വിമാനത്തില്‍ മാത്രമല്ല, ട്രെയിനിലും മൂത്രമൊഴിക്കല്‍ വിവാദം, ടിക്കറ്റ് പരിശോധകന് പണി പോയി

കൊല്‍ക്കത്ത : വിമാനത്തില്‍ എതാനും ദിവസങ്ങള്‍ക്കു മുന്‍പ് യാത്രക്കാരിയുടെ ശരീരത്തിലേക്ക് മദ്യലഹരിയിലായിരുന്ന ആള്‍ മൂത്രമൊഴിച്ചത് വലിയ വിവാദമാകുകയും ഇയാള്‍ ജയിലിലാകുകയും ചെയ്തിരുന്നു. അതിന് ശേഷവും വിമാനത്തില്‍ സമാനമായ സംഭവം ആവര്‍ത്തിക്കുകയുണ്ടായി. ഇപ്പോഴിതാ ട്രെയിനിലാണ് മൂത്രമൊഴിക്കല്‍ കൃത്യം അരങ്ങേറിയത്. മറ്റാരുമല്ല, ട്രെയിന്‍ ടിക്കറ്റ് പരിശോധകന്‍ തന്നെയാണ് മദ്യ ലഹരിയില്‍ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ചത്. എന്നാല്‍ സംഭവ സമയത്ത് ഇയാള്‍ ഡ്യൂട്ടിയിലായിരുന്നില്ല. അകല്‍ തക്ത് എക്‌സ്പ്രസ്സിലെ എ വണ്‍ കോച്ചില്‍ ഞായറാഴ്ച്ച അര്‍ധരാത്രി ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്കാണ് ടിക്കറ്റ് പരിശോധകനായ മുന്ന കുമാര്‍ മൂത്രമൊഴിച്ചത്. സ്ത്രീയുടെ നിലവിളി കേട്ടാണ് സഹയാത്രക്കാര്‍ ഉണര്‍ന്നത്. മൂത്രമൊഴിച്ചയാളെ സ്ത്രീ തന്നെ പിടികൂടുകയും ചെയ്തിരുന്നു. ട്രെയിന്‍ ചാര്‍ബാഗ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാളെ റെയില്‍വേ പൊലീസിന് കൈമാറി. മുന്ന കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മുന്ന കുമാറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്  അറിയിച്ചു.  ഇത്തരം പ്രവര്‍ത്തികള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് മുന്ന കുമാറിനെ പുറത്താക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ട്വീറ്റ് ചെയ്ത് കൊണ്ട് റെയില്‍വേ മന്ത്രി വ്യക്തമാക്കി.

 

Latest News