ദുബായ് - ആഫ്രിക്കക്കാരിയായ ലൈംഗിക തൊഴിലാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പാക്കിസ്ഥാൻ പൗരനെ ദുബായ് പോലീസ് പിടികൂടി. പഴ്‌സിൽ നിന്ന് 150 ദിർഹം മോഷ്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിനിടെ 32കാരനായ പ്രതി കുറ്റം സമ്മതിച്ചു. ടോയ്‌ലറ്റിൽ കയറിയ സമയത്താണ് തന്റെ പഴ്‌സിൽ നിന്ന് യുവതി പണം മോഷ്ടിച്ചതെന്നും ഇതിൽ പ്രകോപിതനായി യുവതിയുടെ കഴുത്തിൽ പിടിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞതായി പ്രോസിക്യൂഷൻ രേഖകൾ പറയുന്നു. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. പ്രതിക്കെതിരെ ദുബായ് കോടതി കൊലക്കുറ്റം ചുമത്തി.
മാർച്ച് 23നാണ് സംഭവം നടന്നത്. അൽ ബറാഹയിലെ യുവതിയുടെ ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം പുറത്തുവരുന്നതായുള്ള സമീപവാസികളുടെ പരാതിയെ തുടർന്ന് പോലീസെത്തി വാതിൽ പൊളിച്ച് മുറി പരിശോധിച്ചപ്പോഴാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റിന്റെ ചാവിയും യുവതിയുടെ മൊബൈൽ ഫോണുകളും കാണാനില്ലാത്തത് സംശയത്തിനിടയാക്കി. തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതിയുടെ മൊബൈൽ ഒരു ഷോപ്പിൽ നിന്ന് ലഭിച്ചു. പ്രതി ഇവിടെ വിൽപ്പന നടത്തിയതായിരുന്നു. ഈ ഫോണിലെത്തിയ അവസാന കോളുകളുടെ വിവരം ശേഖരിച്ചാണ് പോലീസ് പാക്കിസ്ഥാൻ പൗരനായ പ്രതിയെ പിടികൂടിയത്. അൽ ഐനിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ലൈംഗിക തൊഴിലാളിയെ തേടിയാണ് ബനിയാസിൽ എത്തിയതെന്നും അങ്ങനെയാണ് യുവതിയെ സമീപിച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. 150 ദിർഹം പ്രതിഫലത്തിന് രണ്ടു തവണ ലൈംഗിക ബന്ധത്തിലേർപ്പെടാമെന്നായിരുന്നു കരാർ. എന്നാൽ പിന്നീട് പഴ്‌സിൽ നിന്ന് മറ്റൊരു 150 ദിർഹം കൂടി നഷ്ടപ്പെട്ടതാണ് യുവതിയുമായി വഴക്കിനിടയാക്കിയതെന്നും ഇയാൾ പറഞ്ഞു. പണം തിരികെ തരില്ലെന്നും വഴക്കിട്ടാൽ പോലീസിനെ വിളിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതോടെ കഴുത്ത് പിടിച്ച് ഞെരുക്കുകയായിരുന്നെന്ന് ഇയാൾ സമ്മതിച്ചു. യുവതിയുടെ 450 ദിർഹമും രണ്ടു മൊബൈൽ ഫോണുകളും മോഷ്ടിച്ച് ഫ്‌ളാറ്റ് പൂട്ടി ചാവിയുമായാണ് ഇയാൾ കടന്നു കളഞ്ഞത്.