Sorry, you need to enable JavaScript to visit this website.

കുവൈത്തിന് സൗദിയിലും അമേരിക്കയിലും  പുതിയ അംബാസഡർമാർ

റിയാദ് - സൗദിയിലും അമേരിക്കയിലും കുവൈത്ത് പുതിയ അംബാസഡർമാരെ നിയോഗിച്ചു. സൗദിയിൽ അംബാസഡറായി നിയമതിനായ ശൈഖ് സ്വബാഹ് നാസിർ സ്വബാഹ് അൽഅഹ്മദ് അൽസ്വബാഹും അമേരിക്കയിൽ അംബാസഡറായി നിയമിക്കപ്പെട്ട ശൈഖ അൽസൈൻ സ്വബാഹ് നാസിർ അൽസൗദ് അൽസ്വബാഹും ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിനു മുന്നിൽ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു. ബയാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വിദേശ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽജാബിർ അൽസ്വബാഹും സന്നിഹിതനായിരുന്നു. 
ശൈഖ് അലി അൽജാബിർ അൽഫാദിൽ അൽസ്വബാഹിന്റെ പിൻഗാമിയായാണ് ശൈഖ് സ്വബാഹ് നാസിർ സ്വബാഹ് അൽഅഹ്മദ് സൗദിയിലെ കുവൈത്ത് അംബാസഡറായി ചുമതലയേൽക്കുന്നത്. 2019 ജനുവരി മുതൽ 2023 ജനുവരി വരെയാണ് ശൈഖ് അലി അൽജാബിർ അൽഫാദിൽ അൽസ്വബാഹ് സൗദിയിൽ കുവൈത്ത് അംബാസഡറായി സേവനമനുഷ്ഠിച്ചത്. 1979 ജൂൺ മൂന്നിന് പിറന്ന ശൈഖ് സ്വബാഹ് നാസിർ സ്വബാഹ് അൽഅഹ്മദ് 2007 ൽ അമേരിക്കയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബാച്ചിലർ ബിരുദം നേടിയിട്ടുണ്ട്. 2017 ജൂൺ 15 മുതൽ അമീരി കോർട്ട് അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയാണ്. 2011 ജൂലൈയിലാണ് അമീരി കോർട്ട് ഉദ്യോഗസ്ഥനായി ആദ്യമായി നിയമിതനായത്. 2014 നവംബറിൽ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി. 
അൽഅതാ സാറ്റലൈറ്റ് ചാനൽ ഓണററി ചെയർമാൻ, അൽറായ ഇൻവെസ്റ്റ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ, കുവൈത്ത് പ്രൊജക്ട്‌സ് ഹോൾഡിംഗ് കമ്പനി ഡയറക്ടർ ബോർഡ് അംഗം, അഗ്രിക്കൾച്ചറൽ പ്രൊഡക്ട്‌സ് കമ്പനി ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറലായി നിയമിതനായ ജാസിം മുഹമ്മദ് അൽബുദൈവിയുടെ പിൻഗാമിയായാണ് ശൈഖ അൽസൈൻ അൽസ്വബാഹിനെ അമേരിക്കയിലെ കുവൈത്ത് അംബാസഡറായി നിയമിച്ചത്. 1974 ൽ പിറന്ന ശൈഖ അൽസൈൻ മാധ്യമ, സിനിമാ മേഖലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സിനിമാ നിർമാതാവും പത്രപ്രവർത്തകയുമാണ്. 2013 ൽ യുവജനകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ ബോസ്റ്റൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് 1996 ൽ ജേർണലിസത്തിൽ ബാച്ചിലർ ബിരുദവും 2003 ൽ സൗത്ത് കാലിഫോർണിയ യൂനിവേഴ്‌സിറ്റിയിൽ നിന്ന് പ്രൊഡക്ഷനിൽ എം.എയും നേടിയിട്ടുണ്ട്. 

Latest News