നിലമ്പൂര്‍-നഗരസഭ വയോജനങ്ങള്‍ക്കായി വിതരണം ചെയ്ത കട്ടില്‍ കൗണ്‍സിലര്‍ തിരിമറി നടത്തിയെന്നാരോപണവുമായി സിപിഎം രംഗത്ത്. രണ്ടാം വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി നേതാവുമായ എം.കെ. വിജയനാരായണനെതിരെയാണ് ഗുരുതര ആരോപണവുമായി സി.പി.എം നേതാക്കള്‍ രംഗത്ത് വന്നത്.
രണ്ടാം വാര്‍ഡായ കോവിലകത്തുമുറിയില്‍ ഏഴു കട്ടിലുകളാണ് വയോജനങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്മാടത്ത് പുത്തന്‍വീട്ടില്‍ പദ്മാവതിയമ്മയുടെ പേരില്‍ വാങ്ങിയ കട്ടില്‍ മറിച്ചു വിറ്റുവെന്നാണ് ആരോപണം.
വീട്ടിലുള്ള കട്ടില്‍ നഗരസഭ നല്‍കിയ കട്ടില്‍ അല്ലെന്ന് മുന്‍ കൗണ്‍സിലറും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ പടവെട്ടി ബാലകൃഷ്ണന്‍ പറഞ്ഞു. കട്ടില്‍ കൗണ്‍സിലര്‍ മറിച്ച് വിറ്റിരിക്കുകയാണ്. വയോധികയുടെ കട്ടില്‍ നല്‍കാതെ വഞ്ചന നടത്തിയ വിജയനാരായണന്‍. കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം നഗരസഭാ സെക്രട്ടറിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് നഗരസഭയിലെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ സലീന ജോസഫ്, സുഫൈറത്ത്, ആരോഗ്യവകുപ്പിലെ രതീഷ് എന്നിവര്‍ പദ്മാവതിയമ്മയുടെ വീട്ടിലെത്തി പരിശോധന നടത്തി. നഗരസഭ വിതരണം ചെയ്ത കട്ടിലാണോയെന്ന് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം അറിയിക്കാമെന്നു അവര്‍ അറിയിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി. അനില്‍, ലോക്കല്‍ കമ്മറ്റി അംഗം വെട്ടുമ്മല്‍ ശ്രീധരന്‍, സുനിത, ഷംഗിത് കോവിലകത്തുമുറി എന്നിവരും പദ്മാവതിയമുടെ വീട്ടിലെത്തിയിരുന്നു. സി.പി.എം നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു സ്ഥലത്തെത്തിയിരുന്നു.
അതേസമയം വയോധികയുടെ കട്ടില്‍ മറിച്ചു വിറ്റുവെന്ന ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് കൗണ്‍സിലര്‍ എം.കെ. വിജയനാരായണന്‍ പറഞ്ഞു. ആര്‍ക്കും പദ്മാവതിയമ്മയുടെ വീട്ടില്‍ കിടക്കുന്ന കട്ടില്‍ നഗരസഭ വിതരണം ചെയ്ത കട്ടില്‍ തന്നെയാണോയെന്ന് പരിശോധിക്കാമെന്നും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






