Sorry, you need to enable JavaScript to visit this website.

ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു

(കുന്ദംകുളം) തൃശൂർ - ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. കുന്ദംകുളം പോർക്കുളം മേപ്പാടത്ത് വീട്ടിൽ സുബിനാ(26)ണ് മരിച്ചത്. 
 കഴിഞ്ഞദിവസം രാത്രി സുബിനും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയവെയാണ് മരണം. ഒമാനിലെ കാബൂറയിലെ വർക്ക് ഷോപ്പിൽ പെയിന്റിങ് ജീവനക്കാരനായിരുന്ന സുബിൻ ഇരുപത് ദിവസം മുമ്പാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു.

എയർ ഹോസ്റ്റസിന്റെ മരണം; കാമുകനായ മലയാളി യുവ എൻജിനീയർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ബെംഗളുരു - എയർ ഹോസ്റ്റസായ യുവതി ബെംഗളുരുവിൽ മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. ഹിമാചൽപ്രദേശ് സ്വദേശിനിയും സിംഗപ്പൂർ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗവുമായ അർച്ചന ധിമാ(28)യെ ഫ്ളാറ്റിന്റെ നാലാം നിലയിൽ നിന്ന് കാമുകനായ മലയാളി യുവാവ് ആദേശ് തള്ളിയിട്ട് കൊന്നതാണെന്ന് കോറമംഗല പോലീസ് പറഞ്ഞു. കേസിൽ കാസർഗോഡ് സ്വദേശിയും ബെംഗളുരുവിലെ ഒരു ഐടി കമ്പനിയിലെ സോഫ്റ്റ്‌വെയർ എൻജിനീയറുമായ ആദേശ് എന്ന മലയാളി യുവാവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 ആദേശ് അർച്ചനയെ തള്ളിയിട്ട് കൊന്നതാണെന്നും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്നും അർച്ചനയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന നിഗമനമാണ് അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നത്.
 അർച്ചന, കാമുകനായ ആദേശിനെ കാണാനാണ് ബെംഗളൂരുവിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പട്ടതും ബന്ധത്തിലായതും. ആറ് മാസത്തോളം അടുപ്പത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി ബന്ധം വേർപെടുത്താനുള്ള തീരുമാനത്തെ ചൊല്ലി തർക്കമുണ്ടായെന്നും ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡി.സി.പി സി.കെ ബാവ പറഞ്ഞു.
 കഴിഞ്ഞ ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് അർധരാത്രിയോടെയാണ് ബെംഗളുരുവിലെ കോറമംഗള മല്ലപ്പ റെഡ്ഡി ലേ ഔട്ടിലുള്ള ഫ്ളാറ്റിലേക്ക് ആദേശിനെ കാണാനായി അർച്ചന ദുബൈയിൽനിന്ന് എത്തിയത്. ശേഷം ഇരുവരും ബെംഗളുരു ഫോറം മാളിൽ സിനിമയ്ക്ക് പോവുകയും ഒരു പാർട്ടിയിൽ പങ്കെടുക്കുകയുമുണ്ടായി. എന്നാൽ, ഫ്ളാറ്റിൽ തിരിച്ചെത്തിയ അർച്ചനയും ആദേശും തമ്മിൽ വാക്കേറ്റമുണ്ടായി. ആദേശിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലിയാണ് തർക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ബാൽക്കണിയിലേക്ക് പോയ അർച്ചന കാൽ തെറ്റി താഴേയ്ക്ക് വീണുവെന്നാണ് ആദേശ് പോലീസിനോട് പറഞ്ഞത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണ് ആദേശിന്റെ വിശദീകരണം.
 എന്നാൽ അർച്ചനയെ ആദേശ് തള്ളിയിട്ടതാണെന്നാണ് പോലീസ് നിഗമനം. തുടർന്നാണ് കാമുകിയുടെ മരണത്തിൽ ആദേശിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. അന്വേഷണത്തിൽ ആദേശ് അർച്ചനയെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഇതേ തുടർന്നാണ് ആദേശിനെതിരെ കൊലക്കുറ്റം ചുമത്തിയതെന്നും പോലീസ് വ്യക്തമാക്കി.

Latest News