Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിശുദ്ധ റമദാനില്‍ സൗദിയില്‍ ഉച്ചഭാഷണി നിരോധിച്ചുവെന്ന് സംഘ്പരിവാര്‍ പ്രചാരണം; വസ്തുത അറിയാം

ന്യൂദല്‍ഹി- വിശുദ്ധ റമദാനില്‍ സൗദി അറേബ്യയില്‍ ഉച്ചഭാഷിണി നിരോധിച്ചുവെന്ന് ഇന്ത്യയില്‍ സംഘ്പരിവാര്‍ പ്രചാരണം. വിശുദ്ധ മാസമായ റമദാനില്‍ പള്ളികള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ അടുത്തിടെ അധികൃതര്‍ നല്‍കിയ സര്‍ക്കുലര്‍ ഉദ്ധരിച്ചുകൊണ്ടാണ് വ്യാജ പ്രചാരണം.
സൗദിയില്‍ റമദാനില്‍ ലൗഡ് സ്പീക്കറുകള്‍ നിരോധിച്ചതായി ബിജെപി നേതാവ് സുരേന്ദ്ര പൂനിയ ആരോപിച്ച് ട്വിറ്റര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ റമദാനില്‍ നമസ്‌കാരവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുകള്‍ പാസാക്കി. ലൗഡ്‌സ്പീക്കറുകള്‍ പാടില്ല. പ്രാര്‍ത്ഥനകളുടെ സംപ്രേഷണം പാടില്ല. പ്രാര്‍ത്ഥനകള്‍ ഹ്രസ്വമായിരിക്കണം. സംഭാവന ശേഖരണം പാടില്ല. പ്രാര്‍ത്ഥനക്കായി പള്ളികളില്‍ കുട്ടികളെ കൊണ്ടുവരുരുത്. പള്ളികളില്‍ ഇഫ്താര്‍ പാടില്ല എന്നിവ കുറിച്ചതിനുശേഷം  നിങ്ങള്‍ ഇത് ഇന്ത്യയില്‍ ചെയ്താല്‍ ഒരു കൊടുങ്കാറ്റ് തന്നെ ഉണ്ടാകുമെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ  ട്വീറ്റ്. ഇതിനു പിന്നാലെ സംഘ്പരിവാറുകാര്‍ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഏറ്റുപിടിച്ചു.
സൗദി അറേബ്യയില്‍ റമദാന്‍ നിയന്ത്രിക്കാന്‍ കിരീടാവകാശി ശ്രമിക്കുന്നതായി ന്യൂസ് 18 ഡോട്ട് കോം, ദി പ്രിന്റ്, ലൈവ് ഹിന്ദുസ്ഥാന്‍, എബിപി, ഇന്ത്യ ടിവി, വലതുപക്ഷ മാധ്യമ സ്ഥാപനമായ ഒപ്ഇന്ത്യ തുടങ്ങിയ വയും വ്യാജ അവകാശവാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആള്‍ട്ട് ന്യൂസിന്റെ വസ്തുതാ പരിശോധനാ സംഘം ഈ അവകാശവാദം പൂര്‍ണമായും നിരാകരിച്ചു. മാര്‍ച്ച് മൂന്നിന് മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ഉച്ചഭാഷിണി നിരോധിക്കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
റമദാന്‍ മാസത്തില്‍ ഇമാമുമാരും മുഅദ്ദിന്‍മാരും പള്ളികളില്‍നിന്ന് വിട്ടുനില്‍ക്കരുതെന്നാണ് സൗദി അധികൃതര്‍ നല്‍കിയ പ്രധാന നിര്‍ദേശം. ആവശ്യമെങ്കില്‍ അവര്‍ മന്ത്രാലയത്തിന്റെ റീജിയണല്‍ ബ്രാഞ്ചില്‍ നിന്നുള്ള അനുമതിയോടെ പകരം ചുമതലക്കാരെ നിയോഗിക്കണം. ഇമാമുമാരും മുഅദ്ദിനുകളും കൂടുതല്‍ ദിവസം വിട്ടുനില്‍ക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പ്രത്യേകം പറയുന്നു.
എല്ലാ പ്രാര്‍ത്ഥനകളുടെയും സമയം കൃത്യമായി പാലിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. രാത്രി നമസ്‌കാരം ചുരുക്കണമെന്നും പള്ളികളിലെത്തുന്ന വിശ്വാസികളുടെ സൗകര്യം കണക്കിലെടുക്കണമെന്നും ഇമാമാരോട് ആവശ്യപ്പെട്ടിരുന്നു.
ഇഫ്താറുകള്‍ സംഘടിപ്പിക്കാന്‍ പള്ളികള്‍  സംഭാവനകള്‍ ശേഖരിക്കാന്‍ പാടില്ല. നോമ്പ് തുറകള്‍ പള്ളിക്കകത്ത് പാടില്ലെന്നും  മസ്ജിദ് അങ്കണങ്ങളില്‍ പ്രത്യേക സ്ഥലങ്ങള്‍ ഒരുക്കണമെന്നുമാണ് ഇഫ്താറുമായി ബന്ധപ്പെട്ട നിര്‍ദേശം.
മസ്ജിദുകളില്‍ വിശ്വാസികള്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റേയും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റേയും ഫോട്ടോകള്‍  എടുക്കുന്നതും ഏതുതരം മാധ്യമങ്ങളിലൂടെയും അവ സംപ്രേഷണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.  പള്ളികളിലേക്ക് വരുമ്പോള്‍ കുട്ടികളെ കൊണ്ടുവരുന്നതും മന്ത്രാലയം വിലക്കി.
പള്ളികളില്‍  ബാങ്കും ഇഖാമത്തും വിളിക്കാന്‍ മാത്രമേ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാവൂയെന്നത് 2021ല്‍ ഇസ്ലാമിക കാര്യ മന്ത്രി അബ്ദുല്ലത്തീഫ് ആലുശൈഖ്  നല്‍കിയ നിര്‍ദേശമാണ്. പള്ളികളില്‍നിന്ന് പുറമേക്കുള്ള  ഉച്ചഭാഷിണികളുടെ ഉപയോഗം പരിമിതപ്പെടുത്താനായിരുന്നു ഇത്. ലൗഡ് സ്പീക്കര്‍ ഉപകരണത്തിന്റെ ലൗഡ്‌നസ് ലെവല്‍ മൂന്നിലൊന്ന് കവിയാന്‍ പാടില്ലെന്നും  നിബന്ധന വെച്ചിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ പുറമേക്കുള്ള ഉച്ചഭാഷിണികളുടെ എണ്ണം നാലായി പരിമിതപ്പെടത്തുകയും ബാങ്കിനും ഇഖാമത്തിനും മാത്രമേ ഉപയോഗിക്കാവൂയെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.  
സൗദിയില്‍ ഉച്ചഭാഷിണി ഉപയോഗത്തില്‍ നിയന്ത്രണമുണ്ടെങ്കിലും അതൊന്നും കണക്കിലെടുത്താണ് പാടേ നിരോധിച്ചുവെന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News