അബുദബി - കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധ ഭീഷണി മുഴക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെയും മന്ത്രി എം എം മണിയേയും മോശമായ ഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത ആർ എസ് എസ് പ്രവർത്തകനായ കൃഷ്ണകുമാർ നായർ എന്ന പ്രവാസിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിണറായി വിജയനെ കൊല്ലാൻ ഉടൻ കേരളത്തിലെത്തുമെന്നും പഴയ ആയുധങ്ങൾ വീണ്ടും കയ്യിലെടുക്കുകയാണെന്നും ഇയാൾ കഴിഞ്ഞ ദിവസം മദ്യലഹരിയിൽ നടത്തിയ ഫേസ്ബുക്ക് ലൈവിൽ ഭീഷണി മുഴക്കിയിരുന്നു.
അബുദബിയിലെ ടാർഗെറ്റ് എഞ്ചിനീയറിങ് കൺസ്ട്രക്ഷൻ കമ്പനിയിൽ സീനിയർ റിഗിങ് സുപ്പർവൈസർ ആയിരുന്നു കൃഷ്ണകുമാർ. കമ്പനിയുടെ താമസസ്ഥലത്ത് മദ്യപിച്ച് ഫേസ്ബുക്കിൽ പ്രകോപനമുണ്ടാക്കിയതിനാണ് കൃഷ്ണകുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം കൃഷണകുമാർ ഉടൻ കേരളത്തിലേക്കു തിരിക്കും.
'എന്റെ ജോലി പോയി. എന്തു നടപടിയും നേരിടാൻ ഞാൻ ഒരുക്കമാണ്. ആർഎസ്എസുകാരനായി തന്നെ തുടരും. പിണറായി വിജയൻ അടക്കമുള്ള എല്ലാ രാഷ്ട്രീയക്കാരോടും ഞാൻ മാപ്പപേക്ഷിക്കുന്നു,' കൃഷണകുമാർ ഖലീജ് ടൈംസിനോട് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് കൃഷണകുമാർ പിണറായിക്കെതിരെ പ്രകോപനപരമായ ലൈവ് വിഡിയോ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. താനൊരു മുൻ ആർ എസ് എസ് പ്രവർത്തകനാണെന്നും വീണ്ടും സജീവമാകാൻ പോകുകയാണെന്നും പറഞ്ഞ കൃഷ്ണകുമാർ ഒരു കൊലപാതകം നടത്താൻ രണ്ടു മൂന്നു ദിവസത്തിനകം ജോലി രാജിവച്ച് കേരളത്തിലേക്ക് പോകുകയാണെന്നും പറഞ്ഞിരുന്നു. ചെത്തുകാരൻ ആ തൊഴിൽ ചെയ്താൽ മതിയെന്നും രാഷ്ട്രീയത്തിൽ വേണ്ടെന്നും പിണറായിക്കെതിരെ രൂക്ഷമായാണ് ഇയാൾ പ്രതികരിച്ചത്. പഴയ ആയുധങ്ങളൊക്കെ മൂർച്ചകൂട്ടേണ്ട സമയമായിരിക്കുന്നെന്നും ഹിന്ദു സംഘടനകളുടെ സഹായം തനിക്കു വേണമെന്നും കൃഷണകുമാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഈ വീഡിയോ വൈറലായതോടെ മാപ്പപേക്ഷിച്ച് കൃഷ്ണകുമാർ രണ്ടാമതൊരു ലൈവ് വീഡിയോ കൂടി ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു. പിണറായി വിജയനും കുടുംബവും എനിക്കു മാപ്പു തരണം. കേരളക്കാരെല്ലാം എന്നോട് പൊറുക്കണം. മദ്യലഹരിയിൽ പറഞ്ഞു പോയതാണെന്നും ഈ വിഡിയോയിൽ അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് കൃഷ്ണകുമാറിനെ കമ്പനി ഇന്ന് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.
അതിനിടെ ഇയാൾ ആർ.എസ്.എസുകാരനല്ലെന്ന് സംഘ് സംഘടനാപ്രവർത്തകർ പറഞ്ഞെങ്കിലും അതിനെയും കൃഷ്ണകുമാർ എതിർത്തു.






