ന്യൂദല്‍ഹി- ഗുജറാത്തിലെ ഗോധ്രയില്‍ 2002 ല്‍ ട്രെയിന്‍ കത്തിച്ച കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ ജാമ്യാപേക്ഷയും ഗുജറാത്ത് സര്‍ക്കാരിന്റെ അപ്പീലും ഈ മാസം 24ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
യഥാര്‍ത്ഥ ശിക്ഷാവിധി, ചെലവഴിച്ച കാലയളവ് തുടങ്ങിയ വിശദാംശങ്ങളടങ്ങിയ ഏകീകൃത ചാര്‍ട്ടിന്റെ സോഫ്റ്റ് കോപ്പി സമര്‍പ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോടും പ്രതികളോടും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ബെഞ്ച് വാദം കേള്‍ക്കുന്നത് മാറ്റിയത്.
ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ ഗുജറാത്ത് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത 11 പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഫെബ്രുവരി 20ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം 59 പേരെ ജീവനോടെ ചുട്ടുകൊന്ന അപൂര്‍വ സംഭവമാണിതെന്നും പ്രതികള്‍ക്ക് വധശിക്ഷ തന്നെ വേണമെന്നും സോളിസിറ്റര്‍ ജനറല്‍ നേരത്തെ പറഞ്ഞിരുന്നു.
കേസില്‍ വിചാരണ കോടതി 11 പ്രതികള്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)