Sorry, you need to enable JavaScript to visit this website.

VIDEO - പ്രവാസികൾ ഹൃദയാഘാതം വന്നു മരിക്കുന്നതിൽ അത്ഭുതമില്ല

ഡോ. വിനിത പിള്ള

പതിനാറു വർഷമായി ജിദ്ദയിൽ ഡോക്ടറായി സേവനം ചെയ്യുന്ന വിനിത പിള്ള മലയാളികളുടെ  ആരോഗ്യത്തെയും ജീവിതശൈലികളെയും സംബന്ധിച്ച് മലയാളം ന്യൂസ് ലേഖകൻ വഹീദ് സമാനുമായി സംസാരിക്കുന്നു.


കഴിഞ്ഞ ദിവസം പരിശോധനാ മുറിയിലിരിക്കെ ഒരാൾ വന്നു. പ്രായം അറുപതിനോട് അടുത്തുണ്ട്. തലേദിവസം രാത്രി മുതൽ നെഞ്ചുവേദന അനുഭവിക്കുന്നതിന്റെ വേദനയിലാണ്. അധികം സംസാരിക്കാനൊന്നും കഴിയുന്നില്ല. ഗ്യാസിന്റെ വേദനയാകും എന്ന് സമാധാനിച്ചാണ് ഇരിക്കുന്നത്. കണ്ടപ്പോൾ തന്നെ ഹൃദയാഘാതത്തിന്റെ ലക്ഷണമാണെന്ന് തോന്നി. ഉടൻ അയാളെയുമായി ഇ.സി.ജി മുറിയിലേക്ക് പോയി. റിസൽട്ട് വന്നപ്പോൾ സംശയിച്ചതു സത്യമായിരുന്നു. കടുത്ത ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. അയാൾക്ക് ആരോഗ്യ ഇൻഷുറൻസും ഉണ്ടായിരുന്നില്ല. എങ്കിലും ഉടൻ ഡ്രൈവറെയും കൂട്ടി സർക്കാർ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. പോളി ക്ലിനിക്കുകളേക്കാൾ ഇത്തരം സന്ദർഭങ്ങളിൽ ആശ്രയിക്കേണ്ടത് ആശുപത്രികളെയാണ്. അറുപത് വയസുള്ള ഒരാളുടെ കഥയാണ് ഇതെങ്കിൽ ഹൃദയാഘാതം അതിന്റെ നടപ്പു രീതി മാറ്റിയിരിക്കുന്നു എന്നാണ് പുതിയ സംഭവങ്ങൾ ഓരോ ദിവസവും വിളിച്ചു പറയുന്നത്. ഇരുപതും ഇരുപത്തിയഞ്ചും വയസ് പ്രായമുള്ളവരിലെല്ലാം ഹൃദയാഘാതം തേരോട്ടം നടത്തി തുടങ്ങിയിരിക്കുന്നു. പുരുഷൻമാരിൽ മാത്രമല്ല, സ്ത്രീകളിലും പെട്ടെന്ന് ആളെക്കൊല്ലുന്ന ഈ രോഗം താണ്ഡവം തുടങ്ങിക്കഴിഞ്ഞു.

ഹൃദയാഘാതം മൂലം മരിക്കുന്ന പ്രവാസികളുടെ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷണക്രമം മാറിയത് തന്നെയാണ്. നഗരവത്കരണം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ആരോഗ്യത്തിന് യോജിക്കാത്ത തരത്തിലുള്ള ഭക്ഷണങ്ങൾ പതിവായി തെരഞ്ഞെടുക്കേണ്ടി വരുന്നു. കുട്ടികളിൽ അടക്കം ഈ പ്രവണതയുണ്ട്. ഭൂരിഭാഗം പ്രവാസികളും ബാച്ചിലേഴ്‌സ് ജീവിതം നയിക്കുന്നവരാണ്. പെട്ടെന്ന് ലഭ്യമാകുന്നു എന്നതിനാൽ പലരും തെരഞ്ഞെടുക്കുന്നത് ജംഗ് ഫുഡുകളാണ്. ഹൃദയരോഗത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇത്. 

മറ്റൊരു പ്രധാന കാരണങ്ങളിലൊന്ന് പ്രവാസികൾക്ക് ഇടയിൽ കുറഞ്ഞുവരുന്ന ഫിസിക്കൽ ആക്ടിവിറ്റി ഇല്ലായ്മയാണ്. ഒരു തരത്തിലുള്ള വ്യായാമത്തിനും പ്രവാസികൾ തയ്യാറല്ല. പലരുടെയും വിചാരം അരമണിക്കൂർ നടന്നാൽ വ്യായാമമായി എന്നാണ്. യഥാർത്ഥത്തിൽ കൃത്യമായ വ്യായാമത്തിന്റെ പൂർണമായ പരിധിയിൽ ഒരിക്കലും നടത്തം വരുന്നില്ല. 
പ്രവാസികളെ എടുത്തുനോക്കിയാൽ ഏറ്റവും ചുരുങ്ങിയത് നാൽപത് ശതമാനം ആളുകളിലെങ്കിലും പ്രമേഹം, കൊളസ്‌ട്രോൾ,രക്തസമർദ്ദം എന്നിവ കാണാം. ഇതിലേതെങ്കിലും ഒന്നു മാത്രമുള്ളവരുടെ എണ്ണം ഇതിലും ഏറെയായിരിക്കും. ഈ അസുഖങ്ങൾ ഉള്ളവരിൽ ഹൃദയഘാത സാധ്യതയുണ്ട്. ഏതാനും കൊല്ലം മുമ്പ് വരെ പ്രായം ചെന്നവരിലാണ് ഹൃദയാഘാതം സംഭവിക്കൂ എന്നൊരു ധാരണ പലരും പുലർത്തിയിരുന്നു. എന്നാൽ പുതിയ സംഭവവികാസങ്ങൾ കാണിക്കുന്നത് ചെന്നുകയറാൻ പറ്റുന്ന എല്ലായിടത്തും ഹൃദയാഘാതം ആധിപത്യം ഉറപ്പിക്കുന്നു എന്നാണ്. കൗമാരക്കാരിലും യുവാക്കളിലും സ്ത്രീകളിലുമെല്ലാം ഏതു നിമിഷവും പണിമുടക്കാൻ തയ്യാറായാണ് ഹൃദയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഈയിടെയായി കേൾക്കുന്ന കുഴഞ്ഞുവീണു മരിച്ചു എന്ന സംഭവങ്ങളുടെയെല്ലാം പിന്നിൽ ഹൃദയാഘാതമാണ്. 

ആരോഗ്യപരമായ അവബോധം ആളുകളിൽ കുറവാണ്. എല്ലാതരത്തിലുള്ള വിവരസമ്പാദന സാധ്യതകളും ഉണ്ടായിട്ടും അതൊന്നും അംഗീകരിക്കാനോ സ്വീകരിക്കാനോ പലരും തയ്യാറല്ല. പ്രവാസികൾക്ക് വേണ്ടി നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആരോഗ്യബോധവത്കരണത്തിന് ആരും സമയം ചെലവിടുന്നില്ല. കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രാധാന്യം നൽകുന്നത്. ഓരോ രോഗിയോടും കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞുകൊടുക്കാൻ ഡോക്ടർമാർക്ക് പലപ്പോഴും സാധിക്കാറില്ല. അതിനുള്ള സമയം ലഭിക്കില്ല. അതേസമയം, ഇക്കാര്യത്തിൽ സംഘടനകൾക്ക് കാര്യമായി ചെയ്യാനാകും. രോഗത്തെ സ്വീകരിക്കാൻ ആളുകൾ തയ്യാറല്ല എന്നത് സങ്കടകരമാണ്. രോഗത്തെ അംഗീകരിച്ച് ആവശ്യമായ ചികിത്സ എടുക്കുക. ഷുഗറുണ്ടെന്ന് പരിശോധനയിലൂടെ വ്യക്തമായാൽ പോലും പലരും മരുന്ന് കഴിക്കാൻ തയ്യാറല്ല. പലർക്കും ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ എന്നിവ ഉണ്ടോ എന്ന് പോലും അറിയില്ല. ഉള്ളവർ തന്നെ മരുന്ന് കഴിക്കാൻ തയ്യാറാല്ല. മരുന്നു കഴിക്കുന്നവർ തന്നെ കൃത്യമായി കഴിക്കാനും ഒരുക്കമല്ല. ഹൃദയാഘാതം സംഭവിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക കാരണം കൊണ്ടല്ല. വിവിധ കാരണങ്ങൾ ഒന്നിച്ചോ, ഏതെങ്കിലുമൊന്ന് തനിച്ചോ ഹൃദയാഘാതത്തിന് കാരണമാകും. സ്ത്രീകളിലും ഹൃദയാഘാതം വരുന്നുണ്ട്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയാഘാതം കുറവായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങിനെയല്ല. 

30-35 വയസ് കഴിയുമ്പോൾ ജീവിതശൈലി മാറ്റാൻ തയ്യാറാകണം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണ രീതി മാറ്റുക എന്നതാണ്. നുട്രീഷ്യസ് ബാലൻസ് ഡയറ്റ് കഴിക്കണം. ദിവസവും വ്യായാമത്തിന് പ്രാധാന്യം നൽകി  45 മിനിറ്റെങ്കിലും നടക്കണം. കുടുംബത്തിൽ ഹാർട്ട് അറ്റാക്ക് തുടങ്ങിയ കാര്യങ്ങൾ ഉണ്ടായിരുന്നവർ നിർബന്ധമായും സാധാരണ ആരോഗ്യപരിശോധന നടത്തുക. പുകവലി, മദ്യപാനം എന്നിവ കുറക്കുക. സ്ട്രസ് ഒഴിവാക്കുക. ഉറക്കം കൃത്യമാക്കുക എന്നീ കാര്യങ്ങൾ ചെയ്യുക. 

ഒരു ലക്ഷണവും ആളുകൾ ഗൗരവമായി എടുക്കുന്നില്ല എന്നതും ഏറെ സങ്കടകരമാണ്. നെഞ്ചു വേദന വന്നാൽ പോലും പരമാവധി വെച്ചുതാമസിപ്പിക്കുന്നു. ശരീരത്തിന്റെ ഇടതുഭാഗത്തുനിന്ന് വേദന വന്നാൽ മാത്രമാണ് പലരും ശ്രദ്ധിക്കുന്നത്. നെഞ്ചിന്റെ മധ്യത്തിൽ വേദന വന്നാൽ ഗ്യാസിന്റെ വേദനയാണ് എന്ന് വിചാരിച്ച് എന്തെങ്കിലും മരുന്നുകൾ എടുത്തുകഴിക്കുന്നു. യഥാർത്ഥത്തിൽ രോഗിയല്ല, രോഗം നിർണ്ണയിക്കേണ്ടത്. ഡോക്ടറാണ്. എന്തു തരം വേദന വന്നാലും ഉടൻ ഡോക്ടറെ കാണണം. അതും സാധാരണ പോളി ക്ലിനിക്കുകളെ അല്ല ആശ്രയിക്കേണ്ടത്. എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രികളെയാണ്. പോളി ക്ലിനിക്കുകളിൽ പലപ്പോഴും കാർഡിയോളജിസ്റ്റിന്റെ സേവനം പോലും ഉണ്ടാകാറില്ല. എത്രയും വേഗം ചികിത്സ തേടി ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് പ്രധാനം. 


 

Latest News