താമസസ്ഥലത്ത് മദ്യനിര്‍മാണം; സൗദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍ 

റിയാദ് - സൗദി അറേബ്യന്‍ തലസ്ഥാനത്ത് താമസസ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്ത ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 

പശ്ചിമ റിയാദിലെ താമസസ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്യുന്ന മുപ്പതുകാരനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. യുവാവിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ മദ്യം സൂക്ഷിക്കുന്നതിനുള്ള, 250 ലിറ്റര്‍ ശേഷിയുള്ള ഏഴു വീപ്പകള്‍ കണ്ടെത്തി. ഇതില്‍ ആറു വീപ്പകളിലും നിറയെ മദ്യമുണ്ടായിരുന്നു. 

മദ്യം നിര്‍മിക്കുന്നതിനുള്ള സജ്ജീകരണങ്ങളും അസംസ്‌കൃത വസ്തുക്കളും ഇന്ത്യക്കാരന്റെ താമസസ്ഥലത്ത് കണ്ടെത്തി. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രതിയെ അറസ്റ്റ് ചെയ്ത വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചതായി റിയാദ് പോലീസ് പറഞ്ഞു.

മറ്റൊരു സംഭവത്തില്‍, കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ വന്‍തോതില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്ത നാലു വിദേശികളെ മുജാഹിദീന്‍ സുരക്ഷാ സേനയും ആന്റി നാര്‍കോട്ടിക്‌സ് ഡയറക്ടറേറ്റും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഖത്തീഫിലെ കൃഷിയിടം കേന്ദ്രീകരിച്ച് മദ്യം നിര്‍മിക്കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നെന്ന് കിഴക്കന്‍ പ്രവിശ്യ മുജാഹിദീന്‍ സുരക്ഷാ സേനാ വക്താവ് ബന്ദര്‍ അല്‍മുബാറക് പറഞ്ഞു. 

വിതരണത്തിന് തയാറാക്കിയ 90,000 ലേറെ ലിറ്റര്‍ മദ്യവും നിരവധി ഗ്യാസ് സിലിണ്ടറുകളും മറ്റും ഇവിടെ കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയാതിയ കിഴക്കന്‍ പ്രവിശ്യ മുജാഹിദീന്‍ സുരക്ഷാ സേനാ വക്താവ് ബന്ദര്‍ അല്‍മുബാറക് പറഞ്ഞു.

Latest News