എല്ലാവരും ദിലീപേട്ടനെതിരെയാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോഴും അറിയില്ല, അത് ദിലീപേട്ടനാണോ ചെയ്തതെന്ന്. പക്ഷേ വനിതാ താരങ്ങള്‍ ചെയ്തതോ? അത് ദിലീപേട്ടനാണെന്ന് പറഞ്ഞ് മൈക്കിലൂടെ പൊതുവായി പ്രസംഗിച്ചു. അതൊക്കെ ഇപ്പോഴും ഇവിടെ ഉണ്ട്. ഇനി ദിലീപേട്ടനല്ല ഇത് ചെയ്തതെന്ന് തെളിഞ്ഞാല്‍ ഇതൊക്കെ ഇവര്‍ക്ക് തിരിച്ചെടുക്കാന്‍ പറ്റുമോ?- ടെലിവിഷന്‍ അഭിമുഖത്തില്‍ സിനിമാ താരം അനുശ്രീ ചോദിച്ചു
പറയാന്‍ നമുക്ക് ഉറപ്പുള്ള, ഒരിക്കലും മാറ്റിപ്പറയില്ലെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പറയുക. കൂട്ടായ്മ എന്തുമാകട്ടെ, എന്നാല്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുപറയരുത്.
കൂട്ടായ്മകള്‍ ഉണ്ടാകട്ടെ, സിനിമയില്‍ സ്ത്രീകള്‍ക്ക് ഉയര്‍ച്ച ഉണ്ടാകട്ടെ. പക്ഷേ അതിനകത്തെ ചീത്തയും പ്രശ്‌നങ്ങളും അതിനകത്ത് നില്‍ക്കണം. നമ്മുടെ വീട്ടില്‍ ഒരുപ്രശ്‌നമുണ്ടായാല്‍ നമ്മളറിഞ്ഞാല്‍ പോരേ, അപ്പുറത്തെ വീട്ടുകാര്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ കതക് അടക്കണം. അതേപോലെ ഒരു പ്രശ്‌നമുണ്ടെങ്കില്‍, അത് അയാള്‍ ആണെന്ന് ഉറപ്പാണെങ്കില്‍ മാത്രം കാര്യങ്ങള്‍ സംസാരിക്കുക.
അമ്മ സംഘടന തന്നെ ദിലീപേട്ടനെ പുറത്താക്കിയിരുന്നല്ലോ? ഇവര്‍ അതിനിടയ്ക്ക് സംഘടനയുമായി മുന്നോട്ട് വന്നു. കുറെ കുറ്റം പറഞ്ഞു. എന്നിട്ട് എവിടെ? ഇപ്പോള്‍ അതേ കൂട്ടായ്മയോട് കൂടി ഇത് പിന്താങ്ങുന്നുണ്ടോ ഇവര്‍. ഇല്ല… വേറൊരു സംഭവം വരുമ്പോള്‍ അതിന് പുറകെ വരും. സിനിമയില്‍ വനിത സംഘടനയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും അനുശ്രീ പറഞ്ഞു. നിലവില്‍ സ്ത്രീസംഘടനയില്‍ അംഗമല്ലാത്ത ആളാണ് താനെന്നും അവിടെ പോയിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും നടി പറഞ്ഞു.
'ആ സംഘടനയെക്കുറിച്ച് മോശം പറയുന്നതോ അവരുടെ കൂട്ടായ്മയെ കുറ്റം പറയുകയോ അല്ല. പക്ഷേ എനിക്ക് അതില്‍ അംഗമാകണമെന്നോ, ഒരുകാര്യം അവിടെ പോയി പറഞ്ഞ് അത് ഈ രീതിയില്‍ മാറ്റണമെന്നോ അല്ലെങ്കില്‍ അവര്‍ ഇവരെ താഴ്ത്തുന്നു, ഇവര്‍ പൊക്കുന്നു എന്നൊക്കെ പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു.
ഒരു കൂട്ടായ്മ അത്ര ശക്തിയുള്ളതാണെങ്കില്‍ അതില്‍ ഉറച്ച് നിന്ന് സത്യം കണ്ടുപിടിക്കട്ടെ. അതില്ല. ഇവര്‍ വന്നു കൂട്ടായ്മ ഉണ്ടാക്കി, അത് അപ്പോഴത്തെ ഒരു ഇളക്കം. അത് പരാജയമാണെന്ന് ഞാന്‍ പറയുന്നില്ല.
ഞാന്‍ അമ്മ സംഘടനയിലും അംഗമല്ല. സിനിമയില്‍ വരുന്ന കാലത്ത് ഈ രംഗത്ത് ശോഭിക്കാന്‍ പറ്റുമെന്ന് അറിയില്ലായിരുന്നു. അന്ന് അറുപതിനായിരം രൂപ കൊടുത്ത് എന്തിനാ അംഗത്വം എടുക്കുന്നത്. സിനിമ പിന്നെ കിട്ടാതെ വന്നാല്‍ ആ കാശ് തിരിച്ചുതരത്തില്ലല്ലോ… അപ്പോള്‍ കുറച്ചൊന്ന് മുന്നോട്ട് പോകട്ടെ എന്ന് ചിന്തിച്ചു. കഴിഞ്ഞ ദിവസം ഞാന്‍ ഇടവേള ബാബു ചേട്ടനെ വിളിച്ചിട്ട് പറഞ്ഞു, 'ചേട്ടാ അമ്മയില്‍ എനിക്ക് മെമ്പര്‍ഷിപ്പ് എടുക്കണം.'അനുശ്രീ പറഞ്ഞു.