'പച്ചമഷിയാവാത്തത് ഭാഗ്യം! എന്തെല്ലാം 'പാരമ്പര്യ കല'കളാണ് നഷ്ടമാവുന്നത്?' ചോദ്യപേപ്പറിൽ പരിഹാസവുമായി പി.കെ അബ്ദുറബ്ബ്

- ചോദ്യപ്പേപ്പറിൽ ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും അഞ്ചാറ് കെ.എസ്.ആർ.ടി.സി ബസ്സുകൾ എറിഞ്ഞു തകർക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്നുവെന്നും മുൻ വിദ്യാഭ്യാസ മന്ത്രിയുടെ ഓർമപ്പെടുത്തൽ.
 
മലപ്പുറം -
ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യ പേപ്പർ ചുവന്ന മഷിയിൽ അച്ചടിച്ചതിൽ പരിഹാസവുമായി മുസ്‌ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ്. ചോദ്യപേപ്പർ പച്ച മഷിയാവാത്തത് ഭാഗ്യമെന്നും അല്ലെങ്കിൽ താൻ രാജിവെക്കേണ്ടി വന്നേനേയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
 സാധാരണയായി കറുത്ത മഷിയിലാണ് ചോദ്യപേപ്പർ പ്രിന്റ് ചെയ്യാറാള്ളുത്. എന്നാൽ ഇത്തവണ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷയുടെ ചോദ്യങ്ങൾ ചുവപ്പ് മഷിയിലാണ് അച്ചടിച്ചെത്തിയത്. ഇത് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെ, ചുവപ്പിനെന്താണ് കുഴപ്പമെന്നും അതൊരു പ്രശ്‌നമായി എടുക്കേണ്ടതില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. ഇതിന് എതിരേയാണ് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് രൂക്ഷ പരിഹാസം ഉയർത്തിയത്.
 'പ്ലസ് വൺ പരീക്ഷയുടെ ചോദ്യ പേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ. ഏതായാലും പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജി വെക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും അഞ്ചാറ് കെ.എസ്.ആർ.ടി.സി ബസ്സുകൾ എറിഞ്ഞു തകർക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്നു. എന്തെല്ലാം 'പാരമ്പര്യ കല'കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്' - അബ്ദുറബ്ബ് കളിയാക്കി.

Latest News