മുസ്‌ലീം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: മുസ്‌ലീം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.  ഹംസ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ലീഗ് സംസ്ഥാന അച്ചടക്ക സമിതി കണ്ടെത്തിയിരുന്നു സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ന് സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിന് മുന്‍പാണ്  മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഹംസയ്ക്കെതിരെ നടപടിയെടുത്തത്. നേരത്തെ ഹംസയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രവര്‍ത്തക സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിന്റെ പേരിലും കെ എസ് ഹംസക്കെതിരെ നേരത്തെ നടപടി എടുത്തിരുന്നു. ഇ ഡി യെ ഭയന്ന് മോദിയെയും വിജിലന്‍സിനെ ഭയന്ന് പിണറായി വിജയനെയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടി എന്നായിരുന്നു കെ എസ് ഹംസയുടെ വിമര്‍ശനം. മുസ്‌ലീം  ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഭരണപക്ഷത്താണോ അതോ പ്രതിപക്ഷത്താണോ എന്ന് വ്യക്തമാക്കണമെന്നും ഹംസ ആവശ്യപ്പെട്ടിരുന്നു  ഇതിനെതിരെ അന്ന്  കുഞ്ഞാലിക്കുട്ടി രംഗത്തു വരികയും ഹംസക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഹംസയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.അന്നത്തെ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഹംസ ചോര്‍ത്തി നല്‍കിയതായും ആരോപണമുണ്ടായിരുന്നു.

Latest News