കൊല്ലം- വിദ്യാഭ്യാസവകുപ്പ് ജീവനക്കാരനായ മകനും മാതാവും വീടിനുള്ളില്‍ തീ കത്തി മരിച്ച നിലയില്‍. ചവറ തേവലക്കര അരിനല്ലൂര്‍ സന്തോഷ് ഭവനില്‍ ലില്ലി (70), മകന്‍ സോണി ( 38 ) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ലില്ലിയുടെ വീടിനുസമീപം പ്ലാസ്റ്റിക്ക് കത്തിയത് പോലെയുള്ള പുകയുടെ ഗന്ധം ഉയര്‍ന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍
പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചതിന്റെ ഗന്ധമാണെന്നാണ് കരുതിയത്. രാവിലെ ഏഴരയോടെ മേല്‍ക്കൂരയിലൂടെ പുക ഉയരുന്നത് ഇത് വഴി പോയവരും അയല്‍വാസികളുമാണ് ആദ്യം കണ്ടത്. തുടര്‍ന്ന് തെക്കുംഭാഗം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചതനുസരിച്ച് പോലീസ് - ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ ഗേറ്റും അകത്ത് നിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്താണ് ആദ്യം അകത്ത് കയറിയത്.
പരിശോധനയില്‍ വീട്ടിനുള്ളിലാകെ തീയും പുകയും പടര്‍ന്ന നിലയിലായിരുന്നു. വെള്ളം ചീറ്റി തീ അണച്ചതോടെ ഹാളില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ലില്ലി എല്‍.ഐ.സി ജീവനക്കാരിയാണ്. വീട്ടിനുള്ളിലെ ഫര്‍ണിച്ചര്‍ കത്തിനശിച്ച നിലയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതമൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്ന് പെട്രോള്‍ ഒഴിച്ചുവെച്ചിരുന്ന കുപ്പിയും ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ മേല്‍ നടപടികള്‍ക്ക് ശേഷം ജില്ലാ ആശുപത്രിയി മോര്‍ച്ചറിയില്‍.