നിതാഖാത്തും ഓട്ടോ റിക്ഷയും

സൗദി അറേബ്യയിൽ ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച നിതാഖാത്ത് എന്ന സ്വദേശിവൽക്കരണത്തിൽ ബലിയാടായ പ്രവാസികളിൽ വലിയൊരു വിഭാഗം മലബാറിൽ നിന്നുള്ളവരായിരുന്നു. സൗദിയിലെ തൊഴിൽ മേഖലകളിൽ സ്വദേശികളെ നിയമിക്കുന്നതിനും അവർക്ക് തൊഴിലും വരുമാനവും ഉറപ്പു വരുത്തുന്നതിനുമാണ് സർക്കാർ നിതാഖാത്ത് നടപ്പാക്കിയത്. മലയാളികൾ അടക്കമുള്ള പ്രവാസികൾ ഏറെ കാലമായി ജോലി ചെയ്തുവന്നിരുന്ന മേഖലയിലാണ് നിതാഖാത്ത് പ്രധാനമായും നടപ്പിലായത്. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് പേർക്കാണ് ജോലി നഷ്ടമായത്. അപ്രതീക്ഷിതമായുണ്ടായ തൊഴിൽ നഷ്ടത്തിൽ സ്തബ്ദധരായി അവർ നാട്ടിൽ. കുറെ പേർ പുതിയ വിസയിൽ സൗദിയിലേക്കോ മറ്റു വിദേശ രാജ്യങ്ങളിലേക്കോ തിരിച്ചുപോയി. നിതാഖാത്തിന്റെ ആഘാതം അവസാനിക്കുന്നതിന് മുമ്പാണ് കോവിഡ് മഹാമാരി എത്തിയത്. ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇതും കാരണമായി. ഇത്തരത്തിൽ നാട്ടിൽ തിരിച്ചെത്തിയ ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികൾ ഭാവിയുടെ ഇരുളിലേക്ക് നോക്കി ഇപ്പോഴും കഴിയുകയാണ്. ഗൾഫ് ജീവിതത്തിന്റെ വസന്തകാലത്ത് ധാരാളിത്തത്തോടെ ജീവിച്ച അവർ പൊടുന്നനെ ജോലി നഷ്ടപ്പെട്ട് വരുമാനം നഷ്ടമായതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ വലയുകയാണ്.
ഗൾഫിലെ തൊഴിൽ പ്രതിസന്ധി കേരളത്തിൽ വ്യാപക ചർച്ചയായതോടെ സഹായ വാഗ്ദാനങ്ങളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സബ്‌സിഡിയോട് കൂടിയ വായ്പ, സംരംഭങ്ങൾ തുടങ്ങുന്നതിന് ഏകജാലക സംവിധാനം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് സർക്കാർ നൽകിയത്. എന്നാൽ വർഷങ്ങൾക്ക് ശേഷവും ഈ വാഗ്ദാനങ്ങളൊന്നും നടപ്പായില്ലെന്നാണ് ഭൂരിഭാഗം പ്രവാസികളും പറയുന്നത്.
സർക്കാർ സഹായം ലഭിക്കാത്തതിനാലും അതിന് കാത്തു നിൽക്കാത്തതിനാലും പുനരധിവാസം വൈകിയ സാധാരണക്കാരായ പല പ്രവാസികളും മലബാർ മേഖലയിൽ തൊഴിൽ തേടിയത് ഓട്ടോ റിക്ഷ സർവീസുകളിലാണ്. കുറഞ്ഞ മുതൽ മുടക്കിൽ ഒരു തൊഴിൽ, വരുമാനം എന്നതാണ് അവരെ ഈ മേഖലയിലേക്ക് ആകർഷിച്ചത്. മാത്രമല്ല, ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും ഇതിനായി വായ്പ അനുവദിക്കുന്നതും അവർക്ക് പ്രോൽസാഹനമായി.
വാഹന വിപണിയിൽ ഇലക്ട്രിക് തരംഗം ആരംഭിച്ചപ്പോൾ അത് മുതലെടുക്കാൻ ശ്രമിച്ചവരിൽ ഏറിയ പങ്കും പ്രവാസികളാണ്. നാലു ലക്ഷത്തിൽ താഴെ മൂലധനമിറക്കി ഒരു സ്വയംതൊഴിൽ കണ്ടെത്താമെന്നതാണ് അവരെ ഈ മേഖലയിലേക്ക് ആകർഷിച്ചത്. താരതമ്യേന പുതിയ തൊഴിൽ മേഖലയായ ഇലക്ട്രിക് ഓട്ടോയിലേക്ക് കടന്നവർ, പക്ഷേ ഇന്ന് നേരിടുന്നത് കടുത്ത പ്രതിസന്ധികളാണ്.
ഇലക്ട്രിക് ഓട്ടോ റിക്ഷകൾ വാങ്ങിയവർക്ക് അവ സർവീസ് നടത്തുന്നതിന് ഒട്ടേറെ തടസ്സങ്ങളാണ് നേരിടുന്നത്. പാരിസ്ഥിതിക മലിനീകരണം കുറക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറെ പ്രോൽസാഹനം നൽകുന്ന മേഖലയിണിത്. എന്നാൽ ഈ പ്രോൽസാഹനം കണ്ട് രംഗത്തിറങ്ങിയ പ്രവാസികൾ ഇപ്പോൾ പോലീസിൽ നിന്നും പെട്രോൾ-ഡീസൽ ഓട്ടോ ഡ്രൈവർമാരിൽ നിന്നും കടുത്ത പീഡനമാണ് നേരിടുന്നത്. മറ്റു വാഹനങ്ങൾക്ക് ആവശ്യമുള്ള പൊല്ലൂഷൻ ടെസ്റ്റ് ഈ വാഹനങ്ങൾക്ക് ആവശ്യമില്ല. എന്നാൽ ഈ പരിശോധന ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരിൽ ഇത്തരം ഓട്ടോ റിക്ഷകൾക്ക് പോലീസ് പിഴയിടുന്നു. ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർക്ക് യുനിഫോം ആവശ്യമില്ലെന്നാണ് ചട്ടമെങ്കിലും യൂനിഫോമില്ലാതെ ഓട്ടോ ഓടിച്ചാൽ പോലീസ് പിഴയിടും. ഇലക്ട്രിക് വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് വെള്ളനിറത്തിലാണ്. 
ഇത് മഞ്ഞ നിറമാക്കണമെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നും വാഹന വകുപ്പും ഭീഷണിപ്പെടുത്തുന്നു. ഇവക്ക് സ്റ്റാന്റ് പെർമിറ്റ് ആവശ്യമില്ലെങ്കിലും പെർമിറ്റില്ലാത്ത ഓട്ടോകളെ സ്റ്റാന്റുകളിൽ കയറ്റുന്നുമില്ല. കേരളത്തിൽ എവിടെയും ഓടാൻ ഇവക്ക് അനുമതിയുണ്ടെങ്കിലും അതിനും അധികൃതർ സമ്മതിക്കുന്നില്ല. 
അധികാരികളിൽ നിന്ന് ഇത്തരം ഭീഷണികൾ ഉയരുന്നതിന് പിന്നാലെയാണ് ഡീസൽ-പെട്രോൾ ഓട്ടോ ഡ്രൈവർമാർ ഇവർക്കെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്. പെർമിറ്റ് ഇല്ലാത്ത ഇലക്ട്രിക് ഓട്ടോകളെ സ്റ്റാന്റിൽ പ്രവേശിക്കാൻ അവർ അനുവദിക്കുന്നില്ല. ഈ പ്രശ്‌നം രൂക്ഷമായതോടെ കോഴിക്കോട് നഗരത്തിൽ ബോണറ്റ് നമ്പർ എന്ന പേരിൽ പോലീസ് പെർമിറ്റ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 
ഇതിനായി അപേക്ഷ നൽകിയിട്ടും പലർക്കും ഇത് ലഭിക്കുന്നില്ലെന്നും കേരള ഇലക്ട്രിക് ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ് യൂനിയൻ എന്ന പേരിൽ രൂപീകരിച്ച സംഘടനയുടെ നേതാക്കൾ ആരോപിച്ചിരുന്നു. പെർമിറ്റ് ലഭിക്കുന്നതിന് ഏജന്റുമാരെ സമീപിക്കേണ്ട സ്ഥിതിയാണെന്നും വൻതുകയാണ് ഇവർ കൈക്കൂലിയായി ഈടാക്കുന്നതെന്നും നേതാക്കൾ പറയുന്നു. ഈ യൂനിയനിൽ അംഗങ്ങളായുള്ള ഭൂരിഭാഗം പേരും ഗൾഫിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവരാണ്.
പ്രവാസാനന്തര ജീവിതം ജന്മനാട്ടിൽ കഴിച്ചുകൂട്ടാമെന്ന് കരുതിയവർക്ക് നാട്ടിലെ ഇത്തരം പ്രതിസന്ധികളിൽ കാലിടറുകയാണ്. ജീവിതത്തിന്റെ വലിയൊരു ഭാഗം ബാക്കി നിൽക്കുന്നവരാണവർ. കുടുംബം പോറ്റാൻ ഇനിയും തൊഴിൽ ചെയ്യേണ്ടവർ. പരിചിതമല്ലാത്ത പരിസരങ്ങളിലാണ് അവരുടെ പോരാട്ടം. പ്രവാസികളുടെ പുനരധിവാസത്തിനായി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ജലരേഖയാകുമ്പോൾ സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കാനുള്ള അവരുടെ അവകാശമെങ്കിലും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പുതിയ തൊഴിൽ മേഖലകളിൽ അവർ അഭയം കണ്ടെത്തുമ്പോൾ നിയമത്തിന്റെയും ബഹിഷ്‌കരണത്തിന്റെയും ഭീഷണി മുഴക്കി അവരെ പ്രതിസന്ധിയിലാക്കരുത്.
 

Latest News