യുപിഐ പേയ്‌മെന്റ് പ്രവര്‍ത്തിക്കാത്തതിന്  പെട്രോള്‍ പമ്പ് ജീവനക്കാരനെ അടിച്ചു കൊന്നു 

ഹൈദരാബാദ്- പണം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മര്‍ദനമേറ്റ് മരിച്ചു. ഹൈദരാബാദിലെ നര്‍സിംഗില്‍ പത്തൊമ്പതുകാരനായ സഞ്ജയ് എന്നയാളാണ് മരിച്ചത്. കാര്‍ യാത്രക്കാരായ മൂന്നുപേരാണ് പ്രതികള്‍.
കാറില്‍ ഇന്ധനം നിറച്ച ശേഷം പണം ഓണ്‍ലൈനായി നല്‍കാമെന്ന് യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ യുപിഐ പേയ്‌മെന്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന് സഞ്ജയ് പറഞ്ഞതാണ് തര്‍ക്കത്തിനിടയാക്കിയത്. തുടര്‍ന്ന് കാര്‍ യാത്രക്കാരായ മൂന്ന് പേരും ഇയാളെ ക്രൂരമായി മര്‍ദിച്ചു. ഇവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും മര്‍ദനം തുടര്‍ന്നു. ഒടുവില്‍ സഞ്ജയ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ പ്രതികളായ മൂന്നുപേരുംസംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് നര്‍സിംഗി സിഐ ശിവകുമാര്‍ പറഞ്ഞു. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാലുടന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
 

Latest News