ബെയ്ജിങ്- ഗ്വാങ്ഷുവിലെ യുഎസ് കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമിടയില്‍ ദുരൂഹമായി അജ്ഞാത രോഗം പടരുന്നു. നിഗൂഢമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരേയും കുടുംബാംഗങ്ങളേയും അമേരിക്ക തിരികെ നാട്ടിലെത്തിക്കുകയാണ്. അസാധാരണ ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനു തൊട്ടുപിറകെയാണ് രോഗ ലക്ഷണങ്ങല്‍ കണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ആരോഗ്യം ആശങ്കയിലായതിനെ തുടര്‍ന്ന് ഇവരെ നാട്ടിലെത്തിച്ച് പരിശോധന നടത്താനാണു അമേരിക്കന്‍ തീരുമാനം. കഴിഞ്ഞ മാസമാണ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആദ്യമായി ഒരു ഉദ്യോഗസ്ഥനെ അമേരിക്ക തിരിച്ചു വിളിച്ചത്. ഇതിനു ശേഷം പല ഉദ്യോഗസ്ഥരേയും അവരുടെ കുടുംബാംങ്ങളെയും തിരികെ അമേരിക്കയിലെത്തിച്ചതായി വിദേശകാര്യ വക്താവ് ഹീതര്‍ നൗവര്‍ട്ട് പറഞ്ഞു.
നേരത്തെ ക്യൂബയിലെ 24ഓളം അമേരിക്കന്‍ ഉദ്യോഗസ്ഥരെ ബാധിച്ചതിനു സമാനമായ ആരോഗ്യ പ്രശനമായി ഇതു മാറിയേക്കാമെന്ന ആശങ്കയിലാണ് അമേരിക്കന്‍ അധികൃതര്‍. ബുധനാഴ്ചയാണ അവസാനമായി ചൈനയില്‍ നിന്ന് അമേരിക്ക ഉദ്യോഗസ്ഥരെ അവസാനമായി തിരിച്ചു കൊണ്ടു പോയത്. ഇത് ഇനിയും തുടര്‍ന്നേക്കും. അമേരിക്കയിലെത്തിച്ച് വിദഗ്ധ ആരോഗ്യ പരിശോധനകള്‍ നടത്തി രോഗ നിര്‍ണയം നടത്തും. തിരികെ കൊണ്ടു പോയവരെ എല്ലാം തിരിച്ചു ചൈനയിലെത്തിക്കുമോ എന്നതു സംബന്ധിച്ചും യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നില്ല.
ചൈനയില്‍ ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത വിചിത്ര രോഗ ലക്ഷണങ്ങളാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പിടിപ്പെട്ടിരിക്കുന്നത്. മാര്‍ബിള്‍ കല്ലുകള്‍ ഉരുളുന്നതു പോലുള്ള ശബ്ദം കേട്ടതിനു ശേഷമാണ് കടുത്ത തലവേദനയും അസ്വസ്ഥതയും തുടങ്ങിയതെന്നും കുടുംബത്തോടൊപ്പം നാട്ടിലേക്കു തിരികെ പോകാനിരിക്കുകയാണെന്നും മാര്‍ക് ലെന്‍സി എന്ന നയതന്ത്ര ഉദ്യോഗസ്ഥന് വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. 2016-ലാണ് സമാനമായ രോഗലക്ഷണങ്ങല്‍ ക്യൂബയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ കണ്ടത്.






