രാജ്യത്തെ ഉരുൾപൊട്ടൽ സാധ്യതാ പഠനം; ആദ്യ പത്തിൽ നാലും കേരളത്തിൽ

ന്യൂദൽഹി - ഇന്ത്യയിലെ ഉരുൾപൊട്ടൽ സാധ്യത കൂടിയ പത്ത് സ്ഥലങ്ങളിൽ നാലും കേരളത്തിൽ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളാണ് പട്ടികയിലുള്ളത്. നാല് ജില്ലകളിലും പ്രളയ ഭീഷണി നിലനില്ക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാധ്യതാ പട്ടികയിൽ തൃശൂരിന്റെ സ്ഥാനം മൂന്നും പാലക്കാടിന്റേത് അഞ്ചും മലപ്പുറത്തിന്റേത് ഏഴും കോഴിക്കോടിന്റേത് പത്തുമാണ്. 
  ഹൈദരാബാദിലെ നാഷണൽ റിമോർട്ട് സെൻസിങ് സെന്ററാണ് ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് പട്ടിക തയ്യാറാക്കിയത്. 17 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും 147 പ്രദേശങ്ങളാണ് സാധ്യതാ പട്ടികയിൾ ഉള്ളത്. ഈ പട്ടികയിലെ ആദ്യ പത്തിലാണ് കേരളത്തിലെ നാല് ജില്ലകളിൽ അപായ ഭീഷണി ചൂണ്ടിക്കാട്ടിയത്. ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, സിക്കിം സംസ്ഥാനങ്ങളിലെ ഈരണ്ടുവീതം ജില്ലകളാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റു സംസ്ഥാനങ്ങൾ. 2000 മുതൽ 2017 വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പഠനം വ്യക്തമാക്കുന്നു.

Latest News