ദുബായ്- മൂന്നു ലക്ഷം ദിർഹവുമായി ദുബായിൽ പോലീസ് യാചകനെ പിടികൂടി. അംഗഭംഗം വന്നയാളായി വേഷമിട്ട യാചകന്റെ വ്യാജ കൃത്രിമ കാലിൽ ഒളിപ്പിച്ച നിലയിലാണ് മൂന്നു ലക്ഷം ദിർഹം കണ്ടെത്തിയത്. പള്ളികൾക്കു സമീപം ഭിക്ഷാടനം നടത്തുകയായിരുന്നു ഇയാൾ. വിസിറ്റ് വിസയിൽ രാജ്യത്ത് എത്തിയ ഇയാളെ ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആളുകളുടെ സഹതാപം തേടാൻ വിവിധ തന്ത്രങ്ങൾ പ്രയോഗിക്കുന്ന യാചകരിൽ വഞ്ചിതരാകരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. മറ്റൊരു സംഭവത്തിൽ 70,000 ദിർഹം, 46,000 ദിർഹം, 44,000 ദിർഹം എന്നിങ്ങനെയുള്ള തുകകളുമായി മൂന്ന് ഭിക്ഷാടകരെ പോലീസ് പിടികൂടി. ഒരു മാസത്തെ സന്ദർശന വിസയിൽ രാജ്യത്തേക്ക് എത്തിയ ഒരു ഏഷ്യൻ വനിതയിൽ നിന്ന് 100,000 ദിർഹം മോഷ്ടിച്ചതായി പോലീസിന് ഫോൺ ലഭിച്ചു. ഭിക്ഷാടനത്തിൽ നിന്നാണ് യുവതി ഇത്രയും തുക സ്വരൂപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അറസ്റ്റിലായ ഭിക്ഷാടകരിൽ 90 ശതമാനവും സന്ദർശകരാണ്. യു.എ.ഇ ഒരു സമ്പന്ന രാജ്യമാണെന്നും ഇവിടുത്തെ ആളുകൾ എപ്പോഴും സഹായിക്കാൻ ആഗ്രഹിക്കുന്നതിനാലുമാണ് ആളുകൾ ഭിക്ഷാടനത്തിന് ദുബായ് തെരഞ്ഞെടുക്കുന്നത്. റമദാനിലാണ് കൂടുതൽ പേർ എത്തുന്നത്. ഇവരെ പിടികൂടാൻ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഉണ്ടെന്ന് ദുബായ് പോലീസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ക്രിമിനൽ ആന്റ് ഇൻവെസ്റ്റിഗേഷൻസ് ഫോർ അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സയീദ് സുഹൈൽ അൽ അയാലി പറഞ്ഞു.
ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ്' എന്ന മുദ്രാവാക്യമുയർത്തി കാമ്പയിൻ ആരംഭിച്ചു. ഭിക്ഷാടനം സമൂഹത്തിലേക്ക് നുഴഞ്ഞുകയറുന്ന ഒരു നാഗരിക വിരുദ്ധ പ്രതിഭാസമാണെന്നും വിശുദ്ധ റമദാൻ മാസത്തിൽ ഇത് വർദ്ധിക്കുമെന്നും അൽ അയാലി ഊന്നിപ്പറഞ്ഞു. യാചകരിൽ വഞ്ചിതരാകരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
'മിക്ക യാചകരും തട്ടിപ്പുകാരാണ്, അവർ റമദാനിൽ വിസിറ്റ് വിസയിൽ വന്ന് പള്ളികൾക്ക് ചുറ്റും കറങ്ങുന്നു. അവരോട് സഹതപിക്കരുത്, പകരം നിങ്ങളുടെ സഹായമോ പണമോ രാജ്യത്തെ ചാരിറ്റി സംഘടനകൾക്ക് നൽകുക. സമൂഹമാധ്യമങ്ങളിലൂടെ ഭിക്ഷാടനം നടത്തുന്നതിനെതിരെയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സഹായം ആവശ്യമുള്ള ദരിദ്രരെക്കുറിച്ച് സോഷ്യൽ നെറ്റ്‌വർക്കുകളിൽ സന്ദേശങ്ങളോ പോസ്റ്റുകളോ ലഭിക്കുമ്പോൾ ആളുകൾ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.