- ഹോംവർക്കിനും ഉപന്യാസം തയാറാക്കാനും വിദ്യാർഥികൾ ഡിജിറ്റൽ വൻമതിൽ ചാടിക്കടക്കുന്നു
ഉപന്യാസങ്ങൾ എഴുതാനും ഭാഷ പഠിക്കാനും ഹോംവർക്ക് സമയം കുറക്കാനും ചൈനീസ് സ്കൂൾ കുട്ടികൾ നിർമിത ബുദ്ധി സംവിധാനമായ ചാറ്റ്ജിപിടി ഉപയോഗിക്കുന്നു. ചൈന ഡിജിറ്റൽ ലോകത്ത് ഏർപ്പെടുത്തിയ വൻമതിൽ ചാടിക്കടന്നാണ് വിദ്യാർഥികൾ ചാറ്റ്ജിപിടി ആശ്രയിക്കുന്നത്.
വീടുകളിൽവെച്ച് പുസ്തക റിപ്പോർട്ടുകൾ എഴുതാനും ഭാഷാ വൈദഗ്ധ്യം വർദ്ധിപ്പിക്കാനുമാണ് ലോകത്തെമ്പാടും വൻ സ്വീകാര്യതയോടൊപ്പം വിമർശനങ്ങളും നേരിടുന്ന ചാറ്റ്ജിപിടി സഹായിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ എ ഗ്രേഡ് ഉപന്യാസങ്ങളും കവിതകളും പ്രോഗ്രാമിംഗ് കോഡും തയാറാക്കാനുള്ള ചാറ്റ്ജിപിടിയുടെ ശേഷി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യക്ക് സാധാരണക്കാർക്കിടയിലും വൻ സ്വീകാര്യതയാണ് നേടിക്കൊടുത്തിരിക്കുന്നത്. അതേസമയം, ഇത് അധ്യാപകരിൽ കോപ്പിയടി സാധ്യതകളെക്കുറിച്ച് ആശങ്കയുണ്ടാക്കുകയും ചെയ്തു.
വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വി.പി.എൻ) ഇല്ലാതെ ചൈനയിൽ ചാറ്റ്ജിപിടി സേവനം ലഭ്യമല്ല. എന്നാൽ ഉപന്യാസങ്ങൾ എഴുതാനും സയൻസ്, ഗണിത ഉത്തരങ്ങൾ കണ്ടെത്താനും കമ്പ്യൂട്ടർ കോഡ് സൃഷ്ടിക്കാനും തങ്ങൾ ഇത് ഉപയോഗിച്ചിട്ടുണ്ടെന്ന് ഒരു ഡസനിലധികം വിദ്യാർത്ഥികൾ എ.എഫ്.പിയോട് പറഞ്ഞു. വീട്ടിലിരുന്ന് പഠിക്കുന്ന സമയം പകുതിയായി കുറയ്ക്കാൻ ചാറ്റ്ജിപിടി സഹായിച്ചിട്ടുണ്ടെന്ന് പതിനൊന്നുകാരിയായ എസ്തർ ചെൻ പറഞ്ഞു. എസ്തറിന്റെ സഹോദരി നിക്കോളാകട്ടെ ഇംഗ്ലീഷ് പഠിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
ദിവസവും നാലോ അഞ്ചോ മണിക്കൂർ ഗൃഹപാഠത്തിനായി ചെലവഴിക്കാറുണ്ടായിരുന്നുവെന്ന് തെക്കൻ മെഗാസിറ്റിയായ ഷെൻഷെനിലെ സ്കൂളിൽ പഠിക്കുന്ന എസ്തർ പറഞ്ഞു.
ഗൃഹപാഠങ്ങളെല്ലാം പൂർത്തിയാക്കുന്നത് വരെ അമ്മ കാത്തിരിക്കുകയും നിരന്തരം വഴക്കിടുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ, എളുപ്പത്തിൽ ഉത്തരങ്ങൾ കണ്ടെത്താനും എല്ലാം വേഗത്തിൽ പൂർത്തിയാക്കാനും ചാറ്റ്ജിപിടി സഹായിക്കുന്നുവെന്ന് എസ്തർ പറഞ്ഞു. ഓൺലൈനിൽ വിദേശ ഫോൺ നമ്പറുകൾ വാങ്ങിയും വി.പി.എൻ ഉപയോഗിച്ചുമാണ് ചാറ്റ്ജിപിടി ഉപയോഗിക്കാൻ നിയന്ത്രണങ്ങൾ മറികടന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഉപയോക്താക്കൾക്ക് 5.5 യുവാൻ (0.8 ഡോളർ) നൽകിയാൽ അമേരിക്കൻ നമ്പർ വാങ്ങാൻ കഴിയും. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത നമ്പർ വാങ്ങാൻ ഒരു യുവാനിൽ താഴെ വില നൽകിയാൽ മതി.
ഫയർവാൾ മറികടക്കാൻ കഴിയാത്തവർക്കായി മറ്റ് സേവനങ്ങൾക്കെന്ന പോലെ ചാറ്റ്ജിപിടിയോട് ഒരു ചോദ്യം ചോദിക്കാൻ വിചാറ്റ് ആപ്പിലെ എ.ഐലൈഫ് ഒരു യുവാൻ (0.15 ഡോളർ) ഈടാക്കുന്നു.
വിചാറ്റിന്റെ മാതൃകമ്പനിയായ ടെൻസെന്റ്, ഇവരുടെ എതിരാളിയായ ആന്റ് ഗ്രൂപ്പ് എന്നിവയുൾപ്പെടെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളോട് അവരുടെ പ്ലാറ്റ്ഫോമുകളിൽ ചാറ്റ്ജിപിടിലേക്കുള്ള ആക്സസ് വെട്ടിക്കുറയ്ക്കാൻ അധികൃതർ ഉത്തരവിട്ടതായി ചൈനീസ് മാധ്യമങ്ങൾ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. വിദേശ രാഷ്ട്രീയ പ്രചരണത്തിനുള്ള ഉപകരണമായി മാറുമെന്നാണ് ചൈനീസ് ദേശീയ മാധ്യമങ്ങൾ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എന്നാൽ വി.പി.എൻ ഉപയോഗിക്കുന്നതിലോ ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിലോ ആശങ്കപ്പെടാനില്ലെന്നാണ് എസ്തറിന്റെ മാതാവ് വാങ് ജിങ്ജിംഗ് പറയുന്നത്.
വർഷങ്ങളായി വി.പി.എൻ ഉപയോഗിക്കുന്നുണ്ടെന്നും വ്യത്യസ്ത ഉറവിടങ്ങളിൽനിന്ന് വ്യാപകമായി വായിക്കാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അവർ എ.എഫ്.പിയോട് പറഞ്ഞു. അതേസമയം, കോപ്പിയടിയെക്കുറിച്ച് തനിക്കും ആശങ്കയുണ്ടെന്നും അതുകൊണ്ട് മകളെ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടെന്നും അവർ പറഞ്ഞു.
ആഗോളതലത്തിൽ പ്രശസ്തനായ ചൈനീസ് സയൻസ് ഫിക്ഷൻ എഴുത്തുകാരനായ ലിയു സിക്സിന്റെ 'ഹോൾഡ് അപ്പ് ദ സ്കൈ' എന്ന നോവലിനെക്കുറിച്ചുള്ള ഒരു പുസ്തക റിപ്പോർട്ട് തയാറാക്കാൻ ചാറ്റ് ബോട്ട് ഉപയോഗിക്കരുതെന്ന് മകൾക്ക് കർശന നിർദേശം നൽകിയിരുന്നുവെന്ന് അടുത്തിടെ ലഭിച്ച അസൈൻമെന്റിനെ കുറിച്ച് എസ്തറിന്റെ മാതാവ് കൂട്ടിച്ചേർത്തു.
പിയാനോ പ്രാക്ടീസ്, നീന്തൽ, ചെസ്സ്, റിഥമിക് ജിംനാസ്റ്റിക്സ് എന്നിവകാരണം ആഴ്ചയിൽ പിടപ്പത് പണിയുള്ളതിനാൽ പുസ്തകം വായിച്ച് പൂർത്തിയാക്കാൻ തനിക്ക് സമയമില്ലെന്നാണ് എസ്തർ പറഞ്ഞിരുന്നത്. ഒടുവിൽ പ്രധാന കഥാപാത്രങ്ങളെയും പ്രമേയങ്ങളെയും കുറിച്ചുള്ള സംഗ്രഹവും ഏതാനും ഖണ്ഡികകളും നൽകാനും അതിൽ നിന്നുള്ള റിപ്പോർട്ട് എഴുതാനും ചാറ്റ്ജിപിടിയോട് ആവശ്യപ്പെട്ടു.
വിദേശരാജ്യങ്ങളിലെ കോളേജ് പ്രവേശനത്തിന് ആവശ്യമായ ഇംഗ്ലീഷ് പരീക്ഷ പാസാകാനും ചൈനയിലെ വിദ്യാർഥികൾ ചാറ്റ്ജിപിടി ഉപയോഗിക്കുന്നു.
അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കോളേജുകളിലെ പ്രവേശനത്തിന് ആവശ്യമായ പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർഥികൾ ആയിരക്കണക്കിന് ഇംഗ്ലീഷ് വാക്കുകൾ പഠിക്കുന്നു. ചൈനയിൽ ലാഭകരമായ വ്യവസായമായി മാറിയിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ട്രെയിനിംഗിനെ മറികടക്കാനാണ് വിദ്യാർത്ഥികൾ ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നത്.
മണിക്കൂറിൽ 600 യുവാൻ (85 ഡോളർ) ചെലവഴിച്ചാണ് പദലിസ്റ്റുകളും മറ്റും പഠിച്ചിരുന്നതെന്നും ഇപ്പോൾ അത് നിർത്തി ചാറ്റ്ബോട്ടുമായുള്ള സംഭാഷണങ്ങളിലൂടെയാണ് പഠിക്കുന്നതെന്നും 17 കാരിയായ സ്റ്റെല്ല ഷാങ് എ.എഫ്.പിയോട് പറഞ്ഞു.
ഇപ്പോൾ സമ്മർദം കുറവാണെന്നും ഉപന്യാസങ്ങളിൽ തൽക്ഷണ ഫീഡ്ബാക്ക് ലഭിക്കുന്നതിനാൽ തനിക്ക് വ്യത്യസ്ത പതിപ്പുകൾ സമർപ്പിക്കാൻ കഴിയുന്നുണ്ടെന്നും സ്റ്റല്ല വിശദീകരിച്ചു.
രണ്ട് ഡസനിലധികം വിദ്യാർത്ഥികൾ ഭാഷാ ക്രാമിംഗ് സ്കൂളുകൾ ഒഴിവാക്കിയെന്നും അവർ ഇപ്പോൾ ചാറ്റ്ജിപിടി വഴിയാണ് തയാറെടുക്കുന്നതെന്നും കിഴക്കൻ നഗരമായ സുഷൗവിലെ കോളേജ് അഡ്മിഷൻ കൗൺസിലറായ തോമസ് ലോ പറഞ്ഞു. എന്നാൽ ചാറ്റ്ജിപിടി സാങ്കേതിക വിദ്യ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾ എഴുതിയ വ്യക്തിഗത പ്രസ്താവനകളും മറ്റു കുറിപ്പുകളും നിർമിത ബുദ്ധി ഉപയോഗിച്ച് എഴുതിയതാണോ എന്ന് കണ്ടെത്താൻ സോഫ്റ്റ്വെയർ വഴി പരിശോധിക്കാറുണ്ട്. പലരും ഈ പരിശോധനയിൽ പരാജയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
ചൈനയിൽ ബൈദു, അലിബാബ, ജെ.ഡി ഡോട്കോം എന്നിവയടക്കമുള്ള ടെക്നോളജി സ്ഥാപനങ്ങൾ ചാറ്റ്ജിപിടിക്ക് പകരക്കാരെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. നിർമിത ബുദ്ധിയെ നിയന്ത്രിക്കുന്നതിന് ഉടൻ തന്നെ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ചൈനീസ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
നിർമിത ബുദ്ധി ഉപയോഗിച്ച് എഴുതിയ വാചകമാണോ എന്നു കണ്ടെത്താൻ ചൈനയിൽ ഉപകരണങ്ങൾ ലഭ്യമാണെങ്കിലും പഠന രംഗത്ത് നൈതികത ഉയർത്തിപ്പിടിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്കൂളുകൾ അധ്യാപകരെ പരിശീലിപ്പിക്കുന്നുണ്ട്.
ചാറ്റ്ജിപിടി നിരോധിക്കണോ സ്വീകരിക്കണോ എന്ന ചർച്ചയാണ് ഇപ്പോൾ ക്ലാസ് മുറികളിൽ നടക്കുന്നതെന്ന് തലസ്ഥാനമായ ബീജിംഗിലെ അധ്യാപകനായ ടിം വാലസ് പറഞ്ഞു. എന്നാൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അധ്യാപകർക്കാകട്ടെ പാടില്ല എന്നു വിദ്യാർഥികളോട് പറയാൻ കഴിയുന്നുമില്ല.
സെക്കൻഡുകൾക്കുള്ളിൽ ലെസ്സൻ പ്ലാനുകൾ തയാറാക്കാൻ പോലും അധ്യാപകർ നിർമിത ബുദ്ധി ആശ്രയിക്കുന്നുണ്ട്. സ്വയം ഉപയോഗിക്കുമ്പോൾ ഉപയോഗിക്കരുതെന്ന് എങ്ങനെ വിദ്യാർഥികളോട് പറയുമെന്ന് അദ്ദേഹം ചോദിക്കുന്നു.






