ദുബായ്- ലുലു ഗ്രൂപ്പിന് എതിരെ നടക്കുന്ന പ്രചാരണങ്ങളിൽ നിയമനടപടികളുമായി മുന്നോട്ടുപോകാൻ കമ്പനി തീരുമാനം. ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പിന് എതിരെ നടക്കുന്ന പ്രചാരണങ്ങൾ നിയമപരമായി നേരിടാനാണ് നീക്കം. ഇന്ന് (ചൊവ്വ) യു.ഇ.എയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തന്നെ ഇത് സംബന്ധിച്ച സൂചന നൽകി. ലുലു ഗ്രൂപ്പിന് ലോകത്തുടനീളം അഭിഭാഷകരുടെ സേവനമുണ്ടെന്നും നിയമപരമായിട്ട് നീങ്ങണം എന്നുണ്ടെങ്കിൽ അവർ അതു ചെയ്യുമെന്നും യൂസഫലി വ്യക്തമാക്കി. കേരള ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എം.എ യൂസഫലിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും സമൻസ് അയച്ചതായി അധികൃതർ അറിയിച്ചിരുന്നു. ഈ മാസം 16-ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ എത്താനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് ഒന്നിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. 2018ലെ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതിയിൽ വിദേശ സംഭാവന (റെഗുലേഷൻസ്) നിയമത്തിന്റെ ലംഘനം നടന്നു എന്നാണ് ഇ.ഡിയുടെ വാദം. എന്നാല്‍ നോട്ടീസ് നല്‍കിയത് സംബന്ധിച്ച് എം.എ യൂസഫലി പ്രതികരിച്ചില്ല. അക്കാര്യം റിപ്പോര്‍ട്ട് ചെയ്തവരോട് തന്നെ ചോദിക്കൂവെന്ന് അദ്ദേഹം മറുപടി നല്‍കി. പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനം ഇനിയും തുടരുമെന്ന് യൂസഫലി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ നടക്കുന്ന കുപ്രചാരണങ്ങൾ തന്നേയും കുടുംബത്തേയും ബാധിക്കില്ലെന്നും യുസഫലി പറഞ്ഞു. പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടി വരും. ഇതുകൊണ്ടൊന്നും തന്നെ ഭയപ്പെടുത്താൻ കഴിയില്ല. സമൂഹമാധ്യമങ്ങളിൽ കുടുംബത്തെ അടക്കം അപമാനിക്കുന്നവരുണ്ട്. അതൊക്കെ അവരുടെ സ്വാതന്ത്ര്യം. നിയമപരമായി നേരിടേണ്ടതുണ്ടങ്കിൽ അത് ലുലുവിന്റെ ലീഗൽ വിഭാഗം നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും താൻ ചെയ്യുന്ന പ്രവൃത്തികളിൽ നിന്നും നിക്ഷേപ സംരംഭങ്ങളിൽ നിന്നും തന്നെ പിന്തിരിപ്പിക്കില്ല. സമൂഹമാധ്യമങ്ങളിൽ പറയുന്നത് തന്നെയും ലുലുവിനെയും ബാധിക്കില്ലെന്നും യൂസഫലി പറഞ്ഞു. ഉത്തർപ്രദേശിലും ഗുജറാത്തിലും ചെന്നൈയിലും പുതിയ മാളുകൾ തുറക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളായിരിക്കും ഗുജറാത്തിലെ അഹമ്മദാബാദിൽ ആരംഭിക്കുക. തനിക്ക് ഗുജറാത്തി എഴുതാനും വായിക്കാനുമറിയാം. 310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി രൂപ ഇന്ത്യയ്ക്ക് ഉള്ളിലും ഒരു മാസം ശമ്പളമായി ലുലു ഗ്രൂപ്പ് നൽകുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കൊണ്ട് ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.