രഹസ്യബന്ധമെന്ന് സംശയം, ഹണിമൂണ്‍ കഴിയുംമുമ്പെ ഭാര്യയെയും അമ്മയേയും വെട്ടിക്കൊന്നു

ഹൈദരാബാദ്- ഹണിമൂണ്‍ കഴിയുംമുമ്പെ ഭാര്യയെയും ഭാര്യാമാതാവിനെയും നവവരനും അച്ഛനും ചേര്‍ന്ന് വെട്ടിക്കൊന്നു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ചിന്താലമുനി സ്വദേശിയായ ശ്രാവണ്‍കുമാറും(28) അച്ഛന്‍ വെങ്കടേശ്വരലുവുമാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ശ്രാവണിന്റെ ഭാര്യ കൃഷ്ണവേണി(23), അമ്മ രമാദേവി(50) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ശ്രാവണിന്റെ ഭാര്യാപിതാവായ പ്രസാദിന് ഗുരുതരപരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്.
ഹൈദരാബാദിലെ സ്വകാര്യബാങ്കില്‍ ജീവനക്കാരനായ ശ്രാവണ്‍കുമാര്‍ ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് കുര്‍ണൂലിലെ വീട്ടില്‍ തിരിച്ചെത്തിയത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചൊവ്വാഴ്ച കൃഷ്ണവേണിയും മാതാപിതാക്കളും ഇവിടേക്കെത്തി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ശ്രാവണും അച്ഛനും ചേര്‍ന്ന് മൂവരെയും ആക്രമിച്ചത്.
കൃഷ്ണവേണിയും ശ്രാവണ്‍കുമാറും മാര്‍ച്ച് ഒന്നിനാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനുംദിവസങ്ങള്‍ക്ക് ശേഷം ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ശ്രാവണിന് സംശയമുണ്ടായി. കൃഷ്ണവേണിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയിട്ടും ഇവരുടെ മാതാപിതാക്കള്‍ ഈ ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഇയാള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഭാര്യയെയും മാതാപിതാക്കളെയും വകവരുത്താന്‍ ശ്രാവണ്‍ തീരുമാനിച്ചത്. ഇതിനെ അച്ഛന്‍ പിന്തുണയ്ക്കുകയും ചെയ്തു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

 

Latest News