കൊച്ചി-ബ്രഹ്മപുരത്തെ പാസ്റ്റിക്ക് മാലിന്യക്കൂനയിലെ തീ അണക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്ന് ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലി. തീ അണച്ച മേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമന്‍ (ഐ ഐ ടി ഗാന്ധിനഗര്‍) എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ജോര്‍ജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.തീ കെട്ടതായി പുറമെ തോന്നുന്ന ഭാഗങ്ങളില്‍ വീണ്ടും തീ ആളാനുള്ള സാധ്യതയുള്ളതിനാല്‍ നിരന്തര നിരീക്ഷണം നടത്തണം. മാലിന്യങ്ങള്‍ മറ്റൊരിടത്തേക്ക് കോരി മാറ്റി വെള്ളത്തില്‍ കുതിര്‍ത്തുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവും മൂലം പ്രായോഗികമാകില്ലെന്നും യോഗം വിലയിരുത്തി.തീ കെടുത്തിയ ഭാഗങ്ങളില്‍ വീണ്ടും മാലിന്യം കൂന കൂട്ടരുത്. ഉള്‍ഭാഗങ്ങളില്‍ വെള്ളം എത്തിക്കാനാകാതെ പുകയുന്ന മാലിന്യക്കൂനകളില്‍ ക്ലാസ് എ ഫോം ഉപയോഗിക്കാം. അതേസമയം മുകളില്‍ മണ്ണിന്റെ ആവരണം തീര്‍ക്കുന്നത് പ്രയോജനപ്രദമല്ല. അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മുഖാവരണം ധരിക്കണമെന്നും ജോര്‍ജ് ഹീലി നിര്‍ദേശിച്ചു.തീ പൂര്‍ണമായും കെട്ടടങ്ങാതെ പുകയുന്ന ഭാഗങ്ങളില്‍ അഗ്നിശമന പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതോടൊപ്പം കെടുത്തിയ ഭാഗങ്ങളില്‍ മുന്‍കരുതല്‍ തുടരണം. ഏത് സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ സജ്ജമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.