ചെന്നൈ: രാജ്യ വ്യാപകമായി മതനിരപേക്ഷ കക്ഷികളുമായി മുസ്ലീം ലീഗ് സഖ്യമുണ്ടാക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഉത്തരവാദിത്ത രാഷ്ട്രീയമാണ് മുസ്ലീം ലീഗ് വിന്നോട്ട് വെയ്ക്കുന്നതെന്നും കഴിഞ്ഞ 75 വര്‍ഷത്തിനുള്ളില്‍ വളരെയധികം നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയില്‍ നടക്കുന്ന മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ പ്രതിന്ധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇടത് പാര്‍ട്ടികള്‍ ശോഷിച്ച് കേരളത്തില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആശയ പ്രചാരണത്തിന് ഇലക്ട്രോണിക്, നവ മാധ്യമങ്ങളുടെ ഉപയോഗം പാര്‍ട്ടി ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തില്‍ മുസ്ലീം ലീഗിന് കൂടുതല്‍ സ്വാധീനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും. രാഷ്ട്ര നിര്‍മ്മാണത്തില്‍ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, വനിതകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ പങ്ക്, ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനില്‍പ്പിന്റെയും ഏഴര പതിറ്റാണ്ട് എന്നീ പ്രമേയങ്ങളും പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്യും.1750 ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 750 ഓളം പേര് കേരളത്തില്‍ നിന്നാണ്.
മാര്‍ച്ച് 10 ന് രാവിലെ രാജാജി ഹാളില്‍ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്കാര സമ്മേളനം നടക്കും. പുതിയ കാലത്തിന്റെ പോരാട്ടങ്ങളുടെ നിയോഗമേറ്റെടുത്ത് പ്രതിനിധികള്‍ പ്രതിജ്ഞ ചെയ്യുന്നതാണ് ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. തമിഴ്, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ പ്രതിജ്ഞ നടക്കും. തുടര്‍ന്ന് വൈകിട്ട് ഓള്‍ഡ് മഹാബലിപുരം റോഡിലെ വൈ എം സി എ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ ഖാഇദെ മില്ലത്ത് നഗറില്‍ മഹാറാലി നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് റാലിയില്‍ മുഖ്യാതിഥിയാകും. തമിഴ് നാട്ടിലെ വാളന്റിയര്‍മാര്‍ അണിനിരക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡിനും സമ്മേളന നഗരി സാക്ഷിയാകും.






