് വാരികയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. പിന്നാലെ യു.എസ് ഒളിംപിക് ട്രയൽസും വിജയിച്ചു. 
മെക്‌സിക്കൊ ഒളിംപിക്‌സിൽ മൂന്നാമത്തെ ചാട്ടത്തിലാണ് ഒളിംപിക് റെക്കോർഡ് തകർത്തത്. അവിശ്വസനീയതയോടെയാണ് ഗാലറി അതു കണ്ടത്. മെക്‌സിക്കൊ ഒളിംപിക്‌സിൽ ഫോസ്ബറിയെ പോലെ ആരാധകരുടെ ഇഷ്ടം നേടാൻ മറ്റൊരു അത്‌ലറ്റിനും സാധിച്ചില്ല. തന്റെ രീതി ഹൈജമ്പിലെ സ്റ്റാൻഡേർഡ് ടെക്‌നിക്കാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും മാറ്റം സൃഷ്ടിക്കണമെന്ന ഉദ്ദേശ്യം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും ഫോസ്ബറി പറഞ്ഞിരുന്നു.

Latest News