കർണാടകയിൽ ബി.ജെ.പി അരയും തലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു. ഒറ്റക്ക് ഭൂരിപക്ഷമെന്നതാണ് ലക്ഷ്യം. മോഡിയും അമിത് ഷായും സംസ്ഥാനം ചുറ്റിയടിക്കുന്നു. ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് ഏറ്റെടുത്തുകഴിഞ്ഞു. കോൺഗ്രസ് ഉണരുന്നതേയുളളൂ. സംസ്ഥാന നേതൃത്വമായിരിക്കും തെരഞ്ഞെടുപ്പ് നയിക്കുക എന്നതിൽ സംശയമില്ല. ഏതു തന്ത്രത്തിനാണ് വിജയമെന്നത് കാത്തിരുന്നു കാണണം.
മൂന്ന് മാസത്തിനുള്ളിൽ നടക്കാൻ പോകുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംസ്ഥാനമൊട്ടാകെ ചുറ്റിയടിക്കുകയാണ്. വളരെ പ്രധാനപ്പെട്ട, വിജയസാധ്യതയുള്ള സംസ്ഥാനമായിട്ടും കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ അവിടെയെങ്ങും കാണാനുമില്ല. രസകരവും അതീവ കൗതുകകരവുമായ രാഷ്ട്രീയ കാഴ്ചകളാണ് കർണാടക രാഷ്ട്രീയത്തിൽ കാണാനാവുന്നത്.
തെരഞ്ഞെടുപ്പുകൾ സ്വന്തം നിലയിൽ ഏറ്റെടുത്ത് നടത്തുകയെന്നത് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ പതിവാണ്. എല്ലാറ്റിന്റെയും ചരട് ദൽഹിയിലായിരിക്കും. സംസ്ഥാന നേതൃത്വം അതിനനുസരിച്ച് ചലിച്ചാൽ മാത്രം മതി. പണവും ദൽഹിയിൽനിന്ന് ആവോളമെത്തും. തന്ത്രങ്ങൾ രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേന്ദ്ര നേതൃത്വമാണ്, അതായത് അമിത് ഷാ. കർണാടകയിലും ചിത്രം വ്യത്യസ്തമല്ല. വിജയസാധ്യത ഉണ്ടായാലും ഇല്ലെങ്കിലും വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പിന് തയാറെടുക്കുകയും പാർട്ടി അണികളെയും നേതൃത്വത്തെയുമൊക്കെ ചലിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ കോൺഗ്രസ് ബി.ജെ.പിയെ കണ്ടുപഠിക്കുക തന്നെ വേണം.
ഈയിടെ സമാപിച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തന്നെയെടുക്കുക. അമിത് ഷായും മോഡിയും ഈ സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയതിന് കണക്കില്ല. പ്രത്യേകിച്ച്, കോൺഗ്രസ്-സി.പി.എം സഖ്യം വെല്ലുവിളി ഉയർത്തിയ ത്രിപുരയിൽ. അധികാരം ബി.ജെ.പിയിൽനിന്ന് വഴുതിപ്പോകുമെന്ന് തോന്നിയെങ്കിലും കുറഞ്ഞ ഭൂരിപക്ഷത്തിനെങ്കിലും അത് നിലനിർത്താൻ അവർക്ക് കഴിഞ്ഞു. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അങ്ങോട്ടു തിരിഞ്ഞുനോക്കിയതു പോലുമില്ല. നോർത്തീസ്റ്റിന്റെ ചുമതലയുള്ള ഒരു എ.ഐ.സി.സി ജനറൽ സെക്രട്ടറിയിലൊതുങ്ങി അവിടത്തെ ദേശീയ നേതൃത്വ സാന്നിധ്യം.
ബി.ജെ.പി അങ്ങനെയല്ല. വിജയിക്കാൻ ബഹുദൂര സാധ്യത പോലുമില്ലാത്ത കേരളത്തിൽ 2024 തെരഞ്ഞെടുപ്പിന് അവർ ഒരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിയുണ്ടെങ്കിലും പ്രചാരണത്തിനു അമിത് ഷാ കഴിഞ്ഞ ദിവസം തൃശൂരിൽ തുടക്കമിട്ടു. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളെക്കുറിച്ച അഭ്യൂഹങ്ങളും അവർ പുറത്തു വിടുന്നു. ജനങ്ങൾക്ക് അതെത്ര മാത്രം സ്വീകാര്യമാണെന്ന് പരിശോധിക്കാൻ അവർക്ക് സമയമുണ്ട്. കേരളം കോൺഗ്രസിന് നിർണായകമായിരിക്കേ, ഇതുവരെ കാര്യമായ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. ഇപ്പോഴും പാർട്ടിയിലെ പടലപ്പിണക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് അവർ.
കർണാടകയിൽ പാർട്ടി നേതൃത്വം ആഭ്യന്തര മന്ത്രി അമിത് ഷാ ഫലത്തിൽ ഏറ്റെടുത്തു കഴിഞ്ഞു. സംസ്ഥാനത്ത് അദ്ദേഹം കൂടുതൽ സമയം ചെലവഴിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി കർണാടകയിലെ എയ്‌റോ ഇന്ത്യ മുതൽ ഒരു ജില്ല ആസ്ഥാനത്ത് നവീകരിച്ച റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം വരെ നിരവധി പരിപാടികളിൽ കഴിഞ്ഞ ദിവസം പങ്കെടുത്തു.
ഇതിനു വിരുദ്ധമായി, കോൺഗ്രസിന്റെ ദേശീയ നേതൃത്വം അനങ്ങുക പോലും ചെയ്തിട്ടില്ല. വിജയകരമായ ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധി സംസ്ഥാനത്ത് പൊതുയോഗങ്ങളൊന്നും അഭിസംബോധന ചെയ്തിട്ടില്ല, അടുത്ത ഭാവിയിൽ ഒന്നും തീരുമാനിച്ചിട്ടുമില്ല. ഒരു പൊതുയോഗത്തിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന പദ്ധതി പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു. സംസ്ഥാന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും 200 യൂനിറ്റ് സൗജന്യ വൈദ്യുതിയും വാഗ്ദാനം ചെയ്തതിനപ്പുറം ഒന്നുമില്ല.
സംസ്ഥാനത്തെ മൂന്നാമത്തെ സുപ്രധാന കക്ഷിയായ ജനതാദൾ (സെക്കുലർ) കൂടുതൽ പ്രാദേശികമായി മാറിയിരിക്കുന്നു. തെക്കൻ കർണാടകയിലെ വൊക്കലിഗ ഹൃദയ ഭൂമിയിലാണ് ഇതിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ, അതിന്റെ സ്ഥാപക കുടുംബത്തിന്റെ സ്വന്തം ജില്ലയായ ഹാസനിൽ പോലും അവർ വെല്ലുവിളി നേരിടുന്നു. സീറ്റുകൾ കുടുംബക്കാർക്ക് വീതിച്ചുനൽകാനുള്ള നീക്കങ്ങൾ പൊതുജനങ്ങൾക്കിടയിൽ ചർച്ചയാണ്.
മോഡി പ്രഭാവത്തിലുള്ള അനിഷേധ്യമായ വിശ്വാസം മാത്രമല്ല ബി.ജെ.പിയുടെ തന്ത്രം. കർണാടകയിലെ ബി.ജെ.പിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന തിരിച്ചറിവ് കൂടിയാണിത്. അധികാരത്തിലെത്തിയാൽ അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്ദാനം ചെയ്ത ഇപ്പോഴത്തെ സംസ്ഥാന സർക്കാർ അഴിമതി ആരോപണങ്ങൾ നേരിടുകയാണ്. എന്നാൽ ദേശീയ നേതൃത്വത്തെ ഈ കളങ്കത്തിൽനിന്ന് അകറ്റിനിർത്തി അമിത് ഷാ, ഞങ്ങളുടേതാണ് തെരഞ്ഞെടുപ്പ്, സംസ്ഥാന നേതൃത്വത്തിന്റേതല്ല എന്ന സന്ദേശം പ്രസരിപ്പിക്കുന്നു.
ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വവും നിരാശയിലാണ്. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഇതുവരെ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ഒന്നുകിൽ ജെ.ഡി.എസുമായി സഖ്യത്തിലോ മറ്റു പാർട്ടികളിൽനിന്നുള്ള എം.എൽ.എമാരെ വലിച്ചോ ആണ് അത് സർക്കാരുകൾ രൂപീകരിച്ചത്. ഈ പ്രവണതയെ തകർക്കണമെങ്കിൽ, ദക്ഷിണ കർണാടകയിലെ വൊക്കലിഗ ഹൃദയഭൂമിയിലേക്ക് അത് ചുവടുവെക്കണം. മുൻ വൊക്കലിഗ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയെ മുന്നിൽ നിർത്തി ഈ ദിശയിൽ അവർ സുപ്രധാന നീക്കം നടത്തി. എന്നാൽ ഇന്ന് കൃഷ്ണയുടെ സ്വന്തം ജില്ലയായ മാണ്ഡ്യയിൽ ബി.ജെ.പിക്ക് കാര്യങ്ങൾ അത്ര ശുഭകരമല്ല. മാണ്ഡ്യയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിലെ മന്ത്രി പോലും വിസമ്മതിച്ചു.
മോഡിയാണ് നേതൃത്വമെന്ന ബി.ജെ.പി തന്ത്രം സംസ്ഥാന നേതൃത്വത്തെ മറികടന്നാലുണ്ടാകുന്ന അധിക നേട്ടം പാർട്ടിക്ക് നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ആവർത്തിച്ചുള്ള സന്ദർശനം ഓരോ മണ്ഡലത്തിലും പുതിയ നേതാക്കളെ കണ്ടെത്താൻ അദ്ദേഹത്തെ സഹായിക്കും. ഈ നേതാക്കളെ ഒരു പ്രാദേശിക നേതാവിന്റെ കുടക്കീഴിൽ കൊണ്ടുവരാൻ കഴിയും, അവർക്ക് അതിജീവനത്തിനായി ദൽഹിയെ ആശ്രയിക്കേണ്ടി വരും. ബംഗളൂരു സൗത്ത് എം.പിയായ തേജസ്വി സൂര്യ ഈ സ്ഥാനത്തിന് അനുയോജ്യനാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഒരു ബ്രാഹ്മണൻ എന്ന നിലയിൽ സംസ്ഥാനത്തെ രാഷ്ട്രീയമായി പ്രബലരായ ഒരു ജാതിയിലും അദ്ദേഹത്തിന് സ്വാധീനമുണ്ടെന്ന് അവകാശപ്പെടാനാവില്ലെങ്കിലും ദേശീയ നേതൃത്വത്തോടുള്ള കൂറ് തെളിയിക്കാൻ അദ്ദേഹം പരമാവധി പരിശ്രമിക്കുന്നു.
ബി.ജെ.പിയുടെ ഈ തന്ത്രം തീർച്ചയായും പുതിയതല്ല. അധികാരത്തിന്റെ പാരമ്യത്തിൽ ഇന്ദിരാഗാന്ധിക്ക് ആരെയും മത്സരിപ്പിച്ച് വിജയിപ്പിക്കാനാകുമെന്ന ഘട്ടത്തിലാണ് കോൺഗ്രസ് ഇത് ആദ്യം വികസിപ്പിച്ചത്. രാജീവ് ഗാന്ധി ഈ പ്രക്രിയ ഒരു പടികൂടി മുന്നോട്ട് കൊണ്ടുപോയി. ഒഴിവാക്കുക മാത്രമല്ല, സംസ്ഥാന നേതൃത്വത്തെ അവഹേളിക്കുകയും ചെയ്തു. നരസിംഹ റാവു അത് പഞ്ചായത്തീരാജ് ഭരണഘടന ഭേദഗതിയിലൂടെ സ്ഥാപനവൽക്കരിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ അകൽച്ച സംസ്ഥാന വ്യാപക സാന്നിധ്യമുള്ള ജാതികളുടെ അകൽച്ച കൂടിയാണ് എന്നതായിരുന്നു കുഴപ്പം. ലിംഗായത്ത് നേതാവ് വീരേന്ദ്ര പാട്ടീലിനെ രാജീവ് ഗാന്ധി അപമാനിച്ചതിൽനിന്ന് കോൺഗ്രസ് ഇതുവരെ കരകയറിയിട്ടില്ല. അധികാര വികേന്ദ്രീകരണം ആഴത്തിൽ വേരോടിയതോടെ പ്രാദേശിക നേതാക്കൾ സ്വയംഭരണാധികാരം വികസിപ്പിച്ചെടുത്തു. ഈ ശക്തിയാണ് ഇഷ്ടാനുസരണം പാർട്ടി മാറാൻ അവരെ അനുവദിക്കുന്നത്.
ഈ സാഹചര്യം നേരിടാൻ സംസ്ഥാന നേതൃത്വത്തിന്റെ പ്രാമുഖ്യം പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് രാഹുൽ ഗാന്ധി. ഭാഗികമായി, അത് തന്റെ പിതാവ് രാജീവ് ഗാന്ധി വികസിപ്പിച്ചെടുത്ത തന്ത്രമാണ്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചാരണ യാത്രകൾ നടക്കുന്നത്. അവർക്ക് അടിത്തട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ ധാരണയുണ്ടാകുമെന്നും സ്ഥാനാർഥി നിർണയത്തിൽ സമവായം കെട്ടിപ്പടുക്കാൻ കഴിയുമെന്നുമാണ് അനുമാനം.
മുൻകാലങ്ങളിൽ നിരവധി ദേശീയ നേതാക്കളെ സംഭാവന ചെയ്തതാണ് കർണാടകയുടെ രാഷ്ട്രീയം. സംസ്ഥാനത്തുനിന്ന് ഒരു പ്രധാനമന്ത്രി പോലും നമുക്കുണ്ടായി. തലയെടുപ്പുള്ള അനേകം ദേശീയ നേതാക്കളെയും നൽകി. കോൺഗ്രസ് അധ്യക്ഷൻ ഈ നാട്ടുകാരനാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മോഡി-രാഹുൽ പോരാട്ടമായി അവതരിപ്പിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കിൽ, ദേശീയ-പ്രാദേശിക ഏറ്റുമുട്ടലായി കാണാനാണ് കോൺഗ്രസ് താൽപര്യപ്പെടുന്നത്. കർണാടകയുടെ തെരഞ്ഞെടുപ്പ് ചരിത്രം കഥയുടെ ഇരുവശങ്ങൾക്കും പിന്തുണ നൽകുന്നു. നിലവിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏത് ആഖ്യാനമാണ് കൂടുതൽ ശക്തമാകുന്നത് എന്നത് രസകരമായിരിക്കും.






