കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ക്ക് മാനസികാസ്വാസ്ഥ്യം, നാടകമെന്ന് പോലീസ്

ആലപ്പുഴ: ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ എം.ജിഷമോള്‍ അന്വേഷണത്തോട്  സഹകരിച്ചില്ലെന്ന് പോലീസ്. ഇന്നലെ അറസ്റ്റിലായ  ഇവരില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും കൂടുതല്‍ ചോദ്യങ്ങള്‍ക്കും ഇവര്‍ ഉത്തരം നല്‍കിയില്ല. കോടതിയില്‍ ഹാജരാക്കി ജയിലിലേക്കയച്ച ജിഷമോളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലിസ് നീക്കമാരംഭിച്ചെങ്കിലും അവര്‍ ജയിലില്‍ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയാണ്. ഇത് ചോദ്യം ചെയ്യാതിരിക്കാനുള്ള നാടകമാണെന്ന് പോലീസ് സംശയിക്കുന്നു. അറസ്റ്റിലായതിനെ തുടര്‍ന്ന് ജിഷമോളെ അന്വേഷണ വിധേയമായി സര്‍വ്വീസിന്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
.
ജിഷമോള്‍ നല്‍കിയ 500 രൂപയുടെ ഏഴ് നോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. നല്‍കിയത് വ്യാജനോട്ടുകളാണെന്ന് ജിഷമോള്‍ ഇന്നലെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ ഉറവിടം വെളിപ്പെടുത്തിയില്ല. തുടര്‍ന്നായിരുന്നു അറസ്റ്റും റിമാന്‍ഡും.
ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ജിഷ മോളുമായി ബന്ധമുള്ള കള്ളനോട്ട് സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആലപ്പുഴ കളരിക്കലില്‍ വാടകക്ക് താമസിക്കുന്ന ജിഷമോള്‍ക്കെതിരെ വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായ ഇവര്‍ എയര്‍ഹോസ്റ്റസായും, സ്‌പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറായും നേരത്തെ ജോലി ചെയ്തിട്ടുണ്ടെന്നാണ്  പറഞ്ഞിരുന്നത്. അതേ സമയം  ഭര്‍ത്താവിനെ കുറിച്ച് പോലീസിനോടും ഓഫീസിലുള്ളവരോടും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. ഇത്  പൊലീസിനും സംശയം ജനിപ്പിച്ചിട്ടുണ്ട്.

 

Latest News