വിവാഹ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ   പീഡിപ്പിച്ചു, ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റില്‍ 

കൊച്ചി- വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചയാള്‍ ഒന്നരവര്‍ഷത്തിനുശേഷം ദല്‍ഹിയില്‍ പിടിയിലായി. കുമരകം സ്വദേശി അനൂപാണ് അറസ്റ്റിലായത്. മുംബൈ  മലയാളിയായ യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലീസില്‍ നല്‍കിയ പരാതിക്ക് പിന്നാലെ നാടുവിട്ട ഇയാള്‍ ഉത്തരേന്ത്യയിലടക്കം ഒളിവില്‍ കഴിയുകയായിരുന്നു.കാനഡയിലേക്ക് കടക്കാനിരിക്കെയാണ് സെന്‍ട്രല്‍ പോലീസ് സംഘത്തിന്റെ പിടിവീണത്. പാട്യാല കോടതിയില്‍ ഹാജരാക്കിയ അനൂപിനെ ട്രാന്‍സിറ്റ് വാറണ്ടുവാങ്ങി കൊച്ചിയിലെത്തിക്കും.
2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് യുവതി അനൂപിനെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു. ചാറ്റിംഗിലൂടെ കൂടുതല്‍ അടുപ്പത്തിലായി. ഇതിനിടെ യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു. പരാതിക്കാരിയില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപയും കൈക്കലാക്കിയിരുന്നു. പിന്നീട് വിവാഹത്തില്‍നിന്ന് പിന്തിരിഞ്ഞ് അനൂപ് സ്ഥലം വിടുകയായിരുന്നു. അനൂപിന്റെ ഫോണ്‍ സ്വിച്ച് ഒഫ് ചെയ്ത നിലയിലായിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ അന്വേഷണം പ്രതിസന്ധിയിലായിരുന്നു. ഫോണ്‍ വീണ്ടും ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സംഘം ഡല്‍ഹിയിലെത്തി പിടികൂടുകയായിരുന്നു. ഇന്നോ നാളെയോ അനൂപുമായി അന്വേഷണ സംഘം കൊച്ചിയിലെത്തും. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയശേഷമാകും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയെന്ന് പോലീസ് പറഞ്ഞു. 


 

Latest News