Sorry, you need to enable JavaScript to visit this website.

ഓട്ടോകാസ്റ്റിൽ 8000 യൂനിറ്റ് വൈദ്യുതിയുടെ സോളാർ പവർ പ്ലാന്റ്

ചേർത്തല ഓട്ടോകാസ്റ്റിലെ സോളാർ പാനൽ

വൈദ്യുതി ഉൽപാദനത്തിൽ പുത്തൻ ചുവടുവെപ്പുമായി പൊതുമേഖല സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റ് ലിമിറ്റഡ്. പ്രതിദിനം ഏകദേശം 8000 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന രണ്ട് മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ് സോളാർ പവർ പ്ലാന്റിന്റെ പ്രവർത്തനം മെയ് മാസത്തോടെ ആരംഭിക്കും. പ്രധാന യന്ത്രഘടകങ്ങൾ സ്ഥാപിക്കുന്ന ജോലികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. സോളാർ പവർ പ്ലാന്റ് വഴി വൈദ്യുതി ഉൽപാദിപ്പിച്ച് കമ്പനിയുടെ പ്രധാന ഉപഭോഗ വസ്തുവായ വൈദ്യുതിയുടെ ചെലവ് ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യം. 6.5 ഏക്കറിൽ സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കുന്ന 10 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിലൂടെ ഏകദേശം 20 ലക്ഷം രൂപയോളം വൈദ്യുതി ഇനത്തിൽ കമ്പനിക്ക് ലാഭിക്കാനാവും. 
കമ്പനിയുടെ പ്രധാന ഉൽപന്നമായ ഇരുമ്പുരുക്ക് കാസ്റ്റിംഗ് നിർമാണത്തിലെ ചെലവ് ഗണ്യമായി കുറച്ച് മത്സരക്ഷമത വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ലോഹം വാർക്കുമ്പോൾ രൂപപ്പെടുന്ന സിലിക്ക മണൽ അവശിഷ്ടം ഉപയോഗിച്ച് കെട്ടിട നിർമാണത്തിന് ആവശ്യമായ ഇഷ്ടികകളുടെ നിർമാണവും ഇവിടെ നടക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആന്റ് ടെക്‌നോളജിയുമായുള്ള സാങ്കേതിക സഹകരണത്തോടെയാണ് ഇഷ്ടികകൾ നിർമിക്കുന്നത്. ആദ്യം കമ്പനിയുടെ ആവശ്യത്തിനും പിന്നീട് വ്യാവസായിക അടിസ്ഥാനത്തിലും ഇഷ്ടികകൾ നിർമിക്കാനാണ് പദ്ധതിയെന്ന് ഓട്ടോകാസ്റ്റ് ചെയർമാൻ അലക്‌സ് കണ്ണമല പറഞ്ഞു. പ്രതിദിനം ആയിരം ഇഷ്ടികകൾ എന്ന തോതിൽ മാസം 25,000 ഇഷ്ടികകൾ നിർമിക്കാവുന്നതാണ് പ്ലാന്റ്. 
ഇന്ത്യൻ റെയിൽവേയുടെ ചരക്ക് തീവണ്ടികൾക്ക് ആവശ്യമായ പ്രധാന യന്ത്രഭാഗമായ കാസ്‌നബ് ബോഗികൾ നിർമിച്ചു നൽകാൻ നോർതേൺ സതേൺ റെയിൽവേ, ബി.എം.എൽ ബ്രൈത്ത് വൈറ്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നും പുതിയ ഓർഡറും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഏകദേശം 22 കോടിയോളം രൂപ വിറ്റുവരവ് ലഭിക്കുന്ന 762 ഓർഡർ ലഭിച്ചതിൽ 45 എണ്ണം വിജയകരമായി പൂർത്തിയാക്കി വിതരണം ചെയ്തു. അധിക വരുമാനം എന്ന നിലയ്ക്ക് ബി.പി.സി.എല്ലുമായി ചേർന്ന് കമ്പനി പരിസരത്ത് പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ നടന്നു വരികയാണെന്നും ചെയർമാൻ പറഞ്ഞു.

Latest News