Sorry, you need to enable JavaScript to visit this website.

യാത്ര- അനുഭവങ്ങളുടെ നിധിപേടകം

ഒത്തിരി സ്വപ്‌നങ്ങളുമായല്ല, നിറയെ ഓർമകളുമായി വേണം മരിക്കാൻ എന്ന് പറയാറുണ്ട്. നിറവേറ്റാത്ത സ്വപ്‌നങ്ങൾ പേറി നിരാശപ്പെടാനുള്ളതല്ല ജീവിതം. നിറമാർന്ന അനുഭവങ്ങൾ കൊണ്ട് സമ്പന്നമാക്കേണ്ടതാണത്. വൈവിധ്യമാർന്ന അനുഭവങ്ങളുടെ നിധികുംഭങ്ങൾ സമ്മാനിക്കുന്ന അക്ഷയ ഖനിയാണ് യാത്രകൾ.
ഓരോ യാത്രയും നമുക്കായി കരുതിവെക്കുന്നത് എന്ത് മാത്രം അവർണനീയമായ മുഹൂർത്തങ്ങളാണ്! യാത്രയുടെ ദൂരമല്ല യാത്രികരുടെ മനോഭാവവും കൂടെ യാത്ര ചെയ്യുന്നവരുടെ മഹിമയുമാണ് ഓരോ യാത്രയേയും വേറിട്ടതാക്കുന്നത്.


യാത്രയുടെ മനസ്സറിഞ്ഞവർക്ക് ഹൃദയ വിശാലതയും മനസ്സുഖവും ഒപ്പം ഒത്തിരി കഥകളും സമ്മാനിക്കുന്നതാണ് ഓരോരോ യാത്രയും.
യാത്രകൾ ഉല്ലാസപ്രദവും ഉന്മേഷദായകവും ആയിത്തീരുന്നത് ഉൾത്തെളിച്ചത്തോടെ പിന്നിടുന്ന ദൂരങ്ങളും കാണുന്ന കാഴ്ചകളും അകമിഴിയിൽ പതിയുമ്പോഴാണ്.
മണ്ണും വിണ്ണും ഒരുക്കിവെച്ച വിശിഷ്ട വിഭവങ്ങൾ അനുദിനം ആസ്വദിക്കാനുള്ള ഉൾപ്രേരണ ഉള്ളിലുള്ളയാൾക്ക് യാത്ര ഒരു മഹാ പാഠപുസ്തകം ആയി മാറുമെന്നതിൽ സംശയമില്ല. ആകാശ നീലിമയും ഗഗനചാരികളായ മേഘപാളികളിൽ തെളിയുന്ന അനിർവചനീയമായ ചിത്രങ്ങളും ചലനവേഗങ്ങളും ഒരു ഭാഗത്ത്; ചിറകടിച്ചുയർന്ന് കളകൂജനമുതിർത്ത് പറക്കുന്ന പക്ഷികൾ തീർക്കുന്ന അവർണനീയമായ കാഴ്ചകൾ വേറെ. കൂടാതെ, തുമ്പികളും പൂമ്പാറ്റകളും പകരുന്ന നയനഹാരിയായ നൃത്ത വൈവിധ്യങ്ങൾ വേറെ. 
ഇതിനെല്ലാം പുറമെ ആകാശ പശ്ചാത്തലത്തിൽ വ്യക്ഷത്തലപ്പുകൾ വരച്ചിടുന്ന അമൂർത്ത ചിത്രങ്ങളുടെ അതീവ സുന്ദരങ്ങളായ കാഴ്ചകൾ മറുവശത്തും. യാത്രികരുടെ ആകാശത്തിന് അനന്ത വർണങ്ങളാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.


സഞ്ചരിക്കുന്ന വഴിയുടെ ഘടന തീർച്ചയായും യാത്രികരുടെ ആസ്വാദന മികവ് വർധിപ്പിക്കും. കുന്നുകളും താഴ്‌വാരങ്ങളും പുഴകളും അരുവിയും കാട്ടാറുകളും മലയിടുക്കുകളും കൽകൊത്തളങ്ങളും ചുരങ്ങളും പിരിയൻ വഴികളും തീരദേശവും വനപ്രദേശം നൽകുന്ന യാത്രാനുഭവങ്ങൾ ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. മരുഭൂമിയിലെ യാത്രാനുഭവം ആയിരിക്കില്ല കാനന വീഥിയിലേത്.
കണ്ണ് തുറന്നു വട്ടം പിടിച്ച് കാണേണ്ട വഴികളും  കണ്ണടച്ച് കാതുകൾ തുറന്ന് വെച്ച് സാകൂതം കേട്ട് മാത്രം ആസ്വദിക്കേണ്ട സന്ദർഭങ്ങളും യാത്രകളിൽ കടന്നെത്തും. രാത്രിയിലെ യാത്ര പ്രദാനം ചെയ്യുന്ന ആകാശക്കാഴ്ചകൾ വാക്കുകൾക്കതീതവും വർണങ്ങൾക്ക് അപ്രാപ്യവുമാണെന്ന് പറയാം. കോടാനുകോടി നക്ഷത്രങ്ങൾ വൃക്ഷത്തലപ്പുകൾക്കിടയിലൂടെ കണ്ണിറുക്കി ആസ്വാദകരെ പുളകിതരാക്കും. വാഹന വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന വഴിയോര മരച്ചില്ലകൾ അപൂർവ സുന്ദരമായ കാഴ്ച തന്നെയായി മാറും.


ഇന്ദു പുഷ്പം ചൂടി നിൽക്കുന്ന രാത്രിയാണെങ്കിൽ ചുറ്റിലും നിലാവിൽ കുളിച്ചിരിക്കുന്ന കാഴ്ച എത്ര ചേതോഹരമാണെന്നോ!
പശ്ചാത്തലത്തിൽ ഹൃദയഹാരിയായ ഭാവഗീതങ്ങളോ ഗസലോ കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട!
ഋതുഭേദങ്ങൾക്കനുസരിച്ച് യാത്ര അപ്രതീക്ഷിതങ്ങളായ വിരുന്നുകൾ നൽകി നമ്മെ വീർപ്പുമുട്ടിക്കും. പല കാരണങ്ങൾ കൊണ്ട് യാത്ര ചെയ്യുന്നവരാണ് നമ്മിലധികവും. വ്യക്തിപരമായ ആവശ്യങ്ങൾ, തൊഴിൽ, സാഹസികത, ഉല്ലാസം, പ്രകൃതി നിരീക്ഷണം, കച്ചവടം, പഠനം, ചികിൽസ തീർത്ഥാടനം തുടങ്ങിയവ അവയിൽ ചിലത് മാത്രം.


അറിവ് ശേഖരിക്കാൻ യാത്രയോളം ഉപകരിക്കുന്ന സർവകലാശാലയില്ല. സർവതല സ്പർശിയായ അറിവുകൾ വാരിക്കൂട്ടാൻ യാത്രക്കാർക്ക് അനായാസേന കഴിയുന്നു. സഹയാത്രികരിൽ നിന്നും അപരിചിതരിൽ നിന്നും ഏറെ പഠിക്കാൻ അവസരം ഒരുക്കുന്നതാണ് മിക്ക യാത്രകളും. പുതിയ ഭാഷ, ജീവിത രീതി, സംസ്‌കാരം, ഭക്ഷണ രീതി, ആചാരങ്ങൾ തുടങ്ങിയവ താൽപര്യമുള്ളവരെ ഏറെ വിജ്ഞരാക്കും.
ഭൂമിയുടെ ഘടന വൈവിധ്യങ്ങളും ചരിത്രത്തിന്റെ സുന്ദര ഭീകര ദൃശ്യങ്ങള്യം നേരിൽ കണ്ടാസ്വദിക്കാൻ ലഭിക്കുന്ന അത്യപൂർവ അവസരങ്ങളായി വേണം ഓരോ യാത്രയേയും ഉപയോഗപ്പെടുത്താൻ.
ധ്യാനലീനരായ യാത്രികർക്ക് പ്രകൃതിയെപ്പോലെ ഉൾവെളിച്ചം നൽകുന്ന ഗുരുവില്ല. ഓരോ യാത്രയും അകതാരിലേക്കുള്ള യാത്രയായി പരിണമിക്കുന്നത് യാത്രയിലെ ധന്യമുഹൂർത്തങ്ങളിലാണ്.


ഗ്രാമവീഥിയിലൂടെയും നഗരവീഥികളിലൂടെയുമെല്ലാം യാത്രകളാവാം. ഇടയ്ക്കിടെ ബോധപൂർവം ഒരുക്കുന്ന യാത്രകൾ ജീവിതത്തിന് പുതു സുഗന്ധവും നവ വർണങ്ങളും പ്രദാനം ചെയ്യുമെന്നതിൽ സംശയമില്ല.
എത്രയറിഞ്ഞാലും അറിയാനുള്ളതിലേറെയാണെന്ന് പഠിപ്പിക്കുന്ന മാന്ത്രികനാണ് ഓരോരോ യാത്രയും.
ശരീരത്തിനും മനസ്സിനും ഉണർവേകേണ്ട യാത്രകൾ പലപ്പോഴും തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ പിത്തമിളക്കുന്ന അടിച്ചുപൊളി പാട്ട് വെച്ച് ലക്കും ലഘാനുമില്ലാതെ സർവ പരിധികളും ലംഘിച്ച് തുള്ളിത്തിമിർക്കുന്ന അതീവ ബഹളമയമായ ഒരു അപരിഹാര്യ കോലാഹലമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് അധിക കലാലയ വിനോദ യാത്രകളിലും ഇന്ന് കണ്ടുവരുന്നത് എന്ന വസ്തുത യാത്രകളെ നെഞ്ചേറ്റുന്ന സഹൃദയരെ ഏറെ മനം മടുപ്പിക്കുന്നത് തന്നെയാണെന്ന് കൂടി പറയാതെ വയ്യ.

Latest News