വീണ്ടും പാണക്കാട് സാദിഖലി തങ്ങള്‍ കിളിനക്കോട് ക്ഷേത്രത്തിലെത്തി, ഇത്തവണ എത്തിയത് ഉത്സവം കൂടാന്‍

വേങ്ങര : ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വീണ്ടും അതേ ക്ഷേത്ര മുറ്റത്ത്  ഉത്സവത്തില്‍ പങ്കെടുക്കാനെത്തി. വേങ്ങര കിളിനക്കോട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനാണ് മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങള്‍ എത്തിയത്. തങ്ങളെ ആദരവോടെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു. മലപ്പുറത്തിന്റെ സംസ്‌കാരമാണ് സാദിഖലി തങ്ങളുടെ ക്ഷേത്രം സന്ദര്‍ശനത്തിലെ സന്ദേശമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്ന ഘട്ടത്തില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാക്കണമെന്ന് സാദിഖലി തങ്ങളും  പറഞ്ഞു.
വര്‍ഷങ്ങള്‍ പഴക്കമുള്ള വേങ്ങര കിളിനക്കോട് ദേവീ ക്ഷേത്രത്തില്‍ പത്ത് മാസം മുന്‍പാണ് പുനഃപ്രതിഷ്ഠ ചടങ്ങ് നടത്തിയത്. അന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നത് സാദിഖലി തങ്ങളായിരുന്നു. പുനഃപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ക്ഷേത്രോത്സവത്തിന് വീണ്ടും എത്തണമെന്ന  ക്ഷേത്രം ഭാരവാഹികളുടെ ആഗ്രഹം സാദിഖലി തങ്ങള്‍ സഫലമാക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ക്ഷേത്രത്തിലെത്തിയ അദ്ദേഹം ഉത്സവത്തിനെത്തിയ നാട്ടുകാരുമായി സ്‌നേഹം പങ്കിട്ട ശേഷമാണ് മടങ്ങിയത്. നാല് ദിവസങ്ങളിലായാണ് ക്ഷേത്രത്തില്‍ വിപുലമായ ഉത്സവം സംഘടിപ്പിക്കുന്നത്. 

 

Latest News