പാലക്കാട്- പിരായിരി കൊടുന്തിരപ്പള്ളി മൈത്രി നഗറിലേക്ക് ഇന്നലെ അനുശോചനമറിയിക്കാനെത്തിയവരുടെ പ്രവാഹമായിരുന്നു. സൗദിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ വാര്‍ത്തയില്‍ നിന്ന് ഖമര്‍ മോചനം നേടിയിട്ടില്ല. രണ്ടു പേരക്കുട്ടികളുടെ മരണം അവര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. അപകടത്തില്‍പ്പെട്ട ഫൈസലിന്റെ ഉമ്മയാണ് ഖമര്‍. പിതാവ് അബ്ദുള്‍ഖാദര്‍ നേരത്തേ മരിച്ചിരുന്നു.
വര്‍ഷങ്ങളായി ഫൈസലും കുടുംബവും ദോഹയിലാണെങ്കിലും പതിവായി പേരക്കുട്ടികള്‍ ഫോണില്‍ ഖമറിനെ വിളിക്കാറുണ്ട്. പത്തിരിപ്പാലയിലാണ് മരിച്ച സാബിറ അബ്ദുള്‍ ഖാദറിന്റെ താമസം. അപകടത്തിനു പിന്നാലെ നിരവധി പേര്‍ സൗദിയില്‍ നിന്ന് ഫൈസലിന്റെ കുടുംബവുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ഫൈസലിന്റെ ഭാര്യാ സഹോദരന്‍, കെ.എം.സി.സി നേതാവായ സാലിഹ്, സാമൂഹ്യപ്രവര്‍ത്തകനായ പന്തളം ഷാജി എന്നിവരെയാണ് തുടര്‍നടപടികള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാന്‍ വരുന്നതിനിടെ തായിഫിനു സമീപമായിരുന്നു അപകടം. ഫൈസലിന്റെ മക്കളായ അബിയാന്‍ (ഏഴ്) അഹിയാന്‍ (നാല്), ഭാര്യാ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്. ഫൈസലിനും ഭാര്യാ പിതാവിനും തലക്ക് പരിക്കുണ്ട്. ഫൈസലിന്റെ ഭാര്യ സുമയ്യക്ക് നിസ്സാര പരിക്കകുളേയുള്ളൂ. വ്യാഴം രാവിലെയാണ് ദോഹയില്‍നിന്ന് പുറപ്പെട്ടത്.
സൗദിയില്‍ മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ നാല് വര്‍ഷം മുമ്പാണ് ദോഹയിലേക്ക് മാറിയത്.
മക്കളുടേയും ഭാര്യാ മാതാവിന്റേയും മൃതദേഹങ്ങള്‍ തായിഫ് ആശുപത്രി മോര്‍ച്ചറിയിലാണ്.