ഷാരൂഖിനെ കാണാനെത്തിയ ഫാന്‍സ്  മേയ്ക്കപ്പ് റൂമില്‍ ഒളിച്ചിരുന്നത് എട്ട് മണിക്കൂര്‍ 

മുംബൈ- ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് അടുത്തിടെ  രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഷാരൂഖ് ഖാനെ കാണാനായി എട്ട് മണിക്കൂറോളം മേക്കപ്പ് റൂമില്‍ ഒളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബറൂച്ച് സ്വദേശികളായ രണ്ടുപേരാണ് താരത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയത്.
'പഠാന്‍' താരത്തെ കാണാനാണ് എത്തിയതെന്നായിരുന്നു പിടിയിലായവരുടെ മൊഴി. പത്താന്‍ സാഹില്‍ സലിം ഖാന്‍, രാം സരഫ് കുശ്വാഹ എന്നവരെയാണ് ഷാരൂഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിന് കൈമാറിയത്. മന്നത്ത് വീടിന്റെ പുറംഭിത്തി ചാടികടന്നെത്തിയ പ്രതികള്‍ മൂന്നാം നിലയിലെ മേക്കപ്പ് റൂമിനുള്ളിലാണ് ഒളിച്ചിരുന്നത്. ഇവരെ കണ്ടപ്പോള്‍ ഷാരൂഖ് ഞെട്ടിയെന്നും പോലീസ് പറയുന്നു. രാവിലെ മൂന്ന് മണിയ്ക്ക് അകത്ത് കടന്ന ഇവരെ പിറ്റേന്ന് രാവിലെ 10.30നാണ് പിടികൂടിയത്. ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിയ്ക്ക് രണ്ട് പേര്‍ വീട്ടില്‍ കടന്നതായി സുരക്ഷാ ജീവനക്കാരന്‍ വിളിച്ച് അറിയിച്ചതായി ഷാരൂഖിന്റെ മാനേജര്‍ കോളിന്‍ ഡിസൂസ പോലീസിനോട് പറഞ്ഞു. ഹൗസ് കീപ്പിംഗ് ജീവനക്കാരനായ സതീഷാണ് അതിക്രമിച്ച് കയറിയവരെ കണ്ടെത്തിയത് എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. സതീഷ് പ്രതികളെ മേക്കപ്പ് റൂമില്‍ നിന്ന് ലോബിയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അപരിചിതരെ കണ്ട ഷാരൂഖ് ഞെട്ടിയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. പീന്നിട് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ ബാന്ദ്ര പോലീസിന് കൈമാറിയത്. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് പിടിയിലായവര്‍ക്ക് 20നും 22നും ഇടയിലാണ് പ്രായം. പ്രതികള്‍ക്കെതിരെ അതിക്രമിച്ച് കയറിയതിനടക്കം കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.


 

Latest News