മുങ്ങിനടക്കുന്ന നീരവ് മോഡിയെ 'പട്ടിണിക്കിട്ട്' കുരുക്കിലാക്കാന്‍ കേന്ദ്ര നീക്കം

ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ വെട്ടിച്ച് വിദേശത്തേക്ക് കടന്ന രത്‌നവ്യാപാരി നീരവ് മോഡിയുടെ വിദേശ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള പണമൊഴുക്ക് തടയാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം. വിദേശ രാജ്യങ്ങളിലെ നീരവിന്റെ ആസ്തികള്‍ മരവിപ്പിച്ച് അദ്ദേഹത്തിന്റെ നില പരുങ്ങലിലാക്കി പിടികൂടാമെന്ന കണക്കു കൂട്ടലിലാണ് അധികൃതര്‍. സമാന തട്ടിപ്പു നടത്തി മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയുടേയും ലളിത് മോഡിയുടേയും കാര്യത്തിലുണ്ടായ പിഴവ് ആവര്‍ത്തിക്കാതിരിക്കാനാണു അന്വേഷണ ഏജന്‍സികളുടെ പുതിയ നീക്കം. നീരവ് മോഡിക്ക് ആസ്തികളുള്ള വിദേശ രാജ്യങ്ങള്‍ക്ക് ഇതു സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ കത്ത് നല്‍കിയിട്ടുണ്ട്.

ഇതിനു പുറമെ പഞ്ചാബ് നാഷണല്‍ ബാങ്കും കോര്‍പറേറ്റ് കാര്യ മന്ത്രാലയവും യുഎസ്, ബ്രിട്ടന്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ നീരവിന്റെ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാട് നിയന്ത്രിക്കാന്‍ നിയമനപടികളുമായി മുന്നോട്ടു പോകുന്നുണ്ട്. വിദേശത്ത് നിയമ നടപടികള്‍ നേരിടുന്നതിന് വന്‍ പണച്ചെലവുണ്ട്. അക്കൗണ്ടുകളിലേക്കുള്ള പണമൊഴുക്ക് നിയന്ത്രിച്ചാല്‍ നീരവിന്റെ നില പരുങ്ങലിലാകുമെന്നാണ് കണക്കു കൂട്ടല്‍. 

കള്ളപ്പണം, അഴിമതി എന്നിവ സംബന്ധിച്ച വിവിധ യുഎന്‍ പ്രമേയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നീരവിനെ കുരുക്കിലാക്കാന്‍ ഇന്ത്യ വിദേശ രാജ്യങ്ങള്‍ക്ക് കത്തയിച്ചിട്ടുള്ളത്.
 

Latest News