Sorry, you need to enable JavaScript to visit this website.

ഇസ്ലാം-നാസ്തിക സംവാദം നിറഞ്ഞ സദസ്സില്‍ ബഹളങ്ങളില്ലാതെ സമാപിച്ചു

സംവാദത്തിൽ പങ്കെടുത്ത ടി.മുഹമ്മദ് വേളം, സി.രവിചന്ദ്രൻ, മോഡറേറ്റർ സുശീൽ കുമാർ എന്നിവർ

കോഴിക്കോട്- യുക്തിവാദി കൂട്ടായ്മയായ എസ്സെന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ഇസ്ലാം-നാസ്തിക സംവാദം നിറഞ്ഞ സദസ്സില്‍ ബഹളങ്ങളില്ലാതെ സമാപിച്ചു. മനുഷ്യന്‍ ധാര്‍മിക ജീവിയോ എന്ന വിഷയത്തിലാണ് നാസ്തികനും ഗ്രന്ഥകാരനുമായ സി.രവിചന്ദ്രനും ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ടി.മുഹമ്മദ് വേളവും വാദപ്രതിവാദങ്ങള്‍ നടത്തിയത്. ഇരുവര്‍ക്കും തുല്യ സമയം നല്‍കിയതിനു പുറമെ, സദസ്സില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അവസരം നല്‍കിയിരുന്നു.
ധാര്‍മകത മനുഷ്യ സഹജമാണെന്ന വാദത്തില്‍ ഊന്നിനിന്നുകൊണ്ട് രവിചന്ദ്രന്‍ വാദിച്ചപ്പോള്‍ ധാര്‍മികത സംബന്ധിച്ച നവനാസ്തികരുടെ വാദങ്ങളിലെ അര്‍ഥമില്ലായ്മ ചൂണ്ടിക്കാട്ടിയായിരുന്നു മുഹമ്മദ് വേളത്തിന്റെ എതിര്‍വാദങ്ങള്‍. ധാര്‍മകിതക്ക് മാനദണ്ഡങ്ങള്‍ ആവശ്യമാണെന്നും ശക്തിയുള്ളത് അതിജീവിക്കുമെന്ന അമേരിക്കന്‍ മുതലാളിത്ത ആദര്‍ശമാണ് കേരളത്തിലടക്കം പ്രചരിപ്പിക്കാന്‍ നവനാസ്തികര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക ദര്‍ശനം പഠിക്കാതെയാണ് നവനാസ്തികര്‍ക്ക് സംവാദത്തില്‍ ഏര്‍പ്പെടുന്നതെന്ന് മുഹമ്മദാണ് ദൈവമെന്ന രവിചന്ദ്രന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി മുഹമ്മദ് വേളം പറഞ്ഞു.
മനുഷ്യനില്‍ ധാര്‍മികത ക്രമേണ വളര്‍ന്നു വികസിച്ചതാണെന്നും ഇനിയും അതു വികസിക്കുമെന്നും മതത്തിന് അതില്‍ പങ്കില്ലെന്നും രവിചന്ദ്രന്‍ പറഞ്ഞു. പ്രവാചകനെ നിന്ദിക്കുന്ന വേദിയില്‍ പങ്കെടുക്കുന്ന വേദിയില്‍ ഇരിക്കരുതെന്നാണ് ഇസ്ലാമിന്റെ കല്‍പനയെന്നും അത് ലംഘിച്ചാണ് മുഹമ്മദ് വേളം ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.സുശീല്‍കുമാറായിരുന്നു സംവാദത്തിന്റെ മോഡറേറ്റര്‍. മൂന്നുപേര്‍ക്കും എസ്സെന്‍സ് ഗ്ലോബലിന്റെ ഉപഹാരം സമ്മാനിച്ചു.  
കേരളത്തില്‍ അടുത്തിടെ നടന്ന മൂന്നാമത്തെ ഇസ്ലാം-നാസ്തിക സംവാദമാണ് സമാധാനപരമായി അവസാനിച്ചത്. നളന്ദ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു പുറമെ, ധാരാളം പേര്‍ ഓണ്‍ലൈനിലും വീക്ഷിച്ചു. യുട്യൂബിലും ഫേസ് ബുക്കിലും തത്സമയ സംപ്രേഷണമുണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News