ഇരട്ടക്കുട്ടികളുമായി നയന്‍താരയും വിഘ്നേഷും  മുംബൈ എയര്‍പോര്‍ട്ടില്‍, പൊതുസ്ഥലത്ത് ഇതാദ്യം 

മുംബൈ-മക്കളായ ഉയിരും ഉലകവുമൊത്ത് നയന്‍താരയും വിഘ്നേഷ് ശിവനും ആദ്യമായി പൊതുസ്ഥലത്ത്.  മുംബൈ  എയര്‍പോര്‍ട്ടിലാണ് ഇരട്ടക്കുട്ടികളുമായി നയനും വിഘ്നേഷും ക്യാമറ കണ്ണുകള്‍ക്ക് മുന്നിലെത്തിയത്. കുഞ്ഞുങ്ങളെ ഫ്‌ളാഷ് ലൈറ്റ് ഏല്‍ക്കാതെ മറച്ചുപിടിച്ച് ഇരുവരും എയര്‍പോര്‍ട്ടിനുള്ളിലേയ്ക്ക് പോകുന്ന ചിത്രങ്ങളും വീഡിയോയും ഏറെ വൈറലാവുകയാണ്.
കാഷ്വല്‍ വസ്ത്രങ്ങളില്‍ ട്രെന്‍ഡി ലുക്കിലാണ് താരജോഡികള്‍ എയര്‍പോര്‍ട്ടിലെത്തിയത്. കുഞ്ഞുങ്ങളെ ഒരുപോലുള്ള വസ്ത്രങ്ങളാണ് അണിയിച്ചിരിക്കുന്നത്. ക്യാമറകള്‍ക്ക് നേരെ നയന്‍താരയും വിഘ്നേഷും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. വീഡിയോയും ചിത്രങ്ങളും പുറത്തിറങ്ങിയതിന് പിന്നാലെ ദമ്പതികള്‍ക്കും മക്കള്‍ക്കും സ്നേഹം കൊണ്ട് നിറയ്ക്കുകയാണ് ആരാധകര്‍.
കഴിഞ്ഞവര്‍ഷം ജൂണില്‍ വിവാഹിതരായ ഇരുവരും ഒക്ടോബറിലാണ് തങ്ങള്‍ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വിവരം ആരാധകരോട് പങ്കുവയ്ക്കുന്നത്. വിഘ്‌നേഷ് ശിവനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുവരും വിശേഷാവസരങ്ങളില്‍ മക്കളുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്താറില്ല.
ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ആറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ് സേതുപതിയാണ് ജവാനില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. പൃഥിരാജ് നായകനായ ഗോള്‍ഡ് ആണ് മലയാളത്തില്‍ നയന്‍താരയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ.
 

Latest News