Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൂജ്യന്മാരും പോലീസ് സോഷ്യലിസവും!

'വെളുക്കാൻ തേച്ചതു പാണ്ടായി' എന്ന ചൊല്ല് ഉണ്ടായകാലത്ത് ചെങ്ങന്നൂർ മണ്ഡലത്തിന് കേരളം ജന്മം കൊടുത്തിട്ടില്ല. ചിലകാര്യങ്ങൾ അങ്ങനെയാണ്. പ്രവചന സ്വഭാവം കൈവന്നുപോകും. കെ.എം.മാണിയെ യു.ഡി.എഫുകാർ ആവേശപൂർവം ആലിംഗനം ചെയ്തു. അദ്ദേഹം പാലായിലെ സ്വന്തം ഭദ്രാസനപ്പുരയിൽ നിന്നും പറന്നിറങ്ങി പ്രത്യേക യോഗം വിളിച്ചു കൂട്ടി. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുന്നണിയോ കോൺഗ്രസുകാരോ വെള്ളാപ്പള്ളിയെ കണ്ടില്ല. അതിന്റെ ഫലം അനുഭവിച്ചു. മാണിക്ക് അയ്യായിരം വോട്ട് മണ്ഡലത്തിലുണ്ടെന്നായിരുന്നു പാലായിൽനിന്നു വണ്ടി പുറപ്പെടുമ്പോഴുള്ള കണക്ക്. ചെങ്ങന്നൂരിലെത്തിയപ്പോൾ അത് ഏകദേശം രണ്ടായിരമാണെന്ന് വെളിവായി. പണ്ട് കൃത്യമായി എണ്ണാൻ കഴിയാത്തവയെ 'കാക്കത്തൊള്ളായിരം' എന്നു വിളിച്ചിരുന്നപോലെ എന്തെങ്കിലും അവതരിപ്പിച്ചാൽ മതിയായിരുന്നു. എന്തു ചെയ്യാം? ആശാനും അടവുതെറ്റും. കുഞ്ഞുമാണി കാൾമാർക്‌സിനു തുല്യനാണ്.  'അധ്വാന വർഗ സിദ്ധാന്തം' അവതരിപ്പിച്ച് ഇംഗ്ലണ്ടിൽ കൈയടി നേടിയവനാണ്. സ്വന്തം ഭവനത്തിൽ നോട്ടെണ്ണുന്ന യന്ത്രം സ്വന്തമായുള്ള നേതാവാണ്. ഇതൊക്കെയാണ് യു.ഡി.എഫുകാരെ പാലായിലേക്കു വണ്ടികയറ്റിയത്. അയ്യായിരം വോട്ടിൽ കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിച്ചിട്ടില്ലായിരുന്ന ഇടതു സ്ഥാനാർത്ഥി സജി ചെറിയാൻ പോലും റിസൽട്ടറിഞ്ഞുണ്ടായ ഞെട്ടലിൽ നിന്നും പൂർവനില പ്രാപിക്കാൻ മണിക്കൂറുകളെടുത്തുവത്രേ.
യു.ഡി.എഫ് സ്വന്തം 'റോൾ മോഡൽ' ആയി മനസ്സിൽ അവരോധിച്ചിരുന്ന കണി ഇല്ലായിരുന്നുവെങ്കിൽ കുറേക്കൂടി വോട്ടു കിട്ടുമായിരുന്നുവെന്നാണ് ഇപ്പോൾ ഉമ്മൻ-ചെന്നിത്തല-കുഞ്ഞാലിമാർ മനഃസ്താപം പൂണ്ടു പറയുന്നത്. പോയ ബുദ്ധി ആന പിടിച്ചാലും മടങ്ങിവരില്ല. നോട്ടെണ്ണൽ യന്ത്ര സംസ്ഥാപന ശേഷം മാണിച്ചായൻ എത്ര നേതാക്കൾക്കു റോൾ മോഡൽ ആയിത്തീർന്നുവെന്നറിയണമെങ്കിൽ ഇന്ത്യയൊട്ടാകെ രഹസ്യപ്പോലീസോ സി.ബി.ഐയോ 'റോ' യോ ഇറങ്ങി അന്വേഷിക്കണം. ഏതായാലും ഈ 'യന്ത്ര'വിദ്യ പ്രചരിപ്പിച്ച ഇടതു കക്ഷിക്ക് മാണിച്ചായൻ എങ്ങനെ സ്വീകാര്യനായിത്തീർന്നുവെന്നും, കാനം രാജേന്ദ്രന്റെ എതിർപ്പും ശാപവും ഗുളികൻ നിന്ന നേരത്തായിരുന്നുവോ എന്നും കൂടി അന്വേഷിക്കുന്നത് നന്നായിരിക്കും.

*** *** ***
മര്യാദയ്ക്ക് കവിതയും പാട്ടും കോടതിയും കേസുകെട്ടുമായൊക്കെ കഴിഞ്ഞു പോന്ന ശ്രീധരൻ പിള്ള വക്കീലിനെ പിടിച്ചു സ്ഥാനാർത്ഥിയാക്കി. അങ്ങോര് രംഗത്തിറങ്ങിയതോടെ കേന്ദ്ര നേതൃത്വം പണിതുടങ്ങി. ആദ്യം തന്നെ മുന്നണി ഘടകം മാത്രമായിരുന്ന ബി.ഡി.ജെ.എസിനെ പിണക്കി. കുട്ടിയെ ഉപദ്രവിച്ചാൽ മാളത്തിലിരിക്കുന്ന രക്ഷാ കർത്താവ് വെറുതെയിരിക്കുമോ? വെള്ളാപ്പള്ളി ഇറങ്ങി പത്തിവിടർത്തി ആടാൻ തുടങ്ങി. അതു കൊണ്ടും കേന്ദ്രം അനങ്ങിയില്ല. പിന്നെ തെരഞ്ഞെടുപ്പിനു നാല് ദിവസം മുമ്പ് പടനായകനെ പിന്നിലേക്കു പിടിച്ചു. അങ്ങനെ കുമ്മനം രാജശേഖരനെ മിസോറാം രാജശേഖരനാക്കി. പാവം എവിടെയും ആനന്ദം കണ്ടെത്തുന്നവനാണ് താനെന്നു പലതവണ പറഞ്ഞിട്ടുള്ള മനുഷ്യനാണ്. പലതവണ മത്സരിച്ചു തോറ്റപ്പോൾ ആനന്ദിച്ചു. നിലയ്ക്കൽ പ്രക്ഷോഭം വന്നപ്പോൾ ആനന്ദം അണപൊട്ടിയൊഴുകി. ആറന്മുള വിമാനത്താവള പ്രശ്‌നമുണ്ടായപ്പോൾ ആനന്ദത്തിന്റെ പുഷ്പക വിമാനത്തിലേറി. ശ്രീധരൻപിള്ള മൂന്നാംസ്ഥാനത്ത് എത്തിയെന്ന് മിസോറാമിലെ ടി.വി വഴി അറിഞ്ഞപ്പോൾ ആനന്ദം കൊണ്ടു തുള്ളിച്ചാടി.
കുമ്മനത്തെ അന്നാട്ടിൽ വേണ്ടെന്നു പറഞ്ഞ് ചില ക്രസ്ത്യൻ പാതിരിമാരും ഇതര കക്ഷികളും പ്രതിഷേധം കത്തിക്കുകയാണ്. അതുകണ്ടിട്ടും ഗവർണർ കുമ്മനത്തിന്റെ ആനന്ദത്തിനു കുറവില്ല. ഈ പരമാനന്ദ സ്വരൂപനെയാണല്ലോ നമ്മൾ തിരിച്ചറിയാതെ പോയത്!. വ്യത്യസ്തനാമൊരു ബാർബറാം..

*** *** ***
പുതുപ്പള്ളിക്കാരൻ നേതാവിനെ അങ്ങു ദൂരെ ആന്ധ്രാ പ്രദേശത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ച വാർത്ത കേട്ട് ചെന്നിത്തല ഒഴികെയുള്ള കോൺഗ്രസുകാർ മൊത്തം ഞെട്ടി. ഏതാണീ ആന്ധ്ര? പഴയ സംസ്ഥാനത്തെ രണ്ടായി വെട്ടിക്കീറി കൃഷിയും വ്യവസായവുമുള്ള ഭാഗം മുഴുവനും തെലങ്കാനയെന്ന പേരിട്ട് ചന്ദ്രശേഖര റാവുവിനു വിട്ടുകൊടുത്തു. ദാരിദ്ര്യവും മരുഭൂമിയും നിറഞ്ഞ ഭാഗം ചന്ദ്രബാബു നായിഡുവിനും കിട്ടി. തൽക്കാലം പുതിയ ആന്ധ്രയുടെ തലസ്ഥാനമായി ഹൈദരബാദിലെ സെക്രട്ടേറിയറ്റിന്റെ ഒരു െൈസഡിലെ 'ചായ്പ്' ഉപയോഗിക്കാം. പത്തുകൊല്ലത്തേക്ക് വാടകയ്ക്ക്. അതു കഴിഞ്ഞാൽ ഒഴിയണം. കുഞ്ഞൂഞ്ഞച്ചായനെ ആ മരുഭൂമിദേശത്തേക്കാണോ അയച്ചത്?
'പൂജ്യ'ത്തിൽനിന്നു തുടങ്ങണം എന്ന് പത്രങ്ങൾ സഹതാപത്തോടെ എഴുതിയതു വെറുതെയല്ല. പക്ഷെ, അവരുദ്ദേശിച്ച പൂജ്യം പൂജ്യം തന്നെ; അതു കോൺഗ്രസ് തന്നെ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുഫല ശേഷം കുറേ വാർഡു മത്സര ഫലങ്ങൾകൂടി മാധ്യമങ്ങൾ പുറത്തുവിട്ടു. എത്ര ക്രൂരമാണത്! യു.ഡി.എഫിനു മൂന്നോ നാലോ സീറ്റേയുള്ളൂ. പിന്നോട്ടുള്ള ആ കുതിപ്പ് പൂജ്യത്തിൽ ചെന്ന് മുട്ടുമെന്ന് ഏത് പിള്ളേർക്കുമറിയാം. തമ്മിൽ ഭേദം ആന്ധ്ര തന്നെ. ഒരു വാർഡെങ്ങാനും ജയിച്ചാൽ 'അശ്വമേധ'മാണെന്നു ബോർഡും തൂക്കിയിറങ്ങാമല്ലോ. ഇവിടെ അതിനും 'കൈമടക്ക്'കൊടുത്താലേ പാർട്ടിക്കാർ ഇറങ്ങുകയുള്ളൂ. ഒറ്റ ദുഃഖമേയുള്ളൂ, ഇനി ആകർഷകമായ രീതിയിൽ ഗ്രൂപ്പുകളിക്കാൻ നമുക്കാരാണുള്ളത്? കേരള ടീമിലും കുഞ്ഞൂഞ്ഞിനു നിന്നുകളിക്കാൻ സമയം കിട്ടും എന്ന് ആന്റണിച്ചായൻ പറഞ്ഞത് മറ്റു കുഞ്ഞുങ്ങളെ തൽക്കാലം ആശ്വസിപ്പിക്കാൻ വേണ്ടിയാകണം. കോട്ടയത്തുതന്നെയുള്ള ഒരു തിരുഞ്ചൂർ രാധാകൃഷ്ണനുണ്ട്. ദന്തശോഭ കാട്ടാനും അച്ചടിഭാഷ സംസാരിക്കാനുമുള്ള പ്രാപ്തിയേ കക്ഷിക്ക് കൈമുതലായുള്ളൂ. ഹസ്സൻജിയാണെങ്കിൽ 'ചില നേരങ്കളിൽ ചില മനിതർകൾ' എന്നു പറഞ്ഞതുപോലെ ഗ്രൂപ്പിന് അതീതനാണെന്ന് ചിലപ്പോൾ തോന്നും. 'വർണ്യത്തിലാശങ്ക'എന്നു സിനിമാ ഭാഷ. ഉത് പ്രേക്ഷ അലങ്കാരം. 'അതു താനല്ലയോ ഇത്' അത്രയേയുള്ളൂ. കെ.സി.ജോസഫ് എന്നൊരു വിദ്വാനുണ്ട്. പണ്ട് മനോരമ ബാലജന സഖ്യത്തിൽ ഇഴഞ്ഞു കളിക്കുന്ന കാലംതൊട്ട് പുതുപള്ളിയുടെ സന്തത സഹചാരി. കുഞ്ഞൂഞ്ഞില്ലാത്ത'കേസി' കരയിൽ പിടിച്ചിട്ട മീനിനെപ്പോലെയാണ്. അദ്ദേഹം തക്കം പാർത്ത് ആന്ധ്രയിലേക്ക് മുങ്ങും. ഉമ്മൻ ചാണ്ടിയോ, അവിടെ ജോസഫുമുണ്ട്. കഴിഞ്ഞ ഭരണകാലത്തും അങ്ങനെയായിരുന്നു. ലൈഫ്‌ബോയ് എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട് എന്നു പറഞ്ഞതു പോലെ! എന്നു കരുതി ചെന്നിത്തല എതിരില്ലാ നേതാവായി എന്നു നെഗളിക്കാൻ വരട്ടെ; കെ.മുരളീധരൻ, വി.ഡി.സതീശൻ, കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ജീവനോടെയുണ്ട്. പോരാഞ്ഞിട്ട് ചില വൃദ്ധവാനരന്മാർ വേറെയും!

*** *** ***
അഴിക്കുന്തോറും മുറുകുന്ന അത്യാധുനിക ഗുണമേന്മയുള്ള 2500 വിലങ്ങുകൾ വാങ്ങാൻ ഒർഡർ കൊടുത്തുകഴിഞ്ഞു കേരളാ പോലീസ്. ക്രിമിനലുകൾ അങ്ങനെയങ്ങു സുഖിക്കണ്ട. മൂത്രമൊഴിക്കാൻ പോകുമ്പോൾ അത്രയും ലാഘവത്തോടെ തന്നെ ഊരിപ്പോകുന്ന വിലങ്ങ് സിനിമയിൽപ്പോലും കാണില്ല. അവിടെ ഒരു തിണ്ടെങ്കിലും നായക-വില്ലന്മാരുടെ കൊത്തണ്ടയിൽ തൂങ്ങുന്നത് കാണാം. പക്ഷെ, അഴിക്കുന്തോറും മുറുകുന്ന കുരുക്ക് കാരണം പോലീസുകാർ ശ്വാസം മുട്ടകയാണല്ലോ. റോഡിൽ ഡ്യൂട്ടി നോക്കിയ എസ്.ഐക്ക് ആരാന്റേം കൊലപാതകം നിമിത്തം സസ്‌പെൻഷൻ! ആശ്വാസകരമായ ഒരുത്തരവ് പുറത്തിറങ്ങിയതു ഭാഗ്യം. എല്ലാ പോലീസുദ്യോഗസ്ഥരും ഒരേ തുണിത്തരത്തിലും നിറത്തിലുമുള്ള കാക്കി ധരിക്കണമത്രേ! ലോക്കൽ പോലീസുകാരൻ സുരാജ് വെഞ്ഞാറമൂടിന്റെ കാക്കിയിൽ നിന്നും പ്രമോഷൻ കിട്ടി ഉയർന്നുവരും. എസ്.പിയും ഐജിയുമൊക്കെ മമ്മൂട്ടി സ്റ്റൈൽ കാക്കിയിൽ നിന്നു താഴേക്ക് വരും. 
സോഷ്യലിസത്തിന്റെ ആരംഭം പോലീസ് വകുപ്പിൽ നിന്നായിരിക്കുമെന്ന് ആചാര്യന്മാർ പ്രവചിച്ചിട്ടുണ്ടോ ആവോ! അതോ ബെഹ്‌റയേമാന് സ്വന്തം നാട്ടിലേക്കു പോകാറായോ?

Latest News