ന്യൂദല്‍ഹി- ഗുജറാത്ത് വംശീയ ഉന്മൂലനത്തില്‍ പ്രാധനമന്ത്രി നേരന്ദ്ര മോഡിയെ പ്രതിക്കൂട്ടിലാക്കിയ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനാ നേതാവ് ഉള്‍പ്പെടെ രണ്ട് വിദ്യാര്‍ത്ഥികളെ ദല്‍ഹി സര്‍വകലാശാല ഒരു വര്‍ഷത്തേക്ക് വിലക്കി.
ഈ കാലയളവില്‍ വിദ്യാര്‍ത്ഥികളെ സര്‍വകലാശാല, കോളേജ്, ഡിപ്പാര്‍ട്ട്‌മെന്റ പരീക്ഷകള്‍ എഴുതാന്‍ അനുവദിക്കില്ല. ജനുവരി 27 ന് നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന മറ്റ് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടായേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രണ്ട് വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്തു, ആറ് വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കി. നിരവധി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചിപ്പിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ആറ് വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
നരവംശശാസ്ത്ര വിഭാഗത്തിലെ പിഎച്ച്.ഡി വിദ്യാര്‍ഥി ലോകേഷ് ചുഗ്, ലോ ഫാക്കല്‍റ്റിയിലെ രവീന്ദര്‍ എന്നിവരെയാണ് വിലക്കിയിരിക്കുന്നത്.
'ഇന്ത്യ: മോദി ദ ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി നിരോധിക്കപ്പെട്ടതാണെന്ന് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ രഹസ്യ അറിയിപ്പില്‍ സൂചിപ്പിച്ചിരുന്നു. അതേസമയം നിരോധിക്കപ്പെട്ട ഡോക്യുമെന്ററിയല്ല ഇതെന്നും സംഭവ ദിവസം താന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റിയില്‍ ഉണ്ടായിരുന്നില്ലെന്നും നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ (എന്‍എസ് യുഐ) ദേശീയ സെക്രട്ടറി ലോകേഷ് ചുഗ് പറഞ്ഞു.
നിരോധിത ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തില്‍ പങ്കെടുത്ത ലോകേഷ് ചുഗിന്റെ നടപടി അച്ചടക്കരാഹിത്യമാണെന്നാണ് നോട്ടീസില്‍ പറയുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)