ജിദ്ദയിലെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ 'മൈത്രി' ആതിഥേയത്വം വഹിച്ച മഴവിൽ സീസൺ ത്രിയുടെ അവാർഡ് ദാനവും വിവിധ കലാപരിപാടികളുടെ ആവിഷ്‌കാരവും രാഗതാളങ്ങളുടെ കുളിർമഴ പെയ്ത ഗാനനിശയും ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ തടിച്ചുകൂടിയ സദസ്യരെ വിസ്മയം കൊള്ളിച്ചു.
മൈത്രിയുടെ ജൈത്ര യാത്രയിൽ ഒരു പൊൻതൂവൽ കൂടി നൽകിക്കൊണ്ടാണ് മൈത്രി മഴവിൽ സീസൺ ത്രി ചിത്രരചന മത്സരം നോവൽ ഇന്റർനാഷണൽ സ്‌കൂളിൽ വെച്ച് 2023 ജനുവരി 27 നു വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തിയത്. അതിന്റെ സമ്മാന ദാനമാണ് കോൺസുലേറ്റ് മുറ്റത്തെ പരിപാടിയിൽ നിർവഹിക്കപ്പെട്ടത്. മൈത്രി നടത്തിയ മൈത്രി മഴവിൽ സീസൺ 3 യും മലയാളികളെ മാത്രം കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നവരല്ല എന്ന് വീണ്ടും വിളിച്ചറിയിക്കുന്ന ഒന്നായിരുന്നു. മലയാളികളേക്കാളേറെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു ചിത്രരചന മത്സരത്തിൽ പങ്കാളികളായത് എന്നത് പങ്കാളിത്തത്തിന്റെ അതോടൊപ്പം മൈത്രിയുടെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.
റാമി ബ്രോസ്റ്റ് ആന്റ് പിസ്സ റിത എന്ന സ്ഥാപനവുമായി സഹകരിച്ചായിരുന്നു മൈത്രി മഴവില്ല് സീസൺ ത്രി സംഘടിപ്പിക്കപ്പെട്ടത്.
മത്സര വിജയികൾക്കുള്ള സമ്മാനദാനം വൈസ് കോൺസൽ പി. ഹരിദാസ്, ഷിബു തിരുവനന്തപുരം, അലി തേക്കുതോട്, നസീർ വാവാകുഞ്ഞ്, ഷബീർ, മുഹമ്മദ് അൻവർ എൻ.കെ, കബീർ കൊണ്ടോട്ടി, നൗഷാദ് അടൂർ, നാസിമുദ്ദീൻ മണനാക്ക് തുടങ്ങിയവരും സമ്മാനങ്ങൾ വിതരണം ചെയ്തു. മൈത്രി പ്രസിഡന്റ് ബഷീറലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നവാസ് തങ്ങൾ സ്വാഗതവും ഖജാൻജി ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.
ചിത്ര രചന മത്സരത്തിൽ വനിത വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സമ്‌റീൻ വീരാനും ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ പൂജ പ്രേമും അതോടൊപ്പം പ്രോത്സാഹന സമ്മാന അർഹരിൽ സബ്-ജൂനിയറിൽ നദ സഹീറും സീനിയർ വിഭാഗത്തിൽ ഷെയാൻ റിയാസ്, അദ്‌നാൻ സഹീർ എന്നിവരും മൈത്രിയുടെ അഭിമാനമായി. മൈത്രിയുടെ ചരിത്രവും പ്രധാന പരിപാടികളും വിശദമായി പ്രതിപാദിക്കുന്ന, ജിദ്ദ സമൂഹത്തിനു മൈത്രിയെ അടുത്തറിയാൻ കഴിയുന്ന ഒന്നായിരുന്നു റിയാസ് കള്ളിയത്ത് നൽകിയ വിവരണം. മൈത്രി എന്താണെന്നും അതിന്റെ കാഴ്ചപ്പാടുകളും വരച്ചു കാണിക്കുന്ന കവിത, പ്രേംകുമാർ വട്ടപ്പൊയിൽ രചനയും, മുംതാസ് അബ്ദുറഹ്മാൻ ആലപിച്ച് ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
മൈത്രിയുടെ വിജയപാതയിൽ ഏറ്റവും കൂടുതൽ കാലം നിലയുറപ്പിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു, 26 വർഷം പിന്നിട്ട മൈത്രിയുടെ നിലവിലെ രക്ഷാധികാരി കൂടിയായ ഉണ്ണി തെക്കേടത്ത്, വിവിധ ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള ഖാലിദ് പാളയാട്ട് എന്നിവരെയും ആദരിച്ചു. ഇക്കാലമത്രയും മൈത്രിക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചുകൊണ്ടാണ് ആദരവ് നൽകപ്പെട്ടത്.
ചടങ്ങിന് മാറ്റുകൂട്ടാൻ മൈത്രിയിലെ കുട്ടികളും വനിത വിഭാഗവും നയന മനോഹരമായ നൃത്ത നൃത്യങ്ങളും ശ്രവണ സുന്ദരമായ സംഗീതവും കോർത്തിണക്കിയുള്ള കലാ മേന്മ നിറഞ്ഞാടിയ കലാ സന്ധ്യയും അണിയിച്ചൊരുക്കിയിരുന്നു. സഹീർ മാഞ്ഞാലി, മുഫ്സില സിനു തുടങ്ങിയവരുടെ ഗാനാലാപനം വിജിഷ ഹരീഷും ദീപിക സന്തോഷും അവതരിപ്പിച്ച സെമി ക്ലാസിക്കൽ നൃത്തത്തോടെ ആരംഭിച്ചു. തുടർന്ന് അഷിത ഷിബുവിന്റെ ഏകാംഗ നൃത്തം, വിവിധ സംഘനൃത്തങ്ങളിൽ പൂജ പ്രേം, മൻഹ അബ്ദുൾറഹ് മാൻ, അഭിരാമി ഹരീഷ് അഫ്രിൻ സക്കീർ, സാദിഹ സൈനാബ്, നദ സഹീർ, ഇഷൽ റിയാസ്, സാബീഹ ഷിനു, നൂറിൻ സക്കീർ, വിഷ്ണു കിരൺ, ഇഷാൻ നവാസ്, ദ്രുവ് നിഷീദ്, ശ്രീഹരിത് നിഷീദ്, കിഷൻ ബൈജു ദാസ്, റിഷാൻ റിയാസ്, അദ്‌നാൻ സഹീർ, ദീക്ഷിത് സന്തോഷ്, റയാൻ ഷാദിൽ, മുഫസില ഷിനു, ദിവ്യ ബൈജുദാസ്, നൂറുന്നിസ ബാവ, ഷിബിന നിഷീദ് തുടങ്ങിയവർ പങ്കാളികളായി. സംഘനൃത്തങ്ങൾ വിജിഷ ഹരീഷ്, ദീപിക സന്തോഷ്, റിഷാൻ റിയാസ്, മുഫ്സില സിനു, ദിവ്യ ബൈജുദാസ് എന്നിവർ ചിട്ടപ്പെടുത്തി, റജില സഹീർ ഏകോപനവും കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ് മുഴുവൻ കലാപരിപാടികൾക്ക് നേതൃത്വവും നൽകി.
ജിദ്ദയിലെ പ്രമുഖ മ്യൂസിക്കൽ ബാൻഡ് കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ''ഗീത് മൽഹാർ'' ലൈവ് മ്യൂസിക് പ്രേക്ഷകരെ ആകർഷിച്ചു.
ജിദ്ദയിലെ പ്രമുഖ ഗായകരും മൈത്രി അംഗങ്ങളുമായ മുംതാസ് അബ്ദുറഹ്മാൻ, ബൈജു ദാസ്, നഫീസ്, വിജിഷ ഹരീഷ് എന്നിവർക്ക് പുറമെ പ്രമുഖ ഗായകരായ മിർസ ഷെരീഫ്, മൻസൂർ ഫറോക്ക് തുടങ്ങിയവരും ഗാനങ്ങൾ ആലപിച്ചു. മൈത്രി അംഗങ്ങളായ കിരൺ കലാനി, റിഷാൻ റിയാസ് എന്നിവർ മ്യൂസിക് ബാൻഡിന്റെ ഭാഗമായി, ഡ്രംസ്, കീബോർഡ് എന്നീ സംഗീതോപകരണങ്ങൾ വായിച്ചു. അബ്ദുൾറഹ്മാൻ പുലപ്പാടി ആയിരുന്നു ഗീത് മൽഹാറിന്റെ ഏകോപനം. സൗണ്ട് ആന്റ് സ്റ്റേജ് കോ ഓർഡിനേഷൻ സന്തോഷ് കടമ്മനിട്ട കൈകാര്യം ചെയ്തു.
പരിപാടികൾക്ക് വീരാൻ ബാവ, പ്രേംകുമാർ വട്ടപ്പൊയിൽ, ഹരീഷ്, നിഷീത്, റഫീഖ് മമ്പാട്, അജിത്, സക്കീർ ചെമ്മണ്ണൂർ, മണി കിരൺ, റിയാസ് കള്ളിയത്ത്, സന്തോഷ് ഭരതൻ, ഷമീം താപ്പി, ജ്യോതി സന്തോഷ്, അനീസ നവാസ് തുടങ്ങിയവർ നേതൃത്വം നൽകി. ഷെറിൻ ഫർഹാന ഫവാസായിരുന്നു അവതാരക.






