Sorry, you need to enable JavaScript to visit this website.

സൗദി യുവാവിന് നന്ദി, ഇന്ത്യക്കാരനായ ഡ്രൈവര്‍ ജയില്‍ മോചിതനായി

അബഹ- നാലു പേര്‍ മരിച്ച വാഹനാപകടത്തെ തുടര്‍ന്ന് ജയിലിലായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ ഡ്രൈവര്‍ അവദേശ് സാഗര്‍ മോചിതനായി. റിയാദ് സ്വദേശിയായ ഹാദ് ഹമൂദ് ഖഹ്താനിയെന്ന സൗദി യുവാവ് മുന്നിട്ടിറങ്ങിയാണ് കോടതി വിധിച്ച
ദിയാ ധനം കെട്ടിവെച്ച് സാഗറിനെ ജയിലില്‍നിന്ന് പുറത്തിറക്കിയത്. കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ സുമനസ്സുകളില്‍നിന്ന് ശേഖരിച്ച പണം കെട്ടിവെക്കാനും അവദേശ് സാഗറിനെ പുറത്തിറക്കാനും സാധിച്ചു.

പോലീസുകാരില്‍നിന്ന് കേട്ട വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ദൗത്യത്തിനിറങ്ങിയ ഹാദി ഹമൂദിന് സൗദികളില്‍നിന്നുള്ള അപാരമായ മാനവികതയുടേയും കരുണയുടേയും കഥകളാണ് പറയാനുള്ളതെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ പ്രസിഡന്റും ജിദ്ദ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം മെമ്പറുമായ അഷ്‌റഫ് കുറ്റിച്ചല്‍ പറയുന്നു.

പേരു വ്യക്തമാക്കരുതെന്നു പറഞ്ഞ് നാലര ലക്ഷം റിയാല്‍  ബാങ്കില്‍ നേരിട്ടെത്തി അടച്ച സൗദി പൗരനെ കുറിച്ചും മുഴുവന്‍ തുകയും താന്‍ തരാമെന്നു  ഫോണില്‍ വിളിച്ച്  ഉറപ്പു നല്‍കിയ സൗദി വനിതയെ കുറിച്ചും ഹാദി പറയുന്നു. നഷ്ടപരിഹാരത്തുക നല്‍കാനില്ലാതെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരനെ കുറിച്ച്
ഖൂവൈ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥന്‍ മാജിദ് ഫാലഹ് സിഹൈമാണ് ഹാദി ഹമൂദിനെ അറിയിച്ചിരുന്നത്.
ഇതൊക്കെ കേട്ടപ്പോള്‍ കരുണവറ്റാത്ത സൗദി സമൂഹത്തിന്റെ തണലില്‍ കഴിയുന്ന നമ്മള്‍ പ്രവാസികള്‍ എന്തുമാത്രം  ഭാഗ്യവാന്മാരാണെന്നാണ് ഓര്‍ത്തതെന്ന് അഷ്‌റഫ് കുറ്റിച്ചല്‍ പറഞ്ഞു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


യാതൊരു തരത്തിലുള്ള മുന്‍ പരിചയമോ ബന്ധമോ ഇല്ലാതിരുന്നിട്ടും നിസ്സഹായനായ ഒരാളെ രക്ഷിക്കാനാണ് സൗദി പൗരന്‍ മുന്നിട്ടിറങ്ങിയത്. നാട്ടില്‍ സ്വന്തമായി വീടുപോലുമില്ലാത്ത എട്ടു മക്കളുടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഇന്ത്യാക്കാരനാണ് ഒടുവില്‍ അപ്രതീക്ഷിതമായി ജയില്‍ മോചിതനാകുന്നതെന്ന് ഓര്‍ക്കണം. ഈയൊരു ശ്രമം നടന്നിരുന്നില്ലെങ്കില്‍ യു.പിയിലെ വാരണാസിക്കു സമീപം ജാന്‍പൂര്‍ സ്വദേശിയും 58 കാരനുമായ സാഗര്‍ ഇനിയും സൗദി ജയിലില്‍തന്നെ കഴിയേണ്ടി വരുമായിരുന്നു.

ഹാദിയൊടപ്പം ഈ ദൗത്യത്തില്‍ പങ്കാളികളായ സൗദി സമൂഹത്തെ കുറിച്ച് മറക്കാനാവില്ലെന്നും  ഹാദിയുടെ സ്‌നേഹത്തിനും കരുണവറ്റാത്ത മനസ്സിനും, സഹജീവിയോടുള്ള കരുതലിനും നിഷ്‌കളങ്കതക്കും ഇന്ത്യന്‍ സമൂഹത്തിന്റെ നന്ദി അറിയിച്ചതായും അഷ്‌റഫ് കുറ്റിച്ചല്‍ പറഞ്ഞു. ഒ.ഐ.സി.സിയുടെ  ഉപഹാരവും അവദേശ് സാഗറിന് ഇന്ത്യയിലേക്കു മടങ്ങിപ്പോകാനുള്ള ടിക്കറ്റിന്റെ തുകയും നല്‍കി. ജയിലില്‍ കിടന്നതിനാല്‍ നഷ്ടമായ വേതനം കണക്കാക്കി അവദേശിനു നല്‍കുമെന്നും ഹാദി അറിയിച്ചിട്ടുണ്ട്.
ഒ ഐ സി സി നേതാക്കളായ പ്രസാശന്‍ നാദാപുരം, അന്‍സാരി റഫീഖ്, ഹബീബ് റഹ്മാന്‍, രാധാ കൃഷ്ണന്‍ കോഴിക്കോട് എന്നിവരും ഹാദിയേയും സാഗറിനേയും സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.

 

 

 

 

Latest News