ദല്‍ഹി കോടതിയിലെ അശ്ലീലനൃത്തം; സിനിമാ ഗാനങ്ങളെന്ന് വിശദീകരണം

ന്യൂദല്‍ഹി- ദല്‍ഹി കോടതിയിലെ അശ്ലീല നൃത്തത്തില്‍ പ്രതികരണവുമായി ന്യൂദല്‍ഹി ബാര്‍ അസോസിയേഷന്‍ (എന്‍ഡിബിഎ) പ്രസിഡന്റ് ജഗ്ദീപ് വത്സ്. സ്ത്രീ ആയാലും പുരുഷനായാലും ബാറിലെ ഒരു അംഗത്തേയും അപമാനിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂദല്‍ഹിയിലെ പട്യാല ഹൗസ് കോടതി (പിഎച്ച്‌സി) കോംപ്ലക്‌സ് പരിസരത്ത് എന്‍ഡിബിഎ സംഘടിപ്പിച്ച 'ഹോളി മിലന്‍' ആഘോഷത്തിനിടെ, മാര്‍ച്ച് ആറിന് നടന്ന അനുചിതമായ നൃത്ത പരിപാടികളെ ദല്‍ഹി ഹൈക്കോടതി നേരത്തെ അപലപിച്ചിരുന്നു.
അഭിഭാഷകരെയും ജുഡീഷ്യറിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ വിവാദത്തിനു പിന്നിലെന്ന് ജഗ്ദീപ് വത്സ് പറഞ്ഞു. ഗണേശ വന്ദനം, ഭാംഗ്ര, രാധാകൃഷ്ണ നൃത്തം എന്നിവ ഉള്‍പ്പെട്ട സാംസ്‌കാരിക പരിപാടിയാണ് സംഘടിപ്പിച്ചത്.  ഈ പ്രകടനങ്ങളുടെ വീഡിയോകളുമുണ്ട്. വിഷയം ഉന്നയിക്കുന്നവര്‍ സിനിമാ ഗാനങ്ങളുടെ വീഡിയോ ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തത്.
സിനിമാ ഗാനങ്ങള്‍ അവതരിപ്പിച്ച പെണ്‍കുട്ടികളും നമ്മുടെ സഹോദരിമാരാണെന്നും അവരും കലാകാരികളാണെന്നും അവരും ബഹുമാനിക്കപ്പെടേണ്ടവരാണെന്നും വത്സ് പറഞ്ഞു.
സ്ത്രീകളോട് അനാദരവ് കാണിച്ചുവെന്ന് സ്ഥാപിക്കാനാണ് മുഴുവന്‍ ശ്രമങ്ങളും. ഞങ്ങള്‍ എല്ലാ സ്ത്രീകളെയും കലാകാരന്മാരെയും ബഹുമാനിക്കുന്നു. എല്ലാവരോടും ശുദ്ധമായ വീക്ഷണം ഉണ്ടായിരിക്കണം.ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. ബാറിന്റെയും ജുഡീഷ്യറിയുടെയും ബഹുമാനം മനസ്സില്‍ വെച്ചാണ് എപ്പോഴും പ്രവര്‍ത്തിക്കുന്നത്- ജഗ്ദീപ് വത്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ചടങ്ങില്‍ അവതരിപ്പിച്ച ഗാനങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് പാസാക്കിയ സിനിമാ ഗാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നൃത്തത്തില്‍ നഗ്‌നത ഇല്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. പരിപാടികളുടെ പട്ടികയില്‍ സിനിമാ ഗാനങ്ങള്‍ ഉണ്ടായിരുന്നില്ല.  പ്രോഗ്രാമിന്റെ ഉത്തരവാദിത്തം വിവിധ ആളുകളെയാണ് ഏല്‍പ്പിച്ചിരുന്നത്.
പരിപാടി സുഗമമായി നടന്നുവെന്നും അഭിഭാഷകര്‍ക്ക് നേരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും നേരിട്ട് ബാറിന് പരാതി നല്‍കിയില്ലെങ്കിലും ചീഫ് ജസ്റ്റിസിന് നേരിട്ട് ഇമെയില്‍ അയക്കുകയായിരുന്നു.
കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന ബാര്‍ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മറുപടി സമര്‍പ്പിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.
അഭിഭാഷകരുടേയും ജുഡീഷ്യറിയുടെയും അന്തസ്സിനെ ഹനിക്കുന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മുഴുവന്‍ പ്രശ്‌നങ്ങളും ഉന്നയിക്കപ്പെട്ടതെന്നന്ന് ജഗ്ദീപ് വത്സം പറഞ്ഞു. ചിലര്‍ തങ്ങളുടെ ഹിഡന്‍ അജണ്ടയിലാണ് പ്രവര്‍ത്തിക്കുന്നത്. അവരാണ് ബാറിനെ അപകീര്‍ത്തിപ്പെടുത്തുന്നത്- അദ്ദേഹം വിശദീകരിച്ചു.
മാര്‍ച്ച് ആറിന് നടന്ന ഹോളി മിലന്‍ ചടങ്ങിലാണ് വനിതുകളുടെ നൃത്തങ്ങള്‍ അരങ്ങേറിയത്. ഇത്തരത്തില്‍ നൃത്തങ്ങള്‍ സംഘടിപ്പിക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കത്തയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടര്‍ന്ന്, ദല്‍ഹി ഹൈക്കോടതി ഇടപെടുകയും ബാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News