യുവതിയുടെ ഹൃദയം ഉരുളക്കിഴങ്ങ് ചേര്‍ത്ത് കറിവെച്ചു, ജഡ്ജിയുടെ ഉറക്കം നഷ്ടപ്പെടുത്തിയ കേസ്

ലോസാഞ്ചലസ്- അമേരിക്കയില്‍ യുവതിയെ കൊലപ്പെടുത്തി ഹൃദയം ഉരുളക്കിഴങ്ങ് ചേര്‍ത്ത് പാകം ചെയ്തു കഴിച്ച കൊലയാളിക്ക് ജീവപര്യന്തം. യുവതിക്കു പുറമെ രണ്ടു പേരെ കൂടി കൊലപ്പെടുത്തിയ കേസിലാണ് 44 കാരനായ ഓക് ലഹോമ സ്വദേശി ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സന് ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചത്.
2021ലാണ് ഇയാള്‍ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങള്‍ നടത്തിയത്. ആന്‍ഡ്രിയ ബ്ലാന്‍കെന്‍ഷിപ്പ് (41) എന്ന യുവതിയെ കൊലപ്പെടുത്തിയ ലോറന്‍സ്, യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് ബന്ധുവിന്റെ വീട്ടിലെത്തിയാണ് ഉരുളക്കിഴങ്ങു ചേര്‍ത്തു പാകം ചെയ്തത്. താന്‍ കഴിച്ചതിനു പുറമെ ബന്ധുവായി ലിയോണിനും ഭാര്യ ഡെല്‍സിക്കും നല്‍കാന്‍ ശ്രമിച്ചെന്നും പോലീസ് പറയുന്നു. ഇതിനു ശേഷം ലിയോണിനെയും അദ്ദേഹത്തിന്റെ നാല് വയസുകാരിയായ കൊച്ചുമകള്‍ കേയസ് യേറ്റ്‌സിനെയും കൊലപ്പെടുത്തി.
മയക്കുമരുന്ന് കേസില്‍ ജയിലിലായിരുന്ന പ്രതി ശിക്ഷാ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയാണ് കൊലപാതകങ്ങള്‍ നടത്തിയത്.
ഒരിക്കലും ക്ഷമിക്കാന്‍ പറ്റുന്ന കുറ്റമല്ല പ്രതി ചെയ്തതെന്നും പുറംലോകം കാണാന്‍ ലോറന്‍സ് അര്‍ഹനല്ലെന്നും വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു. ക്രൂരകൊലപാതകത്തിന്റെ വിവരങ്ങള്‍ കണ്ട് ആഴ്ചകളോളം തനിക്ക് പോലും ഉറക്കം നഷ്ടപ്പെട്ടുവെന്നും ജഡ്ജി പറഞ്ഞു.

 

Latest News