റിയാദ്- റമദാന്‍ മാസവും സ്‌കൂള്‍ അവധിയും ഒന്നിച്ചെത്തിയതോടെ സൗദി അറേബ്യയിലേക്ക് ഫാമിലി വിസിറ്റ് വിസ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഹൗസ് ഡ്രൈവര്‍ അടക്കം വ്യക്തിഗത വിസയിലുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഫാമിലി വിസിറ്റ് വിസ ലഭിക്കുമെന്നായതോടെ എല്ലാവരും ബന്ധുക്കളെ കൊണ്ടുവരാന്‍ വിസക്ക് അപേക്ഷിച്ചിരിക്കുകയാണ്. ഇതോടെ സൗദി വിദേശകാര്യമന്ത്രാലയത്തിലെ വെബ്‌സൈറ്റില്‍ വിസ അനുവദിക്കുന്നതിനും നാട്ടില്‍ കോണ്‍സുലേറ്റില്‍ നിന്ന് വിസ സ്റ്റാമ്പ് ചെയ്യുന്നതിനും കാലതാമസം നേരിടുന്നു.
ആറായിരത്തിലധികം പാസ്‌പോര്‍ട്ടുകളാണ് ദിനംപ്രതി മുംബൈ കോണ്‍സുലേറ്റിലെത്തുന്നതെന്നാണ് വിവരം. തൊഴില്‍ വിസയും ഉംറ വിസയും ഇവയിലുള്‍പ്പെടുമെങ്കിലും ഫാമിലി വിസിറ്റുകളാണ് പ്രധാനമായും ഉളളത്. മാതാപിതാക്കള്‍, ഭാര്യ, സഹോദരങ്ങള്‍, മാതൃ പിതൃ സഹോദരങ്ങള്‍ അടക്കം വിവിധ വിഭാഗത്തില്‍ പെടുന്ന കുടുംബാംഗങ്ങള്‍ക്ക് വിസ ലഭിക്കുമെന്നതിനാല്‍ പരമാവധി പേര്‍ക്ക് ഒന്നിച്ച് വിസ അപേക്ഷ നല്‍കുകയാണ്. പത്തു വരെ അംഗങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കുന്നവരുമുണ്ട്. കോണ്‍സുലേറ്റില്‍ ട്രാവല്‍ ഏജന്‍സികള്‍ സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടുകളില്‍ അധികവും സ്റ്റാമ്പിംഗിന്റെ പകുതി നടപടികള്‍ പൂര്‍ത്തിയാക്കി ബാക്കി രണ്ട് ആഴ്ചക്ക് ശേഷം വീണ്ടും സബ്മിറ്റ് ചെയ്യാനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. കുടുതല്‍ പേരുള്ള അപേക്ഷകളില്‍ ചിലരുടെ പാസ്‌പോര്‍ട്ടുകള്‍ പിന്നീട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് തിരിച്ചയക്കുന്നു. ചില പാസ്‌പോര്‍ട്ടുകള്‍ക്ക് വിസാ നടപടികള്‍ കഴിഞ്ഞു സ്റ്റാമ്പിംഗ് പ്രിന്റ് ലഭിക്കുന്നില്ല. സാങ്കേതിക പ്രശനം മാത്രമാണിതെന്നും റിജക്ട് ചെയ്ത പാസ്‌പോര്‍ട്ടുകളില്‍ രണ്ടാഴ്ചക്കുള്ളില്‍ വിസാ സ്റ്റാമ്പിങ്ങ് പൂര്‍ത്തിയാക്കുമെന്നാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് യാത്രക്കാരെയും ട്രാവല്‍ ഏജന്‍സികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സൗദി അറേബ്യയില്‍ ഒരു മാസം മുമ്പ് വരെ ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കുമ്പോള്‍ രണ്ട് ദിവസത്തിനകം ഓണ്‍ലൈനില്‍ വിസ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടും മൂന്നും ആഴ്ചകള്‍ വിസ ലഭിക്കാന്‍ സമയമെടുക്കുന്നുണ്ട്. എന്നാല്‍ വിസ ലഭിച്ച് സ്റ്റാമ്പിംഗിന് സബ്മിറ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ പലരും ടിക്കറ്റ് എടുത്തുവെച്ചിരുന്നു. വിസ സ്റ്റാമ്പിംഗിന് സമയമെടുക്കുന്നതിനാല്‍ നേരത്തെ ടിക്കറ്റ് എടുത്തുവെച്ചവരെല്ലാം ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാണ്. ടിക്കറ്റ് മറ്റൊരു സമയത്തേക്ക് നീട്ടാന്‍ കൂടുതല്‍ പണം നല്‍കേണ്ടിവരുന്നു. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കാലതാമസം വരുന്നതിനാല്‍ വിസ സ്റ്റാമ്പ് ചെയ്തുവെന്ന് ഉറപ്പുവരുത്തുന്നതിന് മുമ്പ് ആരും ടിക്കറ്റ് ബുക്ക് ചെയ്യരുതെന്നും ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്നും റിയാദ് റോയല്‍ ട്രാവല്‍സ് ബ്രാഞ്ച് മാനേജര്‍ അബ്ദുസ്സമദ് മലയാളം ന്യൂസിനോട് പറഞ്ഞു.